2020, ജനുവരി 16, വ്യാഴാഴ്‌ച

മതങ്ങൾ -ഓഷോ


മതങ്ങൾ - എല്ലാ മതങ്ങളും സ്വാഭാവികതയ്‌ക്കെതിരാണ്. എന്തുകൊണ്ടാണ് അവ സ്വാഭാവികതയ്‌ക്കെതിരാകുന്നത്? അതിന്റെ പിന്നിൽ വളരെ മനഃശാസ്ത്രപരമായ ഒരു തന്ത്രമുണ്ട്, ആ തന്ത്രം ഇതാണ് : നിങ്ങളുടെ പ്രകൃതിക്കെതിരെ നിങ്ങളെ ചിട്ടപ്പെടുത്തിയാൽ നിങ്ങൾ ദുഃഖപൂർണമായ ഒരു ജീവിതമാണ് നയിക്കുക, നിങ്ങൾ ഉത്കണ്ഠയിലും വൈകൃതത്തിലും കുറ്റബോധത്തിലും വ്യഥയിലും ജീവിക്കുന്നു. നിങ്ങളുടെ പ്രകൃതിക്കെതിരെ നിങ്ങളെ ചിട്ടപ്പെടുത്തിയാൽ മാത്രമേ ഈ പ്രതിഭാസം മുഴുവൻ സൃഷ്ടിക്കാൻ കഴിയൂ. നിങ്ങൾ പ്രകൃത്യാനുസാരി ആണെങ്കിൽ എല്ലാ പക്ഷികളും വൃക്ഷങ്ങളും മൃഗങ്ങളും ആനന്ദവാന്മാരായിരിക്കുന്നതുപോലെ നിങ്ങളും ആനന്ദഭരിതരായിരിക്കും. അവ ദൈവത്തെ ആരാധിക്കുന്നില്ല, ഒരു പള്ളിയിലും പോകുന്നില്ല. അവയ്ക്ക് ഒരു ദൈവശാസ്ത്രവുമില്ല, ഒരു കുറ്റബോധവുമില്ല.

മനുഷ്യനെ അവന്റെ പ്രകൃതിയ്ക്ക് എതിരാക്കിമാറ്റിയാൽ മാത്രമേ അവനെ ദൈവാഭിമുഖ്യമുള്ളവനാക്കിത്തീർക്കാൻ കഴിയൂ എന്നുള്ളത് മാനവചരിത്രത്തിന്റെ ആദിമദശയിൽത്തന്നെ പുരോഹിതന്മാർ കണ്ടെത്തി. ഒരുവൻ അവന്റെ സഹജപ്രകൃതിക്കെതിരായാൽ അവൻ വിഘടിത വ്യക്തിത്വമുള്ളവനായ് തീരുന്നു. നിങ്ങളുടെ സത്ത മുഴുവനും പ്രകൃതിയുടെ ഭാഗമാണ്, മനസ്സിനെ മാത്രമേ ചിട്ടപ്പെടുത്താനാവൂ, ശരീരത്തിനെ സാധ്യമല്ല.

നിങ്ങൾ ബ്രഹ്മചര്യവ്രതം എടുത്തേക്കാം. എന്നാൽ അത് നിങ്ങളുടെ ജൈവഘടനയെ മാറ്റുന്നില്ല. അത് നിങ്ങളുടെ ശരീരഘടനയെ മാറ്റുന്നില്ല. അത് ഒരു മാനസിക സങ്കല്പനം മാത്രമാണ്, കേവലം വാക്കുകൾ.... നിങ്ങളുടെ രക്തം ലൈംഗികോർജ്ജത്തെ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. നിങ്ങളുടെ ശരീരം ഹോർമോണുകളെ ഉല്പാദിപ്പിച്ചുകൊണ്ടേയിരിക്കും. നിങ്ങളുടെ ശരീരത്തിന് ചില ആവശ്യങ്ങളുണ്ട്. സ്വാഭാവികമായും അതിന് ഭക്ഷണം വേണം, അതിന് പോഷണം വേണം, അതിന് പ്രണയം വേണം. പ്രണയവും ഒരു പോഷണമാണ്.

പ്രകൃതിയ്ക്ക് എതിരാകുവാൻ മതങ്ങൾ നിരന്തരം പഠിപ്പിച്ചുപഠിപ്പിച്ചു മനുഷ്യരാശി മുഴുവൻ ഉൾവലിഞ്ഞിരിക്കുന്നു. പ്രകൃതിയ്‌ക്കെതിരാകാൻ നിങ്ങൾക്ക് സാധ്യമല്ല. അതുകൊണ്ട് നിങ്ങൾക്കാകെ ചെയ്യാൻ കഴിയുന്നത് ഇരട്ട വ്യക്തിത്വമായിത്തീരുക മാത്രമാണ്. വീടിന്റെ മുൻവാതിലിൽ നിങ്ങൾ ക്രിസ്ത്യാനിയാണ്, ഹിന്ദുവാണ്, മുഹമ്മദീയനാണ്. ആളുകളെ ഒരു മുഖംമൂടി, ഒരു കപടമുഖം കാട്ടുകയാണ് നിങ്ങൾ. പിൻവാതിലിൽ നിങ്ങൾ സ്വഭാവികനാണ്. അതുകൊണ്ട് സ്വന്തം ഹൃദയത്തിൽ ഒരു സമരം നടക്കുന്നതായി നിങ്ങൾക്ക് തോന്നിത്തുടങ്ങുന്നു.

ഈ സമരമാണ് പുരോഹിതന്മാർക്ക് നിങ്ങളെ ചൂഷണം ചെയ്യാനുള്ള അടിത്തറ. കാരണം നിങ്ങൾ അത്രമേൽ ദുഖിതനാണ്.

അതുകൊണ്ട് മതങ്ങൾ ആദ്യമായി ഉത്ക്കണ്ഠ സൃഷ്ടിക്കുന്നു, ദുഃഖം, വേദന, യാതന. നിങ്ങളുടെ മനസ്സിനെ പ്രകൃതിയ്‌ക്കെതിരായി മാറ്റിക്കൊണ്ടാണ് അവരത് സൃഷ്ടിക്കുന്നത് - അതാണ് ഏറ്റവും ലളിതമായ മാർഗവും. കേവലം പ്രകൃതിയ്ക്ക് എതിരാവുക, നിങ്ങൾ അതീവ ദുഖിതനായിത്തീരും. പുരോഹിതന്മാരാകട്ടെ ദുഃഖത്തിൽനിന്ന് പുറത്ത് കടക്കാനുള്ള വഴി തങ്ങൾക്ക് അറിയാമെന്ന് മേനി നടിക്കുകയാണ് : പ്രാർത്ഥന " ദൈവത്തിൽ വിശ്വസിക്കുകയാണെങ്കിൽ ദൈവം നിങ്ങളെ കാത്തുകൊള്ളും " - ഇതാണ് എല്ലാ മതങ്ങളുടെയും തന്ത്രം. ആദ്യം ദുഖവും വേദനയും കുറ്റബോധവും സൃഷ്ടിക്കുക. അപ്പോൾ ആളുകൾ പുരോഹിതന്മാരുടെ അടുത്ത് പോകാതിരിക്കില്ല. എല്ലാ പുരോഹിതന്മാരും നൂറ്റാണ്ടുകളായി തങ്ങളുടെ വിശുദ്ധഗ്രന്ഥങ്ങൾ അവരുടെ കുത്തകയാക്കി വെച്ചിരിക്കുകയാണ്. അവ വിശുദ്ധങ്ങളേയല്ല എന്നത് മറ്റൊരു കാര്യം.

അസ്വാഭാവികനായ മനുഷ്യനാണ് രോഗാതുരനായിരിക്കുന്നത്. അപ്പോൾ അയാൾ പുരോഹിതരാൽ ചൂഷണം ചെയ്യപെടാതിരിക്കില്ല. പുരോഹിതന്മാർ മാനവരാശിക്ക് ഒരു സംഭാവനയും നൽകിയിട്ടില്ല. അവർ ചൂഷണം മാത്രമാണ് ചെയ്തിട്ടുള്ളത്. അസ്തിത്വത്തിലെ ഏറ്റവും വലിയ പരാന്നഭോജികളാണ് അവർ.

എല്ലാം പ്രകൃതിക്ക് ഇണങ്ങും വിധമായാൽ മനുഷ്യന് നൂറ്റമ്പതു വർഷം വരെ ആരാഗ്യത്തോടെ ജീവിച്ചിരിക്കാനുള്ള കഴിവുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എല്ലാ മതങ്ങളും അടിച്ചേൽപ്പിക്കുന്ന ജീവിതത്തിന്റെ പ്രകൃതിവിരുദ്ധത ജനങ്ങളുടെ ജീവിതത്തെ ദുഃഖപൂർണമാക്കുക മാത്രമല്ല അവരുടെ ആയുസ് നൂറ്റമ്പതിൽ നിന്ന് എഴുപത്തഞ്ചായി ചുരുക്കുകയും ചെയ്യുന്നു.

നിങ്ങളെക്കാൾ മഹത്തരമായി യാതൊന്നുമില്ല. നിങ്ങൾ പാപികളാണെന്നും, ദൈവം മഹാനും നിങ്ങൾ ഭൂമിയിൽ ഇഴഞ്ഞുകൊണ്ടിരിക്കുന്ന വെറും കൃമികളാണെന്നുമാണ് നിങ്ങളുടെ മതങ്ങൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. മതങ്ങൾ നിങ്ങൾക്ക് ഒരു അപകർഷതാബോധം തന്നിരിക്കുന്നു. ആ അപകർഷതാബോധം എപ്പോഴും തന്നെക്കാൾ മഹാനായ മറ്റാരെയോ തേടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അതൊരു സ്വാഭാവികമായ കാര്യമല്ല. അതവിടെ നട്ടുപിടിപ്പിച്ചതാണ്, ചിട്ടപ്പെടുത്തലിലൂടെ, അനുശീലനത്തിലൂടെ. നിങ്ങൾ മനുഷ്യരിലും താണ ഒരു ജീവിവർഗമായി തരംതാഴ്ത്തപ്പെട്ടിരിക്കുന്നു, നിങ്ങളിലെ ആത്മാഭിമാനം, അന്തസ്, മാന്യത എടുത്ത് മാറ്റപ്പെട്ടിരിക്കുന്നു. അതുകൊണ്ട് സ്വാഭാവികമായും കൂടുതൽ മഹത്വമുള്ള ആരെങ്കിലും ഉണ്ടായിരിക്കണമെന്ന് നിങ്ങൾ ഊഹിക്കുന്നു.

സമ്പൂർണമായി ജീവിക്കുക, സ്വാഭാവികമായി ജീവിക്കുക. അപ്പോൾ നിങ്ങൾക്ക് ഒരു മതവുമുണ്ടാകുകയില്ല, അപ്പോൾ നിങ്ങൾക്ക് ഒരു പുരോഹിതനും ഉണ്ടാവുകയില്ല, ദൈവം ഉണ്ടായിരിക്കുകയില്ല. അപ്പോൾ നിങ്ങളെ ചൂഷണം ചെയ്യാൻ, നിങ്ങളുടെ ധീഷണയെ, നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കാനും, നിങ്ങളെ രോഗിയാക്കാനും, വിഷാദവാനാക്കുവാനും ആരും ഉണ്ടായിരിക്കുകയില്ല

ജീവിതമെന്ന കല ലളിതമാണ്. പ്രകൃത്യാനുസാരിയായി വർത്തിക്കുക. യേശുക്രിസ്തുവിനെയോ, മഹാവീരനെയോ, മുഹമ്മദിനെയോക്കുറിച്ചു ഗൗനിക്കാതിരിക്കുക. ആരെക്കുറിച്ചും ഒട്ടും ഗൗനിക്കാതിരിക്കുക. അവർ അവരുടെ ജീവിതം ജീവിച്ചു. നമ്മൾ നമ്മുടെ ജീവിതം ജീവിക്കുക.

ഓഷോ..... ഓഷോ ..... ഓഷോ ( പുസ്തകം : ദൈവം മരിച്ചു )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ