സ്ഥൂലശരീരത്തെ ആശ്രയിച്ചാണ് ബാഹ്യലോകവുമായുള്ള സകല വ്യാപാരവും ജീവൻ നിർവഹിക്കുന്നത്. ഗൃഹസ്ഥന് തന്റെ ഗൃഹം എപ്രകാരമാണോ അപ്രകാരമാണ് ജീവന് ഈ സ്ഥൂലശരീരം. .
മനുഷ്യൻ വീട്ടിൽ താമസിക്കുന്നു. ജോലിചെയ്യാൻ നിത്യവും വെളിയിൽ പോകുന്നു. ജീവിതവൃത്തിക്കുള്ള വക സമ്പാദിച്ച് തിരിച്ച് വീട്ടിൽ വന്ന് ആഹാരം കഴിച്ച് വിശ്രമിക്കുന്നു. വീട്ടിൽ ക്ഷീണിതനായി കിടന്നുറങ്ങി ക്ഷീണം തീർത്ത് അടുത്ത ദിവസം വീണ്ടും ജോലിക്കായി പുറത്തു പോകുന്നു. അതുപോലെ ദേഹി സ്ഥൂലദേഹത്തെ ആസ്ഥാനമാക്കി ബാഹ്യലോകത്തിൽ വ്യാപരിക്കുന്നു. ദേഹത്തിന് വെളിയിലുള്ള വിഷയങ്ങളുമായി ബന്ധപ്പെടുകയും തിരികെ ദേഹത്തിൽ നിന്ന് സുഖദുഃഖങ്ങൾ അനുഭവിക്കയും ചെയ്യുന്നു.
അനുകൂലമോ പ്രതികൂലമോ ആയ സാഹചര്യങ്ങൾ മൂലം വന്നുചേരുന്ന സുഖവും ദുഃഖവും നമുക്ക് വെളിയിലല്ല അനുഭവപ്പെടുന്നത്. വിഷയങ്ങളെല്ലാം പുറത്താണെങ്കിലും സുഖദുഃഖങ്ങളുടെ അനുഭവം എപ്പോഴും അകത്തുതന്നെയാണ്. ഇതിൽ നിന്ന് വ്യക്തമാകുന്നതെന്ത്? മനസ്സ് വെളിയിൽപ്പോയി ബാഹ്യവിഷയങ്ങളുമായി സമ്പർക്കം പുലർത്തുന്നു. വ്യാപാരം കഴിഞ്ഞ് വീണ്ടും ഉള്ളിൽത്തന്നെ തിരിച്ചുവന്ന് സമ്പാദിച്ച സുഖവും ദുഃഖവും അനുഭവിക്കയും ചെയ്യുന്നു.
ഈ നിലയ്ക്കു നോക്കുമ്പോൾ ബാഹ്യലോകത്തെ അനുഭവിക്കാനുള്ള ഒരുപകരണം മാത്രമല്ല സ്ഥൂലദേഹം. കർത്തൃത്വ- ഭോക്തൃത്വ അഭിമാനിയായ ജീവൻ താമസിക്കുന്ന വീടാണിത്. ജീവൻ ഇതിലിരുന്ന് വിശ്രമിക്കുകയും വെളിയിൽ പോവുകയും വീണ്ടും തിരിച്ചുവരികയും ചെയ്യുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ