2020, ജനുവരി 22, ബുധനാഴ്‌ച

ഒരു പൂജാരിയുടെ കഥ


ലഭിച്ചിട്ടുള്ളതില്‍ തൃപ്തിയില്ലായ്മ മൂലം ജീവിതം ദുരിതപൂര്‍ണമായ ഒരു പൂജാരിയുടെ കഥ

എവിടെയാണ് സന്തോഷം

ഒരു പൂജാരി ഭാര്യയും തങ്ങളുടെ അഞ്ചു കുട്ടികളുമൊത്ത് ഒരു വീട്ടില്‍ കഴിഞ്ഞിരുന്നു. തങ്ങളുടെ വീട് ചെറുതാണെന്നും എല്ലാവര്‍ക്കും കൂടി അവിടെ കഴിയാന്‍ ബുദ്ധിമുട്ടാണെന്നുമൊക്കെ ഭാര്യ കൂടെക്കൂടെ പരാതി പറഞ്ഞിരുന്നു. "നോക്ക് ഈ വീട്ടില്‍ എന്തെങ്കിലുമൊരു സന്തോഷമുണ്ടോ? നിന്നു തിരിയാന്‍ പോലും സ്ഥലമില്ല. ദാ അപ്പുറത്തെ കിട്ടുണ്ണിയെ നോക്കിക്കെ. അതുപോലെ നമുക്ക് കുറേക്കൂടി വലിയൊരു വീടു വാങ്ങാം."

പക്ഷേ കൂടുതല്‍ വലിയ വീടു വാങ്ങാനുള്ള പണമില്ലാത്തതുകൊണ്ട് ഭാര്യയുടെ പരാതി കേട്ട്, എല്ലാം സഹിച്ച് പൂജാരി കഴിഞ്ഞു. അയാള്‍ പറയും:

"ഉള്ളതുകൊണ്ട് തൃപ്തിയായി കഴിയാന്‍ പഠിക്കണം. അതിന് അനാവശ്യചിന്തകളില്‍ നിന്ന് മനസ്സിനെ പിന്തിരിപ്പിച്ച് ജീവിക്കാന്‍ പഠിക്കണം. ഉള്ളതുകൊണ്ട് സന്തുഷ്ടമായ ജീവിതത്തെക്കുറിച്ച് നീ ചിന്തിക്കാത്തതെന്ത്?"

അവരുടെ വഴക്ക് അങ്ങനെ തുടര്‍ന്നു പോയി.

അങ്ങനെയിരിക്കെ ഒരു ദിവസം അവര്‍ മലമുകളിലുള്ള പണ്ഡിതനായ ഗുരുവിനെ കാണാന്‍ ചെന്നു. പൂജാരിയുടെ ഭാര്യയുടെ മുഖത്തെ അസംതൃപ്തി ഗുരു ശ്രദ്ധിച്ചു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍, അദ്ദേഹം കാരണമാരാഞ്ഞു. തങ്ങളുടെ വീട്ടിലെ സ്ഥലസൗകര്യക്കുറവിനെക്കുറിച്ച് പൂജാരി വിവരിച്ചു. അപ്പോള്‍ ഗുരു പറഞ്ഞു.

"സാരമില്ല. ഞാന്‍ പറയുന്നതുപോലെ ഒരു മാസം പ്രവര്‍ത്തിക്കാന്‍ തയാറാണെങ്കില്‍ ഈ പ്രശ്നം ഞാന്‍ പരിഹരിച്ചു തരാം."

പൂജാരിയും ഭാര്യയും സമ്മതിച്ചു. "എങ്കില്‍ പോയി ഒരു പശുവിനെ വാങ്ങി നിങ്ങളുടെ വീടിനകത്ത് കെട്ടിയിട്ട് പുല്ലും വൈക്കോലും കൊടുത്ത് വളര്‍ത്ത്. എല്ലാം ശരിയാകും" ഗുരു നിര്‍ദ്ദേശിച്ചു.

പൂജാരി പശുവിനെ വീടിനകത്തു കെട്ടിയിട്ടു. അന്നു രാത്രി പശുവിന്‍റെ കരച്ചിലും തട്ടുമുട്ടുമൊക്കെയായി ആകെ ബഹളം. പൂജാരിക്കും ഭാര്യക്കും അവരുടെ മക്കള്‍ക്കും കിടന്നുറങ്ങാന്‍ കഴിഞ്ഞില്ല. പക്ഷേ ഗുരു പറഞ്ഞതാണല്ലോ എന്നു വിചാരിച്ച് എല്ലാം സഹിച്ചു. അങ്ങനെ ഒരു മാസം കടന്നുപോയി.

ഒരു മാസം കഴിഞ്ഞ് പൂജാരിയും ഭാര്യയും വീണ്ടും മലമുകളിലെ ഗുരുവിനെ കാണാന്‍ പോയി. അദ്ദേഹത്തോട് തങ്ങളുടെ ദുരിതത്തെക്കുറിച്ചു പറഞ്ഞു. അതിനു മറുപടിയായി ഗുരു പറഞ്ഞു. "സാരമില്ല. പോയി ഒരു പട്ടിയെക്കൂടി വാങ്ങി അതിനെയും വീടിനകത്തു കെട്ടിയിട്ട് വളര്‍ത്തൂ. ഒരു മാസം കൊണ്ട് എല്ലാം ശരിയാകും."

ഗുരു പറഞ്ഞതുപോലെ പൂജാരിയും ഭാര്യയും ചെയ്തു. പശുവിനോടൊപ്പം പട്ടിയും വന്നപ്പോള്‍ വീട്ടിനുള്ളില്‍ കൂടുതല്‍ ബഹളമായി. പക്ഷേ ഗുരു പറഞ്ഞതോര്‍ത്ത് അവര്‍ എല്ലാം സഹിച്ചു. ഒരു മാസം കഴിഞ്ഞ് അവര്‍ മലമുകളിലേക്കു പോയി. ഗുരുവിനെ കണ്ടു. പൂജാരിയും ഭാര്യയും തങ്ങളുടെ വര്‍ദ്ധിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞു. സാരമില്ല. എല്ലാം മാറിക്കൊള്ളുമെന്ന് ഗുരു പറഞ്ഞു. ڇഒരു കാര്യം ചെയ്യൂ. ഒരു പന്നിയെ കൂടി വാങ്ങി വീട്ടിനുള്ളിലിട്ട് വളര്‍ത്തൂ. എല്ലാം ശരിയാകും." ഗുരു പറഞ്ഞതല്ലേ, അനുസരിക്കുക തന്നെ എന്നു വിചാരിച്ച് പൂജാരിയും ഭാര്യയും ഒരു പന്നിയെ കൂടി വാങ്ങി പശുവിന്‍റെയും പട്ടിയുടെയും ഒപ്പമിട്ട് വളര്‍ത്താന്‍ തുടങ്ങി. മൂന്നു മൃഗങ്ങളും കൂടിയായപ്പോള്‍ ബഹളം നൂറിരട്ടിയായി. അവര്‍ പൊറുതി മുട്ടി.

ഒരു മാസം കഴിഞ്ഞ് അവര്‍ വീണ്ടും ഗുരുവിനെ കാണാന്‍ പോയി. കഴിഞ്ഞ മൂന്നു മാസമായി തങ്ങളനുഭവിക്കുന്ന അസ്വസ്ഥതകള്‍ പൂജാരി വിവരിച്ചു. അപ്പോള്‍ ഗുരു പറഞ്ഞു.

"ഒരു കാര്യം ചെയ്യൂ, ആ മൂന്നു മൃഗങ്ങളെയും വീട്ടിനുള്ളില്‍ നിന്ന് അഴിച്ചുമാറ്റി പുറത്തെവിടെയെങ്കിലും കൊണ്ടുപോയി കെട്ടിയിട്ട് വളര്‍ത്ത്."

പൂജാരി മൃഗങ്ങളെ വീട്ടിനുള്ളില്‍ നിന്നും പുറത്തു കൊണ്ടുപോയി. അതോടെ വീട്ടിനുള്ളിലെ ബഹളവും തീര്‍ന്നു. ഇപ്പോള്‍ എന്തൊരാശ്വാസം! വീടിന് എന്തൊരു സ്ഥലസൗകര്യം. ഈശ്വരാ, തങ്ങള്‍ക്കു ജീവിക്കാന്‍ ഈ വീടു തന്നെ ധാരാളം! പൂജാരിയും ഭാര്യയും സന്തോഷത്തോടെ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ