ഇന്ത്യയിൽ രണ്ടു പാരമ്പര്യങ്ങളുണ്ട്. ഒന്ന് വേദങ്ങളുടെ പാരമ്പര്യം, മറ്റേത് തന്ത്രയുടെ പാരമ്പര്യം. വേദങ്ങൾ കൂടുതൽ ഔപചാരികമാണ്, അനുഷ്ഠാനപരമാണ്. വേദപാരമ്പര്യം കൂടുതൽ സംഘടനാപരവും, സാമൂഹികവുമാകുന്നു. തന്ത്രാ കൂടുതൽ വ്യക്തിഗതമാണ് -അത് അനുഷ്ഠാനപരമായോ, രൂപപരമായോ, ശീലപരമോ ആയ കാര്യങ്ങളിൽ അത്രയേറെ താൽപരമല്ല. അതിന് സത്താപരമായ പരിഗണനയാണ് ഏറെ ; അതിന്റെ പരിഗണന രൂപപരമായി കുറവും, ആത്മീയമായി കൂടുതലുമാണ്.
വേദങ്ങൾ എല്ലാറ്റിനെയും ഉൾകൊള്ളുന്നതല്ല, പലതും ഒഴിവാക്കപ്പെടുന്നു ; അത് ഏറെ സദാചാരപരമാണ് -പ്യൂരിട്ടൺ. തന്ത്ര എല്ലാറ്റിനെയും ഉൾകൊള്ളുന്നതും, കൂടുതൽ മാനവീയവും, കൂടുതൽ ഭൗമികവുമാകുന്നു. അത് പ്യൂരിട്ടൺ അല്ല. തന്ത്രാ പറയുന്നത്, എല്ലാ കാര്യങ്ങളെയും പ്രയോജനപ്പെടുത്തേണ്ടതുണ്ട്, യാതൊന്നും നിരാകരിക്കപ്പെടരുത് എന്നാണ്.
ബൗളുകൾ വേദങ്ങളെക്കാളേറെ, തന്ത്രായിൽ ഉൾപ്പെടുന്നവരാണ്. തന്ത്ര എല്ലാറ്റിനെയും ഉൾകൊള്ളുന്നു. അത് പൗരുഷത്തെക്കാളേറെ സ്ത്രൈണമാണ് ; വേദങ്ങൾ കൂടുതൽ പുരുഷസംബന്ധിയാണ്. എന്നാൽ, തന്ത്രാ സ്ത്രൈണമാകുന്നു. തീർച്ചയായും അത് പുരുഷനെക്കാളേറെ സ്ത്രീയെ ഉൾകൊള്ളുന്നു. പുരുഷനെന്ന് പറയുമ്പോൾ അത് സ്ത്രീയിലുൾപ്പെടുന്നു ;എന്നാൽ പുരുഷനിൽ സ്ത്രീ ഉൾപ്പെടുന്നില്ല. പുരുഷൻ എന്നത് ഒരുതരം പ്രത്യേക വൈദഗ്ധ്യപരിശീലനമാണെന്ന് തോന്നുന്നു. സ്ത്രീ കൂടുതൽ സാമാന്യവും, കൂടുതൽ ഒഴുക്കുള്ളതും, കൂടുതൽ വക്രവുമായി കാണപ്പെടുന്നു. തന്ത്രാ സ്ത്രൈണതയുടെ പാതയാകുന്നു, താവോ പോലെ തന്നെ.
എന്നാൽ, ബൗളുകൾ തന്ത്രായിൽ നിന്നും ഒന്നുകൂടി മുന്നോട്ട് പോയിരിക്കുന്നു. തന്ത്രാ ഏറെ സാങ്കേതികമാണ്. തന്ത്രാ എന്ന വാക്കിന്റെ അർത്ഥം സങ്കേതം എന്നാണ്. അത് അല്പം പരുക്കാനാണ്, കൂടുതൽ ശാസ്ത്രീയം. ബൗളുകൾ കൂടുതൽ കാവ്യാത്മകമാണ് ; അവർ കുറേക്കൂടി മൃദുലമാണ് -ഗായകരും നർത്തകരും.
തന്ത്രാ, സെക്സിൽ നിന്ന് ഉയരത്തിലേക്ക് നീങ്ങുന്നതിനായിട്ടാണ് അതിനെ പ്രയോജനപ്പെടുത്തുന്നത് ;എങ്കിലും അവരതിനെ ഉപയോഗിക്കുന്നു. ലൈംഗികത ഉപകാരണമായിത്തീരുന്നു. ബൗളുകൾ പറയുന്നു അതിൽ വലിയ ആദരവില്ലായെന്ന് : ഏതെങ്കിലും ഊർജ്ജത്തെ നിങ്ങൾക്കെങ്ങനെ ഉപയോഗപ്പെടുത്താൻ കഴിയും? ഊർജ്ജത്തെ ഒരു മാർഗ്ഗമാക്കുന്നതെങ്ങനെ? ബൗളുകൾ സെക്സിനെ മാർഗ്ഗമായി ഉപയോഗിക്കുന്നില്ല. അവരത് ആസ്വദിക്കുന്നു. അതിൽ അഭിരമിക്കുന്നു. അവരതിനെ ഒരു ആരാധനയാക്കി മാറ്റുന്നു, പക്ഷെ ഒരു സങ്കേതമാക്കുന്നില്ല. അത് സാങ്കേതികമല്ല അവരത് ഇഷ്ട്ടപ്പെടുന്നു, അങ്ങനെ പ്രേമത്തിലൂടെ സ്വമേധയാ ആ പരിവർത്തനം സംഭവിക്കുന്നു.
തന്ത്രായിൽ നിങ്ങൾ നിസംഗനായി നിലകൊള്ളണം. സമാധിയിലേക്ക് നീങ്ങുന്നതിനുള്ള ഒരു മാർഗ്ഗമായി ഉപയോഗിക്കപ്പെടുമ്പോൾ ഒരാൾ ലൈംഗികതയോട് നിസംഗനായി നിലകൊള്ളണം. തികച്ചും നിഷ്പക്ഷനായി, ഒരു തികഞ്ഞ നിരീക്ഷകനായി, സാക്ഷിയായി, ഒരു പരീക്ഷണശാലയിൽ പ്രവൃത്തിക്കുന്ന ഒരു ശാസ്ത്രജ്ഞനെന്നപോലെ വർത്തിക്കണം. വാസ്തവത്തിൽ താന്ത്രികർ പറയുന്നത്, "നിങ്ങൾ സ്നേഹിക്കുന്ന സ്ത്രീയോടൊപ്പം തന്ത്രാസങ്കേതങ്ങൾ പ്രാവർത്തികമാക്കാൻ കഴിയുകയില്ല, കാരണം പ്രേമം ഒരു അലോസരമായിരിക്കും " എന്നാണ്.അപ്പോൾ, ഒരുവന് അമിതമായി സംഗം ഉണ്ടാകും. നിങ്ങൾക്ക് നിസംഗനായി പുറത്തുനിൽക്കുവാൻ സാധ്യമാകാതെ വരും. അതിനാൽ, താന്ത്രികർ തങ്ങൾക്ക് ഒട്ടും തന്നെ പ്രേമം തോന്നാത്ത സ്ത്രീകളെ കണ്ടെത്തും. അങ്ങനെ ആ മനോഭാവം തികച്ചും ഒരു നിരീക്ഷകന്റേതായി നിലനിർത്തുവാൻ കഴിയും.
അവിടെയാണ് ബൗളുകൾ വ്യത്യസ്തത പുലർത്തുന്നത്. അവർ പറയുന്നു, ഇത് ക്രൂരമാണെന്ന്. ഈ ആസക്തമല്ലാത്ത മനോഭാവം ആവശ്യത്തിലേറെ ക്രൂരമാണെന്ന്. അത്രയും കഠിനവും പരുഷവും ആകേണ്ട ആവശ്യമില്ലെന്ന് അവർ പറയുന്നു. പ്രേമത്തിലൂടെ, ആ പരിവർത്തനം സാദ്ധ്യമാണ്. അതുകൊണ്ടാണ് ഞാൻ പറയുന്നത്, ബൗളുകളുടെ മനോഭാവം കൂടുതൽ കാവ്യാത്മകമാണെന്ന്, കുറെക്കൂടി മാനവികമാണ്. കുറേക്കൂടി കൊള്ളാവുന്നതാണ് എന്ന്. ബൗളുകൾ പറയുന്നു, "നിങ്ങൾക്ക് ഈ ലോകത്തിൽ ബന്ധപ്പെട്ടുകൊണ്ട് തന്നെ ജീവിക്കാം. എന്നിരുന്നാലും ബന്ധിതനാകാതെ വർത്തിക്കുകയും ചെയ്യാം ; നിങ്ങൾക്ക് ഒരു സ്ത്രീയെ സ്നേഹിച്ചുകൊണ്ട് തന്നെ ഒരു സാക്ഷിയായി വർത്തിക്കാം ; നിങ്ങൾക്ക് ഒരു അങ്ങാടിയിൽ നിന്നുകൊണ്ട് തന്നെ അതിനപ്പുറം പോകുകയും ചെയ്യാം. നിങ്ങൾക്ക് ഈ ലോകത്ത് ജീവിച്ചുകൊണ്ട് തന്നെ ഈ ലോകത്തിന്റെതല്ലാതെയും വർത്തിക്കാം. "
അവിടെയാണ് തന്ത്രയിൽ എന്തോ കുറവ് കാണുന്നത് ; അതിന് മാനവികതയുടെ കുറവുണ്ട്. നിങ്ങൾ ഒരു സ്ത്രീയെ പ്രണയിക്കുന്നുവെങ്കിൽ തന്ത്രാ സാധ്യമല്ല. നിങ്ങളൊരു പുരുഷനെ പ്രണയിക്കുന്നുവെങ്കിൽ തന്ത്രാ സാധ്യമല്ല. നിങ്ങൾ തികച്ചും വിട്ടകന്ന് നിൽക്കണം. അപ്പോൾ, ലൈംഗികത വളരെ ശാസ്ത്രീയമായിത്തീരുന്നു. അത് ഒരു സങ്കേതമായിത്തീരുന്നു. -പ്രയോജനപ്പെടുത്തേണ്ട ഒരു സംഗതി ; അല്ലാതെ, നിങ്ങൾ ഇഴുകിച്ചേരുന്ന ഒന്നല്ല. അത് അന്ധവിസ്ഫോടനം അല്ലാതായിത്തീരുന്നു, നിങ്ങൾ ചെയ്യുന്ന ഒരു പ്രവൃത്തിയായിത്തീരുന്നു. നിങ്ങൾ സമാധിയിലെത്തിച്ചേരുവാനായി, ഒരു പുരുഷനോടോ ഒരു സ്ത്രീയോടോ വല്ലതും ചെയ്യുക എന്ന ആശയം തന്നെ, അപരനെ ഒരു ഉപകരണമായി ഉപയോഗിക്കുക എന്ന ആശയം തന്നെ, അത് ഒരു മാർഗ്ഗമായി സ്വീകരിക്കുക എന്ന ആശയം തന്നെ, വൃത്തികെട്ടതും, സദാചാരവിരുദ്ധവുമാണ്.
അവിടെയാണ് ബൗളുകൾക്ക് തികച്ചും വ്യത്യസ്തമായ ഒരു സൗരഭ്യമുള്ളത്. അവർ പറയുന്നു, "അത്രയും പരുഷമാകേണ്ട കാര്യമില്ല. അത്രയും മാർഗ്ഗസംബന്ധിയാകേണ്ട കാര്യമില്ല. പ്രേമം തന്നെ മതിയാകും. " ഈ ദർശനം തന്നെയാണ് എന്റെയും ദർശനം. എന്റെ സന്യാസത്തിന്റെ അർത്ഥവും അതുതന്നെയാണ്. ഈ ലോകത്തിൽ തന്നെ വർത്തിക്കുക. എങ്കിലും അതിന്റേതാകാതെയും വർത്തിക്കുക.കൂടാതെ പ്രേമത്തിലൂടെയല്ലാതെ യാതൊന്നും തന്നെ കൊള്ളാവുന്നതാകുന്നില്ല...
(പ്രേമഭാജനം )........ എന്ന പുസ്തകത്തിൽ നിന്നും............ ഓഷോ................ ഓഷോ............. ഓഷോ............... ഓഷോ............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ