2018, സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

വയസ് നാല്പതുകളിലോ അമ്പതുകളിലോ എത്തിനിൽക്കുന്നവരെ, എത്തിനോക്കുന്നവരെ,


വയസ് നാല്പതുകളിലോ അമ്പതുകളിലോ എത്തിനിൽക്കുന്നവരെ, എത്തിനോക്കുന്നവരെ, എത്തി കഴിഞ്ഞവരെ, ഇത് നിങ്ങൾക്കാണ്.........

ഹോ,നമ്മളോളം കുട്ടികളെ നോക്കുന്ന മനുഷ്യർ ഏതെങ്കിലും ലോകത്തുണ്ടാവുമോ?

എത്ര വയസുവരെയാണ്‌ മനുഷ്യരുടെ സദാ സംരക്ഷിക്കപ്പെടേണ്ട ഒരു കുട്ടിക്കാലം?

ഇരുപതും ഇരുപത്തിയഞ്ചും കടന്ന് അത്‌ പിന്നേയും മുന്നോട്ട്‌ പോയിക്കൊണ്ടിരിക്കുകയാണ്‌

പ്ലാവില പെറുക്കാറായാൽ അതു ചെയ്യണം എന്ന് നിഷ്കർഷിച്ചിരുന്ന ഒരു കാലഘട്ടത്തിലെ ബാല്യം ജീവിച്ചവരാണ്‌ നമ്മൾ

പത്തു വയസാവുമ്പോഴക്കും കുടുംബജോലികളിൽ അവരവരുടെ പങ്ക്‌ നിർവ്വഹിച്ചിരുന്നവർ

അവരുടെ തലമുറയിൽപെട്ട അമ്മമാരാണ്‌ ഇരുപത്തി അഞ്ചു വയസുകാരൻ മകൻ വീട്ടിൽ ഒറ്റക്കാണ്‌ എന്ന കാരണത്താൽ

കൂട്ടുകാരികൾ പ്ലാൻ ചെയ്ത ആ യാത്രയിൽനിന്ന് ഒഴിവായി നിൽക്കുന്നത്‌

മക്കളിലൊരാൾ പത്താം ക്ലാസിലെത്തിയാൽ നീണ്ട അവധിക്കപേക്ഷിക്കുകയും , ടി വി യും ഇന്റർനെറ്റുമടക്കം സകല വിനോദങ്ങളും റദ്ധുചെയ്ത്‌ വീടിനെ മരണവീടുപോലെ ശോകമൂകമാക്കുകയും ചെയ്യുന്നതും

മകന്‌ മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടിയതിനാൽ അഞ്ചരവർഷം അവധിയെടുത്ത്‌ കൂട്ടിരിക്കുന്ന ഒരമ്മയെ പറ്റി കേട്ടിട്ടുണ്ട്

ഹോസ്റ്റലൊന്നും ശരിയാവില്ല ,അവന്‌ ഞാൻ ഇല്ലാതെ പറ്റില്ല എന്നാണ്‌ അവരുടെ യുക്തി

കുട്ടികളുടെ ജീവിതത്തിൽ തണലാവേണ്ടതില്ല എന്നല്ല,

നിങ്ങൾ കരിഞ്ഞുണങ്ങി പൊടിഞ്ഞു തീരുംവരെ അവർക്കായി ഇങ്ങനെ വെയിലുകൊള്ളേണ്ടതുണ്ടോ എന്നതാണ്‌ വിഷയം .

സ്വയം തണൽ തേടാൻ അവർ പ്രാപ്തരായ ശേഷവും അവനവന്റെ ജീവിതമങ്ങനെ ത്യജിക്കേണ്ടതുണ്ടോ എന്ന്.

ഒരു പൊന്മാന്‌ അൽപനേരം കൂടി അധികം മെനക്കെട്ടാൽ അതിന്റെ കുഞ്ഞുങ്ങൾക്കുള്ള മീനിനെക്കൂടി പിടിക്കാവുന്നതേ ഉള്ളൂ

പക്ഷേ കണ്ടിട്ടില്ലേ അത്‌ മീൻ പിടിക്കാൻ കുഞ്ഞുങ്ങളെ ശീലിപ്പിക്കുകയാണ്‌ ചെയ്യുക

കോടിക്കണക്കായ ആളുകൾ ജീവിച്ചു മരിച്ചുപോയ ഒരിടമാണ്‌ ഈ ഭൂമി ജീവിച്ചിരിക്കുന്നവരേക്കാൾ കൂടുതൽ മരിച്ചവരുള്ള ഒരിടം

നിങ്ങൾ നിങ്ങളുടെ ജീവിതംജീവിക്കുക എന്നത്‌ പ്രധാനമാണ്‌

മരങ്ങളിൽ വള്ളികൾക്ക്‌ എന്നുള്ളതുപോലെയാണ്‌ മറ്റുള്ളവർക്ക്‌ നിങ്ങളുടെ ജീവിതത്തിൽ സ്ഥാനം നൽകേണ്ടത്‌ അത്‌ ഇത്തിക്കണ്ണികൾ എന്നതുപോലെയാവുമ്പോഴാണ്‌ ആദ്യം നിങ്ങളും പിന്നാലെ നിർബന്ധമായും അവരും ഉണങ്ങിപ്പോകുന്നത്‌

മരിക്കുംബോൾ തിന്മകളിൽ നിന്ന് എന്ന പോലെ തന്നെ നന്മകളിൽ നിന്നും മനുഷ്യൻ സ്വതന്ത്രനാകുന്നുണ്ട്‌

രണ്ടാമത്തെ തലമുറക്കപ്പുറം നിങ്ങളെ ആരോർക്കാനാണ്‌? ഇനി അഥവാ ഓർത്തിരുന്നാൽ തന്നെ നിങ്ങൾക്ക്‌ അതു കൊണ്ട്‌ എന്ത്‌ ലാഭമാണുള്ളത്‌?

അതു കൊണ്ട്‌ അവനവന്റെ ജീവിതത്തെ പൂർണ്ണമായും ഉരുക്കിയൊഴിച്ച്‌ അപരന്റെ ജീവിതത്തിൽ വെളിച്ചം പകരാതിരിക്കുക അവനവനെ കൂടി ഇടക്കൊക്കെ പരിഗണിക്കുക അവനവന്റെ ഇഷ്ടങ്ങൾക്ക്‌ അപരന്റേതിന്‌ ഒപ്പമെങ്കിലും പരിഗണന നൽകുക

നാൽപത്തി അഞ്ച്‌ വയസ്‌ കഴിഞ്ഞ ഒരു മദാമ്മ ഈയിടെ വയനാട്ടിൽ വന്നു

അൻപത്‌ വയസിന്‌ മുൻപ്‌ ചെയ്യേണ്ട അൻപതുകാര്യങ്ങൾ എന്നൊരു ബക്കറ്റ്‌ ലിസ്റ്റ്‌ ഉണ്ടായിരുന്നു അവരുടെ കയ്യിൽ അതിൽ മുക്കാലും അവർ ചെയ്തു തീർക്കുകയും ചെയ്തിരുന്നു

ആനപ്പുറത്ത്‌ കയറുക എന്ന ബാക്കിയുള്ള ഒരൈറ്റം നടപ്പിലായിക്കിട്ടുമോ എന്നാണ്‌ ആയമ്മക്ക്‌ അറിയേണ്ടിയിരുന്നത്‌

മറ്റുള്ളവർക്ക്‌ വിചിത്രമെന്ന് തോന്നാം ചിലപ്പോൾ നമ്മുടെ ചില ആഗ്രഹങ്ങളെ അത്‌ പക്ഷേ നമ്മുടെ കുഴപ്പമല്ല , നമ്മളല്ല അവർ എന്നത്‌ കൊണ്ടുണ്ടാകുന്ന ചെറിയ ഒരു കൺഫൂഷനാണത്‌ നാം കാര്യമാക്കേണ്ടതില്ലാത്ത ഒന്ന്.

നിത്യവും ധാരാളം രോഗികൾ പ്രായമെത്തി മരിക്കുന്ന ജെറിയാട്രിക്‌ വാർഡിൽ ദീർഘകാലം ജോലി ചെയ്ത ഒരു നർസ്സിന്റെ അഭിമുഖം ഓർമ്മയിൽ വരുന്നു

ഭൂരിപക്ഷം ആളുകളും മരണത്തോടടുക്കുംബോൾ പറഞ്ഞിരുന്നത്‌ എന്തായിരുന്നു എന്നതായിരുന്നു അവരോടുള്ള ഒരു ചോദ്യം. 'കുറേക്കൂടി നന്നായി ജീവിക്കാമായിരുന്നു..'എന്നതാണ്‌ അതിന്‌ അവർ പറഞ്ഞ ഉത്തരം

പിന്മടക്കം സാധ്യമല്ലാത്ത ഒരു പോയന്റിൽ എത്ര വേദനാജനകമാണ്‌ ആ വിചാരം എന്ന് ആലോചിച്ചു നോക്കൂ

ധാരാളം ആഗ്രഹങ്ങളുമായി മരണത്തിലേക്ക്‌ പോകുന്നവർ പരാജയപ്പെട്ട ജീവിതങ്ങൾ നയിച്ചവരാകുന്നു

ഒരു ജീവിതം കൊണ്ടും തീരാതെ അനന്തമായി നീളുന്ന ആക്രാന്തപ്പെട്ട ആശാപാശത്തെക്കുറിച്ചല്ല ഞാൻ പറയുന്നത്‌

നിസ്സാരമെങ്കിലും പലവിധകാരണങ്ങളാൽ നടക്കാതെപോകുന്ന ഒരു മനുഷ്യന്റെ കുഞ്ഞു കുഞ്ഞ്‌ ആശകളേക്കുറിച്ചാണ്‌

മറ്റുള്ളവരുടെ കാര്യങ്ങൾ ഒന്നും തന്നെ ഗൗനിക്കാതെ തന്നിഷ്ടം കാട്ടി നടക്കണമെന്നുമല്ല മറ്റുള്ളവർക്ക്‌ വേണ്ടി, മറ്റുള്ളവർക്ക്‌ വേണ്ടി എന്ന് നാം ത്യജിച്ചുകളയുന്ന നിർദോഷങ്ങളായ നമ്മുടെ ചില സന്തോഷങ്ങളെക്കുറിച്ചാണ്‌ ഞാൻ പറയാൻ ശ്രമിക്കുന്നത്‌

നാളേക്ക്‌ നാളേക്ക്‌ എന്ന് നാം മാറ്റിവക്കുകയും ജീവിതത്തിൽ ഒരിക്കലും നടക്കാതെ പോകുകയും ചെയ്യുന്ന പലപല സംഗതികളെക്കുറിച്ച്‌ അത്‌ പലർക്കും പലതാകാം വിജനമായ ഒരു മലമുകളിലേക്ക്‌ ഒറ്റക്ക്‌ കയറിപ്പോകുന്നതോ പ്രിയപ്പെട്ട ഒരാളോടൊപ്പം രാത്രി മഴ നനയുന്നതോ ആകാം കാസിരംഗയിലെ ഒരു ഒരു കാനന സഫാരിയോ ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവലോ ആകാം ഉറക്കെയുറക്കെ പാടുക മതിവരുവോളം നൃത്തം ചെയ്യുക പുഴയോരത്തെ ഒരു പുൽമൈതാനത്തിൽ ആകാശം കണ്ട്‌ മലർന്നു കിടക്കുക, തുടങ്ങി അന്യന്‌ ദ്രോഹം ചെയ്യാത്ത എന്തു തരം ആഗ്രഹങ്ങളുമാവാം എന്നു സാരം

നിങ്ങൾ അതിയായി ഒരു കാര്യം ആഗ്രഹിക്കുകയാണെങ്കിൽ പൗലോ കൊയ്‌ലോ പറഞ്ഞപോലെ ലോകം മുഴുവൻ അതിനായി ഗൂഢാലോചന ചെയ്തേക്കില്ലെങ്കിലും ആരെങ്കിലുമൊക്കെ അതിനായി നിങ്ങളോടൊപ്പമുണ്ടാവും എന്ന് ഉറപ്പാണ്‌ വർക്ക്‌ ഏരിയയിൽ പൊടിപിടിച്ചു കിടക്കുന്ന ആ സിംഗറിന്റെ തയ്യൽ മെഷീൻ കണ്ടോ

'തൊട്ടതിനും പിടിച്ചതിനും ടെയിലറുടെ അടുത്ത്‌ പോകാൻ വയ്യ.. ഇനി അത്യാവശ്യം തൈപ്പൊക്കെ ഞാൻ തൈച്ചോളാം' എന്ന് നിങ്ങൾ പറഞ്ഞപ്പോൾ അത്‌ നേരാണ്‌ എന്ന് ഒരാൾ വിശ്വസിച്ചതാണ്‌ അതങ്ങനെ അവിടെ വരാൻ കാരണം അലക്കിയ തുണി ഉണങ്ങാൻ സ്റ്റാന്റായി ഇപ്പോൾ ഉപയോഗിക്കുന്ന ആ തടി കുറക്കാനുള്ള സൈക്കിളില്ലേ അതും അങ്ങനെ വന്നതു തന്നെ

എല്ലാവർക്കും വായിക്കാനുള്ളതാണെങ്കിൽ കൂടി എന്നത്തെയും പോലെ ഈ കുറിപ്പ്‌ കൊണ്ടും ഞാൻ ലക്ഷ്യം വക്കുന്നത്‌ നാൽപത്‌ കഴിഞ്ഞവരേയാണ്‌ മറ്റുള്ളവർക്ക്‌ ഇനിയും സമയമുണ്ടെന്നും ധാരാളം ബസുകൾ വരാനുമുണ്ടെന്നും അറിയാവുന്നതു കൊണ്ടാണ്‌ അത്‌ നാൽപത്‌ കഴിഞ്ഞവർ നിശ്ചയമായും ഓടിയേ പറ്റൂ സ്റ്റാന്റ്‌ വിട്ടു പോയിക്കൊണ്ടിരിക്കുന്നത്‌ അവർക്കുള്ള അവസാന ബസുകളാണ്‌ അമാന്തിച്ചു നിന്നാൽ മനസമാധാനമില്ലാതെ മരിക്കാം ഈ മനോഹരതീരത്ത്‌ ഒരാവശ്യവുമില്ലാതെ പാഴാക്കിക്കളയാൻ ഒരു ജന്മം കൂടി തരുമോ എന്ന് ശോകഗാനം മൂളാം നിങ്ങളോട്‌ എന്ന വ്യാജേന ഇത്‌ ഞാൻ എന്നോടും കൂടിയാണ്‌ പറയുന്നത്‌ എന്ന് തിരിഞ്ഞിട്ടുണ്ടാവുമല്ലോ അല്ലേ പലവിധ ഉത്തരവാദിത്തങ്ങളുടെ സമ്മർദ്ധങ്ങൾ എന്റെ ചില പ്രിയപ്പെട്ട പരിപാടികളെ തടസപ്പെടുത്തുമ്പോൾ അതിനെ അതിജീവിക്കാനായി ഞാൻ പ്രയോഗിക്കുന്ന ഒരു തന്ത്രമുണ്ട്‌ പരോപകാരാർത്ഥം അതു കൂടി പങ്കുവെച്ചു കൊണ്ട്‌ ഞാൻ ഈ കുറിപ്പ്‌ അവസാനിപ്പിക്കാം എന്നു കരുതുന്നു ഈ നിമിഷത്തിൽ ഞാൻ മരിച്ചു പോയിരുന്നു എങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്ന് ചിന്ത ചെയ്യലാണ്‌ ആ കൗശലം ഒരാൾ ഇല്ലാതായാൽ ലോകത്തിന്‌ എന്ത്‌ സംഭവിക്കാനാണ്‌? ഭാര്യ തനിയെ ജീവിക്കില്ലേ? മകൾ പഠിക്കുകയോ ഉദ്യോഗം നേടുകയോ കല്യാണം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യില്ലേ? നാട്ടിൽ ആളുകൾ പശുക്കളെ വളർത്തില്ലേ? ലോകം അതിന്റെ ക്രമം വീണ്ടെടുക്കില്ലേ? അത്രയേ ഉള്ളൂ കാര്യം നിങ്ങളുടെ ഈ പറയുന്ന തിരക്കുകൾക്കൊക്കെ അത്രയേ ഉള്ളൂ പ്രസക്തി

അപ്പോ ശരി .. എല്ലാവർക്കും കാര്യം തിരിഞ്ഞല്ലോ അല്ലേ? ജീവിക്കുക എന്നത്‌ ജീവനുള്ളപ്പോൾ മാത്രം സാധ്യമാകുന്ന ഒന്നാണ്‌ എന്നു സാരം...💐💐💐

*

Sri Bhuddha & Angulimala


ശ്രീബുദ്ധനെ തടഞ്ഞു കൊണ്ട് അനുയായികള്‍ പറഞ്ഞു, “ഇനിയങ്ങോട്ട് പോകരുത്, അവിടെയാണ് അംഗുലീമാലയുടെ താവളം. “ശ്രീ ബുദ്ധന്‍ മന്ദഹസിച്ചു. വിലക്കുവകവെയ്ക്കാതെ ഒറ്റയ്ക്ക് മുന്നോട്ടു നീങ്ങി. കൊടും ഭീകരനാണ് അംഗുലീമാല. അയാള്‍, താന്‍ കൊന്ന മനുഷ്യരുടെ വിരലുകള്‍ (അംഗുലി) കോര്‍ത്ത് മാലയുണ്ടാക്കി അണിഞ്ഞിരുന്നു. അങ്ങനെയാണ് അംഗുലീമാല എന്നു പേരുതന്നെ ഉണ്ടായത്.

തന്റെ താവളത്തിലൂടെ, നിര്‍ഭയനായി നടക്കുന്ന ശ്രീബുദ്ധനെ അംഗുലീമാല കണ്ടു.

“നില്ക്കൂ” അയാള്‍ ഗര്‍ജ്ജിച്ചു.

ശ്രീബുദ്ധന്‍, നിന്നില്ല, ശ്രദ്ധിക്കാതെ മുന്നോട്ടു തന്നെ നീങ്ങി. ഉയര്‍ത്തിയ അരിവാളുമായി ആ ഭീകരന്‍ പുറകെ പാഞ്ഞു. ബുദ്ധന്റെ മുന്നില്‍ കടന്നു ചെന്ന് അംഗുലീമാല അലറി. “നില്ക്കാന്‍.”

വശ്യമായ പുഞ്ചിരിയോടെ, വാത്സല്യമൂറുന്ന മിഴികള്‍ അംഗുമാലയുടെ മിഴികളിലൂന്നി ബുദ്ധന്‍ അരുളി കുഞ്ഞേ ഞാന്‍ നില്ക്കുകയാണ്, ഓടുന്നത്… നീയല്ലേ…”

“ങേ…” അംഗുലീമാല തരിച്ചുപോയി. നടന്നുകൊണ്ടിരിക്കുന്ന ഒരാള്‍ നില്ക്കുകയാണെന്ന് പറയുന്നു. അതേ സമയം തന്നെ തെല്ലും ഭയക്കുന്നുമില്ല. ബുദ്ധന്‍ അരുളി.

“അതേ… നിന്റെ മനസ്സ് എപ്പോഴെങ്കിലും സ്വസ്ഥമായിരുന്നിട്ടുണ്ടോ. മനസിന്റെ ഓട്ടമാണ് ഓട്ടം. ശരീരത്തിന്റെ ചലനമല്ല. എന്റെ മനമോ സദാ നിശ്ചലമാണ്.”

അംഗുലീമാലയില്‍ പരിവര്‍ത്തനം അവിടം മുതല്‍ തുടങ്ങി എന്നാണ് ചരിത്രം. പിന്നീട് വലിയ തപസ്വിയായി തീര്‍ന്നു അദ്ദേഹം.

മനസാണ് യഥാര്‍ത്ഥ ഓട്ടക്കാരന്‍. മനസ് ശാന്തമായാല്‍ നമുക്കു ശാന്തമാകാന്‍ കഴിയും. അതിന് സജ്ജന സമ്പര്‍ക്കമാണ് വേണ്ടത്..

.💐💐

Good Story


ഒരാൾ ഒരു പാറക്കല്ല് ഉരുട്ടി റോഡരികിലേക്കിട്ടു...

അതുകണ്ട്നിന്ന ഒരു ശില്പിയുടെ മനസ്സില്‍ കുളിര്‍മഴ പെയ്തു...

ഉപേക്ഷിക്കപ്പെട്ട ആ കൂറ്റന്‍ കല്ല് അദ്ദേഹം തന്റെ ശില്പശാലയില്‍ എത്തിച്ചു... അതില്‍ നിന്നും അദ്ദേഹം മനോഹരമായ ഒരു വിഗ്രഹം കൊത്തിയുണ്ടാക്കി. പണി തീര്‍ന്നയുടനെ ശില്പി അത് പ്രദര്‍ശനത്തിന് വച്ചു....

മറ്റൊരു ദിവസം പഴയ ആള്‍ അതുവഴി പോകുകയുണ്ടായി... അയാള്‍ പ്രതിമയെ നോക്കി മതിമറന്നു നിന്നു. എന്തൊരു ഭംഗിയുള്ള വിഗ്രഹം.... അയാള്‍ക്കത് വളരെയധികം ഇഷ്ടമായി. എന്തു വിലകൊടുത്തും അത് കരസ്ഥമാക്കണമെന്ന് അയാള്‍ ആഗ്രഹിച്ചു.... ശില്പിയെ സമീപിച്ചു അതിനു എന്ത് വില തരണമെന്ന് അന്വേഷിച്ചു. വെറും തുച്ചമായ വിലയായിരുന്നു ശില്പി അതിനു നശ്ചയിച്ചിരുന്നത്. അയാൾ അമ്പരന്നുപോയി. ഇത്രയും സുന്ദരമായ വിഗ്രഹം ഇത്ര വില കുറച്ച്...!

അയാള്‍ക്ക് ആശ്ചര്യം തോന്നി.

അയാളുടെ മുഖഭാവം കണ്ട ശില്പി പറഞ്ഞു.

"ഇത് നിങള്‍ക്കുതന്നെ അവകാശപ്പെട്ടതാണ്‌. അന്നു നിങ്ങള്‍ വഴിയരികില്‍ ഉപേക്ഷിച്ച പാറയില്‍ നിന്നുമാണ്‌ ഞാന്‍ ഇത് നിര്‍മ്മിച്ചത് ".

ഇതുപോലെയാണ്‌ ഓരോരുത്തരുടേയും വ്യക്തിത്വം. വളരെ മനോഹരമായി നമ്മള്‍ അതിനെ വാര്‍ത്തെടുക്കണം. ശില്പി ചെയ്തതുപോലെ ...

ആദ്യം നാം എന്താവണമെന്ന് നാം തന്നെ ചിന്തിച്ചുറപ്പിക്കണം. അതിനുശേഷം വേണ്ടാത്തതൊക്കെ മനസ്സില്‍ നിന്നും, ചിന്തയില്‍ നിന്നും, കൊത്തിയടര്‍ത്തിമാറ്റണം അവശേഷിക്കുന്നതെന്തോ, അതായിരിക്കും നമ്മുടെ ഉള്‍‌രൂപം. വേണ്ടാത്തത് ഒരു തരി പോലും ബാക്കി വയ്ക്കരുത്. ബാക്കി നിന്നാല്‍ അത് ഒരു കുറവായി തന്നെ അവശേഷിക്കും.

ആ വിരൂപമായ പാറയില്‍ മനോഹരമായ ഒരു വിഗ്രഹം ഉണ്ടായിരുന്നുവെങ്കില്‍ ഒട്ടും ശങ്കിക്കേണ്ട... നമ്മുടെയുള്ളിലുമുണ്ട് അതുപോലെതന്നെ സുന്ദരമായ നമ്മുടെ യഥാര്‍ത്ഥ രൂപം. ഇതുപോലെ നമ്മുടെ ചിന്തകളില്‍ നിന്നും വാക്കുകളും കര്‍മ്മവും ഉണ്ടാകുന്നു... നമ്മള്‍ എത്ര മനോഹരമായ വ്യക്തിയാകണമെന്ന് നാം തന്നെ തീരുമാനിക്കെണ്ടിയിരിക്കുന്നു... നാം മാറുന്നതോടൊപ്പം നമ്മുടെ കാഴ്ചപാടും, സമൂഹവും, ലോകവും മാറുന്നു...

*സ്വയം പരിവർത്ഥനം തന്നെയാണ് വിശ്വപരിവർത്തനതിന്ടെ ആധാരം...*💐💐

മറ്റുള്ളവരിൽ നിന്ന് നന്മകൾ മാത്രം കാണാൻ ശ്രമിക്കുക


നീ ഈച്ചയെ പ്പോലെയാകരുത് അത് ശരീരത്തിലെ നല്ല ഭാഗങ്ങളിലൊന്നും കയറി പോവുകയൂ അവിടങ്ങളിൽ വന്നിരിക്കുകയോ ചെയ്യില്ല.. വൃണങ്ങളിൽ വന്നിരിക്കുകയും അതിൽ കാർന്ന് രക്തമൊലിപ്പിക്കുകയും ചെയ്യലാണ് അവയുടെ രീതി.. ഇതു പോലെ മറ്റുള്ളവരുടെ ന്യൂനതകൾ കാണുകയും അത് പ്രചരിപ്പിക്കകയും ചെയ്യുന്നവനാകരുത് .. നീ സ്വന്തം ന്യുനതകൾ കണ്ട് പരിഹരിക്കുന്ന തോടപ്പം മറ്റുള്ളവരിൽ നിന്ന് നന്മകൾ മാത്രം കാണാൻ ശ്രമിക്കുക... നല്ല ഒരു ദിനം ആശംസിച്ച് കൊണ്ട് സേനഹത്തോടെ.. ദൈവം നമ്മളെ അനുഗ്രഹക്കട്ടെ എന്ന പ്രാർത്ഥനയോടെ ....

ലക്ഷ്യത്തിലേക്ക്‌ പലർക്കും പല ദൂരമാണ്‌


ഒരു സൂഫി ഗുരു ശിഷ്യന്മാരോടൊപ്പം യാത്രക്കൊരുങ്ങി. ഒരാൾ വന്ന് ബാഗ്ദാദിലേക്ക്‌ എത്രദൂരം നടക്കാനുണ്ടെന്ന് ചോദിച്ചു‌. ഗുരു‌ മറുപടി നൽകിയില്ല. കൂടെ വരാൻ മാത്രം പറഞ്ഞു. കുറച്ചുദൂരം ഒന്നിച്ചുനടന്നപ്പോൾ‌ പറഞ്ഞുകൊടുത്തു: ‘പത്തുമണിക്കൂർ കൊണ്ട്‌ താങ്കൾക്ക്‌ ബാഗ്ദാദെത്താം’. ഇതെന്തുകൊണ്ട്‌ നേരത്തെ അറിയിച്ചില്ലെന്ന് ചോദിച്ചപ്പോൾ ഗുരു‌ കാരണം പറഞ്ഞു: ‘ആ സമയത്ത്‌ താങ്കളുടെ നടത്തത്തിന്റെ വേഗം എനിക്കറിയില്ലായിരുന്നു. ഇപ്പോളെനിക്കത്‌ മനസ്സിലായി. ഓരോരുത്തരും ലക്ഷ്യത്തിലെത്തുന്നത്‌ അവരവരുടെ വേഗത്തിനനുസരിച്ചാണ്‌..’

ശരിയാണ്‌. ലക്ഷ്യത്തിലേക്ക്‌ പലർക്കും പല ദൂരമാണ്‌. ചില പ്രചോദനങ്ങളൊക്കെ വേഗം കൂട്ടാൻ സഹായിച്ചേക്കാം. ചില സന്ദർഭങ്ങളും വേഗത വർദ്ധിപ്പിക്കും.

2018, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

The 5 Second Rule Book Summary


Mel Robbinson എഴുതിയ പുസ്തകമാണ് "ദി 5 സെക്കന്റ് റൂൾ" , അതിൽ പറയുന്നത് നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും കാര്യം ചെയ്യാൻ ആഗ്രഹിക്കുമ്പോൾ തന്നെ 5, 4,3,2,1 go പറയുക അത് ചെയുക അല്ലെങ്കിൽ നമ്മുടെ തലച്ചോറ് അവിടെ ഭയം പിന്നെ ചെയ്യാം ഇങ്ങനെയുള്ള ചിന്തകൾ തന്നു നമ്മളെ അതിൽ നിന്നും പിൻമാറ്റും .

Mel Robbinson പറയുന്നത് തന്റെ ജീവിതത്തിൽ ജോലി എല്ലാം നഷ്ടപ്പെട്ടു , ഭർത്താവിന്റെ ബിസിനസ് പരാജയപ്പട്ടു , പുതിയ ജോലി നോക്കിയിട്ടു ഒന്നും കിട്ടുന്നില്ല , മുൻപോട്ടു ജീവിക്കാൻ ബുദ്ധിമുട്ടു , രാവിലെ അലാറം അടിച്ചാലും ഓഫ് ചെയ്തു കിടന്നുറങ്ങും , കൂടുതൽ മടിയും എല്ലാം മാറ്റി വയ്ക്കുന്ന സ്വഭാവ രീതി .

ഒരു രാത്രയിൽ ടെലിവിഷൻ കണ്ടു ഇരിക്കുമ്പോൾ റോക്കറ്റ് വിക്ഷേപണം കണ്ടു 5, 4,3,2,1 go, അത് അവരുടെ മനസ്സിനെ വല്ലാതെ സ്വാധിനിച്ചു , പിറ്റേ ദിവസം രാവിലെ അലാറം അടിച്ചപ്പോൾ 5, 4,3,2,1 go പറഞ്ഞു അവർ ചാടിയെണീച്ചു , അങ്ങനെ അവർ വളരെ ഉത്സാഹത്തോടു അന്നത്തെ ദിവസം തുടങ്ങി. പിന്നെ എന്ത് കാര്യം ചെയ്യുമ്പോഴും 5, 4,3,2,1 go പറഞ്ഞു ചെയ്തു തുടങ്ങി അങ്ങനെ അവരുടെ ജീവിതത്തിൽ മാറ്റം സംഭവിച്ചു .

നമ്മൾ 5, 4,3,2,1 go നിയമം ചെയുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന സംശയം , മടി , ഭയം മാറി അവിടെ നല്ല ധൈര്യം വരുന്നു അപ്പോൾ നമ്മൾ നമ്മുടെ ലക്‌ഷ്യം തിലോട്ടു നീങ്ങും .

അതുപോലെ എല്ലാവരും 5, 4,3,2,1 go നിയമം പിന്തുടരുക, ജീവിതത്തിൽ മെച്ചമായ വിജയം കൊണ്ടുവരിക .

2018, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

Social Media


ഇന്ന് നാം ഒരോരുത്തരും അറിവുകൾ ശേഖരിക്കാൻ വേണ്ടി പുസ്തകങ്ങളെക്കാൾ കൂടുതൽ നാം സോഷ്യൽ മീഡിയകളായ whatsApp, Face book മറ്റ് അപ്ലിക്കെഷനുകൾ ഉപയോഗിക്കുന്നു. ഇതിൽ എല്ലാം ഒരു വിഷയവുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളും ഉണ്ടാകാം.

നമ്മുക്ക് ഒരു വിഷയത്തെ കുറിച്ചുള്ള അറിവ് ആർജ്ജിക്കാൻ വേണ്ടി ആ ഗ്രൂപ്പുകളിൽ നാം Join ചെയ്യാറുണ്ട്. അതിനു ശേഷം നാം ആ ഗ്രൂപ്പിന്റെ വിഷയത്തിനു ചേരാത്ത നമ്മുക്ക് ഇഷ്ടപ്പെട്ട മറ്റ് വിഷയങ്ങൾ അതിലെക്ക് share ചെയ്യുന്നു.( ഹലുവയിലെക്ക് സാമ്പാർ ഒഴിക്കുന്നതു പോലെ,പായസത്തിൽ മുളകുപൊടി ഇടുന്നതുപോലെ ).

ഇങ്ങനെ ചെയ്യുന്നതിലൂടെ

ആ വ്യക്തി തനിക്ക് കിട്ടെണ്ട അറിവ്വ് തടസ്സപ്പെടുത്തുക മാത്രമല്ല. മറ്റുള്ളവരുടെ അറിവിനെയും തടസ്സപ്പെടുത്തുകയും ആ ഗ്രൂപ്പിനെ നശിപ്പിക്കുകയും ചെയ്യുന്നു.. ഇങ്ങനെ തന്നെയാണ് സ്വന്തം വ്യക്തി ജീവിതത്തിലും പെരുമാറുന്നത്. അത് കൊണ്ടാണ് ജീവിതത്തിൽ വിജയിക്കാതെ വരുന്നത്. തിരിച്ചറിവ്വും, സ്വബോധവും, ബുദ്ധിയും, നല്ല പെരുമാറ്റവും പരിപോഷിപ്പിക്കാൻ വ്യക്തിത്വ വികസന പരിശീലനത്തിലൂടെ കഴിയും. ലോകം മുഴുവൻ ഇത്തരം പരിശീലന പരിപാടികൾ നടക്കുന്നുണ്ട്. ചൊറുപ്പം മുതലെ ഇത്തരം പരിശീലനങ്ങളിൽ നമുക്ക് പ്രിയപെട്ടവരെ ഒക്കെ പങ്കെടുപ്പിച്ചു നല്ല വ്യക്തിത്വത്തിന് ഉടമകളാക്കുവാൻ ശ്രമിക്കുക 😊😊😊

🙏🙏🙏🙏🙏🙏🙏🙏