2020, ജനുവരി 2, വ്യാഴാഴ്‌ച

ദുഃഖത്തിൽ ആകുന്നവരോട് സ്നേഹം തോന്നുന്നത് എന്ത് കൊണ്ട് ? ഓഷോ


നിങ്ങളെപ്പോഴെങ്കിലും ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? - ആരെങ്കിലും ദുഃഖത്തിലാവുമ്പോൾ നിങ്ങളയാളുടെ നേരെ സഹതാപം പ്രകടിപ്പിക്കും. നിങ്ങൾക്കയാളോട് വളരെയധികം സ്നേഹം അനുഭവപ്പെടും. ഇത് ശരിയായ തരത്തിലുള്ള സ്നേഹമല്ല. അതേസമയം ആരെങ്കിലും സന്തോഷത്തിലാണെങ്കിൽ അയാൾ ആഘോഷിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, നിങ്ങൾക്കയാളോട് അസൂയ തോന്നും, നിങ്ങൾക്കത് ഇഷ്ടപ്പെടുകയില്ല. സന്തോഷവാനായ ഒരുവനോട് സ്നേഹം കാണിക്കാൻ ഒരല്പം ബുദ്ധിമുട്ടാണ്. എന്നാൽ ആരെങ്കിലും ദുഃഖിതനായിത്തീരുമ്പോൾ നിങ്ങൾക്കത് നന്നായിതോന്നും. ചുരുങ്ങിയപക്ഷം നിങ്ങളത്രയ്ക്ക് ദുഃഖിതനല്ല എന്ന് നിങ്ങൾക്ക് ചിന്തിക്കുവാനെങ്കിലും കഴിയും. ആ കാര്യത്തിൽ മേല്ക്കൈ നിങ്ങൾക്കാണ്. അതിനാൽ നിങ്ങൾ സഹതാപം പ്രകടിപ്പിക്കും.

.

ഒരു കുഞ്ഞ് ജനിക്കുന്നു. ക്രമേണ അവൻ കാര്യങ്ങൾ മനസിലാക്കുവാൻ തുടങ്ങുന്നു. താൻ ദുഃഖിതനാവുമ്പോഴാണ് തനിക്ക് മുഴുവൻ കുടുംബത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റാൻ കഴിയുന്നതെന്ന് പതുക്കെ പതുക്കെ അവൻ കണ്ടുപിടിക്കും. അപ്പോൾ അവൻ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിത്തീരും. എല്ലാവർക്കും അവനോട് സഹതാപം തോന്നും, എല്ലാവർക്കും അവനോട് സ്നേഹം തോന്നും.എന്നാൽ അവൻ സന്തോഷവാനും, രോഗമില്ലാത്തവനുമാകുമ്പോൾ, ഒരു കുട്ടി സന്തോഷംകൊണ്ട് തുള്ളിച്ചാടിക്കൊണ്ടിരിക്കുമ്പോൾ, മുഴുവൻ കുടുംബവും അവനെതിരെ അണിനിരക്കും. ഇതിൽനിന്ന് കുട്ടി ഒരു പാഠം പഠിക്കും. ഏതെങ്കിലും വിധത്തിൽ ദുഖിതനാവുകയാണെങ്കിൽ, അല്ലെങ്കിൽ ഒരു രോഗിയാവുകയാണെങ് കിൽ, അത് നല്ലതാണ് എന്നും, എന്നാൽ സന്തോഷവാനായി, ഉണർച്ചയോടെ, നൃത്തംവച്ചുകൊണ്ടും തുള്ളിച്ചാടിക്കൊണ്ടും ഇരിക്കുകയാണെങ്കിൽ, അത് ചീത്തയാണ് എന്നും കുട്ടി മനസിലാക്കും. അവൻ പഠിച്ചുകൊണ്ടിരിക്കുകയാണ്... ഇങ്ങനെയാണ് നിങ്ങൾ പഠിച്ചിട്ടുള്ളതും.

.

ഒരു കുട്ടി സന്തോഷവാനായി തുള്ളിച്ചാടിക്കൊണ്ടിരിക്കുമ്പോൾ മുഴുവൻ കുടുംബവും അവനോട് ചേരണം, അവന്റെ സന്തോഷത്തിൽ പങ്കുചേരണം. ഒരു കുട്ടി രോഗബാധിതനായിത്തീരുമ്പോൾ ആ കുട്ടിയുടെ കാര്യത്തിൽ നിങ്ങൾ ശ്രദ്ധയുള്ളവനാകണം. എന്നാൽ അവനോട് യാതൊരു സഹതാപവും കാട്ടരുത്. ശ്രദ്ധിക്കുന്നത് ശരിയാണ്, എന്നാൽ സഹതപിക്കുന്നത് തെറ്റാണ്. നിങ്ങൾ ചെയ്യേണ്ടത് ഇതാണ്. അവനെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുക. അവന് വേണ്ട മരുന്നുകൾ നല്കുക. എന്നാൽ നിസ്സംഗത പുലർത്തുക. കാരണം അതിസൂഷ്മമായൊരു പ്രതിഭാസം അവിടെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളവന്റെ നേരെ സഹതാപവും, സ്നേഹവും പ്രകടിപ്പിക്കുകയാണെങ്കിൽ, നിങ്ങളാ കുട്ടിയെ എന്നെന്നേക്കുമായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴവൻ ദുഃഖത്തോട് പറ്റിപ്പിടിക്കും. ദുഃഖം വിലപിടിച്ചതായിത്തീരും. എന്നാൽ സന്തോഷംകൊണ്ട് അവൻ ചാടിത്തുള്ളൂമ്പോൾ, ഉറക്കെ ശബ്ദമുണ്ടാക്കിക്കൊണ്ട് വീടിനുചുറ്റും ഓടിനടക്കുമ്പോൾ അവനോടൊപ്പം ആഘോഷിക്കുക, അവനോടൊപ്പം നിൽക്കുക. എങ്കിൽ കാര്യങ്ങൾ മുഴുവൻ വ്യത്യസ്തമായിത്തീരും.

.

എന്നാൽ തങ്ങളുടെ കുട്ടികളോടൊപ്പം നൃത്തംവച്ചുകൊണ്ടിരിക്കുന്ന അവരോടൊപ്പം കളിച്ചുകൊണ്ട്, ഓരോ നിമിഷവും ആസ്വദിച്ചുകൊണ്ടിരിക്കുന്ന അമ്മമാരെ എവിടെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? അമ്മമാർ ഗൗരവത്തിലാണ്, അച്ഛൻമാർ അവരേക്കാൾ ഗൗരവത്തിലാണ്. മുഴുവൻ ലോകത്തെയും അവർ തങ്ങളുടെ ചുമലിൽ കൊണ്ടുനടക്കുകയാണ്. ജീവിതത്തോടുള്ള നിങ്ങളുടെ ദുഃഖം നിറഞ്ഞ മാനസികാവസ്ഥയിലേക്ക് കടന്നുവരുവാൻ നിങ്ങളവനെ നിർബന്ധിച്ചു കൊണ്ടിരിക്കുകയാണ്. ഒരു കുട്ടി എന്ന നിലയ്ക്ക് വളരുവാൻ അവന് കഴിയുമായിരുന്നു. അത്ഭുതങ്ങളുടെയും വിസ്മയങ്ങളുടെയും ലോകത്തിൽ വിഹരിച്ചുകൊണ്ട് വളർന്നുവരുവാൻ അവന് കഴിയുമായിരുന്നു. വർത്തമാനകാലത്തിൽ നിലനില്ക്കുവാനുള്ള കഴിവിനെ വളർത്തിക്കൊണ്ടു വരാൻ അവന് കഴിയുമായിരുന്നു.

.

ഇതിനെയാണ് യഥാർത്ഥ വിപ്ലവം എന്ന് ഞാൻ വിളിക്കുന്നത്. മറ്റു വിപ്ലവങ്ങളൊന്നും തന്നെ മനുഷ്യനെ സഹായിക്കുവാൻ പോകുന്നില്ല. അത് ഫ്രഞ്ച് വിപ്ലവമായാലും ശരി, റഷ്യൻ വിപ്ലവമായാലും ശരി, അമേരിക്കൻ വിപ്ലവമായാലും ശരി, ചൈനീസ് വിപ്ലവമായാലും ശരി, അവയൊന്നും മനുഷ്യനെ സഹായിച്ചിട്ടുമില്ല. അടിസ്ഥാനപരമായ വിപ്ലവം മാതാപിതാക്കളും കുട്ടിയും തമ്മിലാണ്. മാതാപിതാക്കൾക്കും കുട്ടിക്കുമിടയി ലെവിടെയോ ആണ് ആ കണ്ണിയുള്ളത്. ആ ബന്ധത്തിന് മാറ്റം വരുന്നില്ലായെങ്കിൽ, ലോകം ഇതേ ചക്രത്തിൽ തന്നെ കിടന്നു തിരിഞ്ഞുകൊണ്ടേയിരിക്കും.

ഓഷോ

1 അഭിപ്രായം:

  1. আমি আপনার ধ্রুবক পোস্টগুলির গুণমান দ্বারা সত্যই অবাক হয়েছি You আপনি সত্যই একজন প্রতিভা, আমি এই জাতীয় ব্লগের নিয়মিত পাঠক হতে পেরে নিজেকে অনেক ধন্যবাদ বলে ধন্যবাদ জানাই..আমি সত্যিই আপনার সাইটের নকশা এবং বিন্যাস উপভোগ করছি। এটি চোখে দেখতে খুব সহজ যা আমার এখানে আসতে এবং প্রায়শই ঘন ঘন দেখা করতে অনেক বেশি আনন্দদায়ক করে তোলে। আপনি কি আপনার থিমটি তৈরি করতে ডিজাইনার নিয়োগ দিয়েছেন? চমৎকার কাজ!
    Onlinekaj.com
    ভিটমেট plz sir Don't delate my comment, It’s dependent my future Thank you Mobile price bd

    മറുപടിഇല്ലാതാക്കൂ