'ഞാനൊരു ഹിന്ദുവാണ്' എന്ന് നിങ്ങൾ പറയുന്നു. വീണ്ടുമാലോചിച്ചു നോക്കുക, അതിനെക്കുറിച്ചു ഒന്നുകൂടി ചിന്തിക്കുക. നിങ്ങളൊരു ഹിന്ദുവല്ല. നിങ്ങൾക്കൊരു ഹിന്ദുമനസ്സ് നല്കപ്പെട്ടിരിക്കുകയാണ്. നിങ്ങൾ ജനിക്കപ്പെട്ടിട്ടുള്ളത് ശുദ്ധവും നിഷ്കളങ്കവുമായ ഒരസ്തിത്വമായിട്ടാണ്.
അല്ലാതെ ഒരു ഹിന്ദുവായിട്ടോ മുഹമ്മദീയനായിട്ടോ അല്ല. എന്നാൽ നിങ്ങൾക്കൊരു 'മുഹമ്മദീയ മനസ്സ്, ' 'ഒരു ഹിന്ദു മനസ്സ് ' നല്കപ്പെട്ടിരിക്കുകയാണ്. ഒരു പ്രത്യേക വ്യവസ്ഥിതിയിൽ ജീവിക്കുവാൻ നിങ്ങൾ നിർബന്ധിക്കപ്പെട്ടിരിക്കുകയാണ്. നിങ്ങൾ കൂട്ടിലടക്കപ്പെട്ടിരിക്കുകയാണ്, നിങ്ങൾ തടവിലാക്കപ്പെട്ടിരിക്കുകയാണ്. പിന്നീട് ജീവിതം മനസ്സിനോട് പലതും
കൂട്ടിച്ചേർത്തുകൊണ്ടേയിരിക്കുന്നു. അപ്പോൾ ആ മനസ്സ് ഭാരമുള്ളതായിത്തീരുന്നു. ആ ഭാരം മുഴുവൻ നിങ്ങളിലാണ്. നിങ്ങൾക്കൊന്നും തന്നെ ചെയുവാൻ കഴിയില്ല. മനസ്സ് അതിന്റെ രീതികളെ നിങ്ങളിലേക്ക് അടിച്ചേൽപ്പിക്കാൻ തുടങ്ങുന്നു. നിങ്ങളുടെ അനുഭവങ്ങൾ ആ മനസ്സിനോട് കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. നിങ്ങളുടെ ഭൂതകാലം നിരന്തരം നിങ്ങളുടെ ഓരോ വർത്തമാനനിമിഷത്തെയും നിയന്ത്രിച്ചുകൊണ്ടേ ഇരിക്കുകയാണ്. ഞാൻ നിങ്ങളോട് എന്തെങ്കിലും പറയുകയാണെങ്കിൽ നിങ്ങളതിനെ കുറിച്ചു ശുദ്ധമായൊരു രീതിയിൽ, തുറന്നതായൊരു രീതിയിൽ ചിന്തിക്കാൻ പോകുന്നില്ല. നിങ്ങളുടെ പഴയ മനസ്സ്, നിങ്ങളുടെ ഭൂതകാലം അതിനിടയിൽ വന്നുനിൽക്കും. അത് അനുകൂലമായോ പ്രതികൂലമായോ ഇടവിടാതെ സംസാരിക്കാൻ തുടങ്ങും.
ഓർമിക്കുക നിങ്ങളുടെ മനസ്സ് നിങ്ങളുടേതല്ല. നിങ്ങളുടെ ശരീരം നിങ്ങളുടേതല്ല, അത് നിങ്ങളുടെ മാതാപിതാക്കളിൽനിന്നും വന്നുചേർന്നതാണ്. നിങ്ങളുടെ മനസ്സും നിങ്ങളുടേതല്ല. അതും നിങ്ങളുടെ രക്ഷാകർത്താക്കളിൽ നിന്നും വന്നുചേർന്നതാണ്. അപ്പോൾ നിങ്ങൾ ആരാണ്? ധ്യാനിക്കുക.
----- ഓഷോ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ