വൃത്തിഭേദമനുസരിച്ച് അന്തഃകരണത്തെ മനസ്സ് ബുദ്ധി അഹങ്കാരം ചിത്തം എന്നിങ്ങനെ വ്യവഹരിച്ചുവരുന്നു. സങ്കല്പവികല്പങ്ങൾ (സംശയങ്ങൾ) ഉണ്ടാവുകകൊണ്ട് മനസ്സ്* എന്നും, പദാർത്ഥനിർണ്ണയം ചെയ്കകൊണ്ട് ബുദ്ധി എന്നും ഇവയിൽ അഭിമാനിക്കുക കാരണം (തന്മയീഭാവം ഹേതുവായി) അഹങ്കാരം എന്നും സ്വാർത്ഥാനുസന്ധാനം ചെയ്യുക കാരണം (തനിക്ക് താല്പര്യമുള്ള വസ്തുക്കളെ സദാ സ്മരിക്കുക എന്ന വൃത്തിയാൽ) ചിത്തം എന്നും പറയുന്നു.
ജ്ഞാനേന്ദ്രിയങ്ങളേയും കർമ്മേന്ദ്രിയങ്ങളേയും വിവരിച്ച ശേഷം ഇവിടെ അന്തഃകരണത്തെ വിവരിക്കുകയാണ്. അന്തഃകരണവുമായുള്ള ചേർച്ചയാലാണ് ബാഹ്യേന്ദ്രിയങ്ങൾക്ക് അറിയാനോ പ്രവർത്തിക്കാനോ കഴിയുന്നത്. കണ്ണിന് സ്വയമേവ കാണാൻ ശക്തിയില്ലെന്ന് വ്യക്തമാണല്ലോ. ദേഹിക്ക് വസ്തുക്കൾ കാണാനുള്ള ഉപകരണമാണ് കണ്ണ്. ഏകമായ അന്തഃകരണം വൃത്തിഭേദമനുസരിച്ചാണ് നാലായി വ്യവഹരിക്കപ്പെടുന്നത്. വാസ്തവത്തിൽ അത് ചിന്തകളുടെ സമാഹാരം മാത്രമാണ്.
സങ്കല്പവികല്പരൂപത്തിലുള്ള വൃത്തികളെ നിശ്ചിത രൂപത്തിലല്ലാതെ സംശയങ്ങളാൽ ചഞ്ചലങ്ങളായിരിക്കുന്ന വിചാരങ്ങളെ മനസ്സെന്നു പറയുന്നു. അവതന്നെ നിശ്ചയരൂപത്തിലാവുമ്പോൾ -- ദൃശ്യവസ്തുക്കളെ പഴയ അനുഭവങ്ങളുടെ വെളിച്ചത്തിൽ നിർണ്ണയം ചെയ്ത് ഒരു തീരുമാനത്തിലെത്തുക കാരണം താരതമ്യേന ദൃഢമായ വൃത്തികളെ -- ബുദ്ധിയെന്നും പറയുന്നു. തീരുമാനിക്കുക ആഗ്രഹിക്കുക വിലയിരുത്തുക എന്നിങ്ങനെ നിശ്ചയരൂപത്തിലുള്ള വൃത്തികൾ ബുദ്ധിയുടേതാണ്.
ഏതെങ്കിലുമൊന്നിനെക്കുറിച്ച് സംശയം ജനിക്കുക അതിനെക്കുറിച്ച് പിന്നീട് നിശ്ചയം ഉണ്ടാവുക ഇങ്ങനെയാണല്ലോ ബുദ്ധിപൂർവ്വകമായ ജീവിതത്തിന്റെ പോക്ക്. ഈ ദ്വിവിധവൃത്തികൾ സംശയവും, നിശ്ചയവും മനുഷ്യനിൽ നിരന്തരമായി സംഭവിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യനു മാത്രം അവകാശപ്പെട്ട വിവേക ജീവിതത്തിന്റെ സ്വഭാവമാണത്.
ഈ പ്രക്രിയയുടെ ഇരുവശങ്ങളും സംശയവും നിശ്ചയവും ഒരേ വ്യക്തിയിൽ തന്നെയാണ് നടക്കുന്നതെന്നറിയാൻ വിഷമമില്ല. എന്റെ ഉള്ളിലെ സംശയങ്ങൾക്ക് പരിഹാരം വേണമെങ്കിൽ അവയെക്കുറിച്ചുള്ള ദൃഢബോധവും എന്നിൽത്തന്നെ ഉണ്ടാവണം. സംശയങ്ങൾ തന്റേതെന്നഭിമാനിക്കുന്ന വ്യക്തിതന്നെ തീരുമാനവും തന്റേതെന്നഭിമാനിക്കുന്നു. ഇങ്ങനെ മനോബുദ്ധികളിലുള്ള താദാത്മ്യഭാവം (അവ ഞാനാണ് എന്റേയാണ് എന്ന അഹന്തയും മമതയും) ആണ് അഹങ്കാരത്തിന്റെ സ്വരൂപം.
സംശയങ്ങളും നിശ്ചയങ്ങളും സദാ നമ്മുടെ ഉള്ളിൽ നടന്നുകൊണ്ടേയിരിക്കുന്നു. ഇടതടവില്ലാതെ ജീവിതാനുഭവം നമുക്കുണ്ടാക്കിത്തീർക്കുന്നത് ഇവയാണ്. അനുഭവങ്ങൾ തടസ്സമില്ലാതെ അനുസ്യൂതമായി പ്രവഹിച്ച് ജീവിതം അഖണ്ഡമായിത്തീരണമെങ്കിൽ ഉള്ളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന സംശയരൂപത്തിലും, നിശ്ചയരൂപത്തിലുമുള്ള വൃത്തികളെ നമുക്ക് സദാ ബോധിക്കാൻ കഴിയണം -- അവയെക്കുറിച്ച് നിരന്തരസ്മരണ ഉണ്ടാവണം. അവയെ നമ്മുടെ സംശയങ്ങളായും നമ്മുടെ നിശ്ചയങ്ങളായും അനുഭവിക്കാൻ കഴിയണം. അതായത് നമ്മുടെ മനസ്സിനേയും ബുദ്ധിയേയും അഹങ്കാരത്തേയും കുറിച്ചുള്ള ബോധം നമുക്കുണ്ടായിരിക്കണം. മനോബുദ്ധ്യഹങ്കാരങ്ങളിൽ തത്തിക്കളിക്കുന്ന സ്മരണ അഥവാ ബോധമത്രെ ചിത്തം. ഈ മൂന്നുപാധികളോട് സംബന്ധമില്ലാതെ ശുദ്ധരൂപത്തിൽ ചിത്തം നിരുപാധികമായി നില്ക്കുമ്പോൾ അതിനെ ചിത്ത് (ശുദ്ധബോധം പ്രജ്ഞാനം എന്നു പറയുന്നു. മനസ്സ് ബുദ്ധി അഹങ്കാരം എന്നീ ഘടകങ്ങൾ ചേർന്ന എന്റെ വ്യക്തിത്വത്തെ സദാ പ്രകാശിപ്പിക്കുന്ന (സ്വാർത്ഥാനുസന്ധാനം ചെയ്യുന്ന) വൃത്തി പ്രവാഹമത്രെ ചിത്തം.
മനസ്സ് ബുദ്ധി അഹങ്കാരം ചിത്തം എന്നീ നാല് ഘടകങ്ങൾ ചേർന്നതാണ് അന്തഃകരണം. ഇവയുമായുള്ള സംബന്ധത്താലാണ് ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും ഉപയോഗിച്ച് ജീവൻ ലോകവ്യവഹാരം നടത്താൻ സമർത്ഥനായിത്തീരുന്നത്ബഹിഃകരണങ്ങളായ ജ്ഞാന -- കർമ്മേന്ദ്രിയങ്ങളെ അപേക്ഷിച്ച് ഇവയെ അന്തഃകരണങ്ങളെന്ന് പറയുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ