ഞാൻ ക്രിസ്തുവിനു പൂർണമായും അനുകൂലമാണ്. എന്നാൽ എന്റെ ഒരു അംശം പോലും ക്രിസ്തുമതത്തെ പിന്തുണയ്ക്കുന്നില്ല. നിങ്ങൾക്ക് ക്രിസ്തുവിനെ ആവശ്യമുണ്ടെങ്കിൽ ക്രിസ്തുമതത്തിനപ്പുറം പോകേണ്ടതുണ്ട്. ക്രിസ്തു എല്ലാ പള്ളികൾക്കും സഭകൾക്കും അതീതനാണ്.
ഞാൻ ക്രിസ്തുവിനെകുറിച്ച് സംസാരിക്കാം. എന്നാലത് ക്രിസ്തുമതത്തെകുറിച്ചായിരിക്കില്ല. ക്രിസ്തുമതവും ക്രിസ്തുവുമായി ബന്ധമൊന്നുമില്ല. സത്യത്തിൽ ക്രിസ്തുമതം ക്രിസ്തുവിരുദ്ധമാണ് - ബുദ്ധമതം ബുദ്ധവിരുദ്ധമായിരിക്കുന്നതുപോലെ. ക്രിസ്തുവിൽ സംഘടനക്കതീതമായ എന്തോ ഒന്നുണ്ട്, അതിന്റെ സ്വഭാവം തന്നെ കലാപമാകുന്നു. ഒരു കലാപത്തെ സംഘടനയ്ക്കുള്ളിലൊതുക്കുവാനാകില്ല. സംഘടനയ്ക്കു വിധേയമാകുന്ന നിമിഷം നിങ്ങളതിനെ വധിക്കുകയാണ്. പിന്നീട് അവശേഷിക്കുക മൃതദേഹം മാത്രമായിരിക്കും, നിങ്ങൾക്കതിനെ ആരാധിക്കാം, എന്നാൽ അതുമുഖേന ഒരു പരിവർത്തനം നിങ്ങൾക്കസാധ്യമായിരിക്കും. അതു നിങ്ങൾക്ക് ഭാരമായിത്തീരുകയേയുള്ളു, വിമോചനമായിത്തീരുകയില്ല.
ക്രിസ്തു ആത്മീയതയുടെ അടിസ്ഥാനതത്വം തന്നെയാകുന്നു. യേശുവിന്റെ ജനനം ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമേറിയ ദിനമായിത്തീർന്നതു വെറുമൊരു യാദൃശ്ചികമായ ഒത്തുചേരലല്ല, അതങ്ങനെത്തന്നെ ആയിരിക്കണം. ക്രിസ്തുവിനുമുമ്പ് ഒരു ലോകം, ക്രിസ്തുവിനുശേഷം തികച്ചും വ്യത്യസ്തമായ മറ്റൊരു ലോകം - മനുഷ്യാവബോധത്തിൽ വ്യക്തമായ ഒരു വേർതിരിവ്. പല കലണ്ടറുകളുണ്ടെങ്കിലും ക്രിസ്തുവിനെ ആധാരമാക്കിയുള്ള കലണ്ടർ തന്നെയാണ് ഏറ്റവും പ്രസക്തം.
ക്രിസ്തുമതം, ക്രിസ്തുവചനങ്ങളെ അനേകം കപടവ്യഖനങ്ങളെ കൊണ്ട് മൂടികളഞ്ഞിരിക്കുന്നതുകാരണം അതിന്റെ തനതായ പുതുമ നഷ്ട്ടപെട്ടുപോയിരിക്കുന്നു. എന്താണ് പറയുന്നതെന്നതിന്റെ അർത്ഥമറിയാതെ തത്തകളെപോലെ വെറുതെ ഉരുവിട്ടുകൊണ്ടിരിക്കുന്ന പുരോഹിതന്മാരുടെ വായിലൂടെ അവയുടെ സാംഗത്യം അപ്രത്യക്ഷമായിരിക്കുന്നു. ഈ വചനങ്ങൾ അർത്ഥമറിയാതെ ഉരുവിട്ടുകൊണ്ടിരിക്കാൻ അവർക്കു യാതൊരു ശങ്കയും തോന്നുന്നില്ല. അവയുടെ പവിത്രതയ്ക്കുമുന്നിൽ അവർക്ക് അല്പം പോലും വിറയലുണ്ടാകുന്നില്ല. യാന്ത്രിക റോബോട്ടുകളെപോലെ അവരുടെ ആംഗ്യങ്ങൾ എല്ലാം കപടമാണ്, കാരണം അവയെല്ലാം പരിശീലിപ്പിക്കപ്പെട്ടതാണ്.
ക്രിസ്തു, ബുദ്ധനെപ്പോലെ മഹാവീരനെപോലെ ആത്മീയതയുടെ പരമകോടിയിലെത്തിയ മഹാത്മാവാണ്. ക്രിസ്തുത്വം അഥവാ ബുദ്ധത്വം, നിർവാണം, മോക്ഷം, ബോധോദയം - അവ സംഭവിക്കുന്നത് ഒരു നിമിഷാംശത്തിലാണ്. അവയ്ക്കു പിന്നിൽ ഒരു ക്രമാനുഗത്വം ഇല്ല. അവ പൊടുന്നനെ ഉണ്ടാകുന്ന പരിവർത്തനങ്ങളാണ്.
ഓഷോ.... ഓഷോ..... ഓഷോ..... ( പുസ്തകം - 'അഗ്നിസമാനമായ വചനങ്ങൾ'.)
" ഞാൻ ബൈബിളിനെ സ്നേഹിക്കുന്നു. അതിന്റെ കവിതയെ സ്നേഹിക്കുന്നു. എന്നാൽ ഞാനൊരു ക്രിസ്ത്യാനിയല്ല - ഞാൻ കേവലം ഞാനാകുന്നു. ആ കവിത എനിക്കിഷ്ട്ടമാണ്, എങ്കിലും ഞാനത് എന്റെ രീതിയിലാണ് ആലപിക്കുന്നത്....... യേശു സംസാരിച്ചു കഴിഞ്ഞിട്ട് 2000 വർഷം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അദേഹത്തിന്റെ വാക്കുകൾ എന്നത്തേയും പോലെ ഇന്നും നവോന്മേഷവും നവജീവനും തുടിക്കുന്നവയാണ്. അവ ഒരിക്കലും പഴഞ്ചനാകാൻ പോകുന്നില്ല. അവയ്ക്ക് പ്രായമാകുന്നില്ല. അവ പുത്തനും യുവത്വവും തുളുമ്പുന്നതുമായി എന്നെന്നും നിലനിൽക്കും.... "
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ