ജ്ഞാനവും ഭാവനയും ബാലൻസ് ആകണം...... പിന്നെ സ്നേഹവും യോഗവും ബാലൻസ് ആകണം.
മനുഷ്യ ജീവിതം സംഭവ്യമായിക്കൊണ്ടിരിക്കുന്നതു ഭാവനാ തലത്തിലാണ്. ഒരാൾ തന്റെ ഭാവനാ തലത്തിലുള്ള ആഗ്രഹങ്ങളെയും ഐഡിയകളെയും പ്രതീക്ഷകളെയും ഫിസിക്കൽ യാഥാർഥ്യമാക്കി മാറ്റിയിട്ട്, പിന്നീട് അതിൽ നിന്ന് ഭാവനാ ലോകത്തിൽ താൻ പ്രതീക്ഷിച്ചിരുന്ന ആ സുഖം നേടാൻ ശ്രമിക്കുന്നു... അതാണ് ജീവിതത്തിന്റെ ഇന്ധനമായി നമ്മളെ മുന്നോട്ടു നയിക്കുന്നത്.
ഉദാ 1: ഒരു ജോലി നേടിയാൽ ഞാൻ പണം സമ്പാദിച്ചു പലതും സ്വന്തമാക്കും എന്നിട്ടു അതുകൊണ്ടു സുഖിക്കും എന്ന് കരുതി ജോലി നേടുന്നു. പിന്നെയോ ...... സുഖത്തിനുള്ള മാർഗ്ഗമായി തിരഞ്ഞെടുത്ത ജോലിതന്നെ ഏറ്റവും വലിയ ഭാരവും ദുഖവും ആണെന്ന് പരിതപിക്കുന്നു.....
ഉദാ2: വിവാഹത്തിന് മുൻപ്, വിവാഹ ജീവിതത്തെ ഭാവനയിൽ കണ്ടിട്ട് മനക്കോട്ട കെട്ടുന്നു. പക്ഷെ താൻ ഭാവനയിൽ കണ്ട പങ്കാളി ഭാവനയിൽ മാത്രമേ ഉണ്ടാകൂ,, ജീവിതത്തിൽ ഒരാളെയും എനിക്ക് ഇഷ്ടമുള്ള പോലെ ആക്കുവാൻ പറ്റില്ല എന്ന് വിവാഹശേഷം മനസിലാക്കുമ്പോൾ പിന്നെ ഭാര്യ ഭർത്താവിന്റെ കുറ്റവും ഭർത്താവ് ഭാര്യയുടെ കുറ്റവും പറഞ്ഞു പഴിച്ചു ജീവിക്കുന്നു.
ഉദാ3: സംന്യാസം വലിയ ആനന്ദമാണെന്നു കരുതി സന്യാസിയായവർ ആ ആനന്ദത്തിലേക്കുള്ള യാത്രയിലെ വെല്ലുവിളികൾ കണ്ടിട്ട് പകച്ചു നിൽക്കുന്നു. മനസിലായല്ലോ ഭാവനയും യാഥാർഥ്യവും തമ്മിലുള്ള അന്തരം.
അതിനാൽ മനോഹരമായ ഭാവന രചിക്കുകയും, ഒപ്പം ജ്ഞാനം അഥവാ ജീവിത യാഥാർഥ്യം തിരിച്ചറിയുകയും ചെയ്യുമ്പോൾ ഭാവനകളെല്ലാം യാഥാർഥ്യമാകണമെന്നു വാശി പിടിക്കില്ല. മാത്രമല്ല ഭാവനക്കാണ് യാഥാർത്യത്തെക്കാൾ സൗന്ദര്യം എന്ന് മനസിലാക്കി ജീവിക്കും. സന്തോഷിക്കുകയും സുഖിക്കുകയും ചെയ്യണമെങ്കിൽ ഭാവനകളെ ആശ്രയിക്കുക.
ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിക്കണമെങ്കിൽ ജ്ഞാനത്തെ ആശ്രയിക്കുക. ഇതാണ് രണ്ടിന്റെയും ബാലൻസ്.
ഇനി സ്നേഹവും യോഗവും. സ്നേഹം മനുഷ്യന് ഭൂമിയിൽ ജീവിക്കുവാനുള്ള ഊർജ്ജമാണ്. എല്ലാ മനസ്സാകുന്ന മുത്തുകളെയും കോർക്കുന്ന നൂലാണ് സ്നേഹം.
യോഗമെന്നാൽ എല്ലാത്തിൽ നിന്നും വേർപെട്ടു തന്റെ യഥാർത്ഥ അസ്തിത്വത്തിലും സ്വരൂപത്തിലും നിലകൊള്ളുക, പരമാത്മാവിൽ മുഴുകുക എന്നാണു അർഥം.
അതായത് മനുഷ്യരോടൊപ്പം നമ്മൾ ജീവിക്കുന്ന കാലം വരെ സ്നേഹം ഉപകാരമാണ്. പക്ഷേ അന്ത്യയാത്ര സമയത്തു ആ സ്നേഹത്തിൽ നിന്ന് വേർപെടാൻ സാധിക്കാതെ ആത്മാവ് പിടയുമ്പോൾ, ഇങ്ങനെ വേർപെടണമായിരുന്നെങ്കിൽ ഇത്രയധികം ആരെയും സ്നേഹിക്കെണ്ടായിരുന്നു എന്ന് തോന്നും. അതിനാണ് ജീവിതത്തിൽ യാത്ര സുഗമമാകുവാൻ സ്‌നേഹവും ജീവിതത്തിൽ നിന്നുള്ള മടക്കയാത്ര സുഗമമാകുവാൻ യോഗവും ബാലൻസ് ചെയ്യുന്നത്.
ഒരു മാലയിൽ ഒറ്റ നൂലിൽ ഒരുപാട് മുത്തുകൾ കോർത്തിരിക്കുന്നു. ഓരോരോ മുത്തുകൾ ചേർന്ന് ഒരു മാലയായി ഇരിക്കുമ്പോഴും ഓരോരോ മുത്തുകളും വ്യത്യസ്തരായ അസ്തിത്വം ഉള്ളവരാണ് എന്നതും അറിഞ്ഞിരിക്കണം. ഒന്നിച്ചിരിക്കുന്നു എന്നാൽ വേറെവേറെ തന്നെയാണ്. വേറിട്ടിരിക്കുന്നു എന്നാൽ ഒന്നുതന്നെയാണ് ... പരമാത്മാവ് നൽകുന്ന ജ്ഞാനം അറിയുമ്പോൾ എത്ര മനോഹരം ഈ ജീവിതം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ