ഹോട്ടലുടമയും ഹോട്ടലില്‍ തൂപ്പുകാരനായി ജോലി ചെയ്യുന്ന തൊഴിലാളിയും തമ്മിലുള്ള ഒരു സംഭാഷണം.
”മുപ്പതു വര്‍ഷമായി ഞാനീ ഹോട്ടലില്‍ ജോലി ചെയ്യുന്നു. ഈ കാലയളവില്‍ നിങ്ങളെനിക്കു കൂട്ടിത്തന്ന ശമ്പളം വെറും രണ്ടായിരം രൂപ..! ഇതാരോടെങ്കിലും പറയാന്‍ പറ്റുമോ മുതലാളീ…?”
”എന്താ നിന്റെ പ്രശ്‌നം.. ഒന്നു തെളിച്ചു പറയൂ..”
”ഞാനിവിടെ ആദ്യമായി ജോലിയില്‍ കയറുമ്പോള്‍ ഇതൊരു ചെറിയ ചായ മക്കാനി മാത്രമായിരുന്നു. ഇപ്പോള്‍ ടൂറിസ്റ്റുകള്‍ നിരന്തരം കയറിയിറങ്ങുന്ന വലിയ റെസ്റ്റോറന്റായി.. എന്നിട്ടും മാന്യമായ ഒരു ശമ്പളം നല്‍കാന്‍ നിങ്ങള്‍ക്കായിട്ടില്ല. എന്റെ ശേഷം വന്ന എത്ര ആളുകള്‍ക്ക് നിങ്ങള്‍ ശമ്പളം കൂട്ടിക്കൊടുത്തു. സീനിയോരിറ്റിക്ക് ചെറിയൊരു പരിഗണനയെങ്കിലും നല്‍കേണ്ടതില്ലേ…”
”ഓഹോ, അപ്പോള്‍ അതാണു വിഷയം.. എങ്കില്‍ ഞാനൊരു കാര്യം ചോദിച്ചോട്ടെ…”
”ചോദിക്കുന്നതിനു കുഴപ്പമില്ല. പക്ഷേ, എന്റെ ആവശ്യം നിറവേറ്റിത്തരണം”
”നിറവേറ്റിത്തരാം. അതിനു മുന്‍പ് എനിക്കൊന്ന് ചോദിക്കാനുണ്ട്. നിങ്ങളെന്നെങ്കിലും ഈ ഹോട്ടല്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നോ? സ്വപ്നത്തിലെങ്കിലും?”
”ഈ ഹോട്ടല്‍ സ്വന്തമാക്കുകയോ.? നിങ്ങളെന്താ ഈ പറയുന്നത്.?”
”ഒരു ഹോട്ടലുടമയാകാന്‍ മോഹിക്കുകയെങ്കിലും ചെയ്തിരുന്നോന്ന്?”
”ഞാനെങ്ങനെയാ ഒരു ഹോട്ടലുടമയാവുക? ഞാനൊരു തൂപ്പുകാരനല്ലേ. അതല്ലേ എന്റെ ജോലി?”
”ഇതുതന്നെയാണ് നിന്റെ പ്രശ്‌നം. മുപ്പതുവര്‍ഷം മുന്‍പ് നീ എവിടെയായിരുന്നോ അവിടെ തന്നെയാണ് നീ ഇപ്പോഴുമുള്ളത്..? ഈ തൂപ്പുജോലിയില്‍നിന്നു മാറി ഉയര്‍ന്ന വല്ല തസ്തികയും സ്വപ്നം കാണാന്‍ ഇത്രയും കാലമായിട്ട് നിനക്കായില്ല! പിന്നെ എങ്ങനെയാണ് ശമ്പളം കൂട്ടിക്കിട്ടുക..? നിന്നിടത്തുതന്നെ നിന്നാല്‍ വളര്‍ച്ചയുണ്ടാകുമോ… വളര്‍ച്ചയുണ്ടെങ്കിലല്ലേ നേട്ടങ്ങളുമുണ്ടാവൂ…” പൊതുവെ ആറു തരക്കാരാണു മനുഷ്യര്‍. അതില്‍ ഏതിലാണെന്നറിഞ്ഞാല്‍ തന്റെ നിലവാരം ഒരാള്‍ക്ക് അളക്കാന്‍ പറ്റും. ഇനി ഞാനെന്തു ചെയ്യണമെന്നതിനെ കുറിച്ച് ചെറിയൊരു ബോധവും മനസിലുദിക്കും. ലിസ്റ്റ് ചുവടെ ചേര്‍ക്കാം:
ഒന്ന്: ലക്ഷ്യബോധമില്ലാത്തവര്‍.
ജനിച്ചതുകൊണ്ട് ജീവിച്ചങ്ങനെ പോകുന്ന വിഭാഗം. മൃഗങ്ങളെപ്പോലെ തീറ്റ, കുടി, ഭോഗം, ഉറക്കം തുടങ്ങിയവയല്ലാതെ മറ്റൊരു അജന്‍ഡയും ജീവിതത്തിലവര്‍ക്കില്ല. എന്തിനാണ് ഇവിടെ വന്നത്, എവിടേക്കാണ് പോകുന്നത് തുടങ്ങിയ ചിന്തകള്‍ അവര്‍ക്കന്യം. ഇന്നലെയും ഇന്നും നാളെയും അവര്‍ക്കൊരുപോലെ. എന്നാലോ, ജീവിതത്തെപ്പറ്റി പരാതിയങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. ജനങ്ങളില്‍ വച്ചേറ്റവും താഴെ കിടക്കുന്നത് ഇവരാണ്.
രണ്ട്: ലക്ഷ്യബോധമുണ്ടെങ്കിലും അതെങ്ങനെ നേടണമെന്നറിയാത്തവര്‍.
ഭാവിയില്‍ എന്താവണമെന്നാണ് മോഹിക്കുന്നതെന്നു ചോദിച്ചാല്‍ വലിയ വായില്‍ അവര്‍ പറയും; ഡോക്ടറാവണം, എന്‍ജിനീയറാവണം, പ്രധാനമന്ത്രിയാവണം എന്നൊക്കെ. പക്ഷേ, ആ ഡയലോഗിനപ്പുറം ലക്ഷ്യം നേടാനുള്ള ഒരു ശ്രമവും അവരുടെ ഭാഗത്തു നിന്നുണ്ടാവില്ല. എങ്ങനെയാണ് ആ ലക്ഷ്യം നേടേണ്ടതെന്ന അറിവിന്റെ അഭാവമാണ് അവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ഒന്നാം വിഭാഗക്കാരുടെ മുകളിലാണ് ഇവരുടെ സ്ഥാനം.
മൂന്ന്: ലക്ഷ്യബോധമുണ്ട്, അതെങ്ങനെ നേടിയെടുക്കണമെന്നുമറിയാം. പക്ഷേ, അതിനുള്ള ശേഷിയില്‍ അവര്‍ക്കു മതിപ്പില്ല.
ശാസ്ത്രജ്ഞനാവാനാണ് ആഗ്രഹം. അതിനെന്തൊക്കെ ചെയ്യണമെന്നും അറിയാം. പക്ഷേ, താന്‍ അതിനു മുതിര്‍ന്നാല്‍ വിജയിക്കുമോ എന്ന ആശങ്ക കുഴക്കും. പുസ്തകങ്ങള്‍ പരമാവധി വാങ്ങിക്കൂട്ടുമെങ്കിലും വായിക്കില്ല. ഇവര്‍ക്ക് വിജയിക്കണമെന്നുണ്ടെങ്കിലും വിജയപാതയില്‍ അടിയുറച്ചു നില്‍ക്കാനുള്ള ആര്‍ജവമാണ് ഇല്ലാത്തത്.
നാല്: ലക്ഷ്യബോധവും അതു നേടിയെടുക്കാനുള്ള വഴിയും അതിനുള്ള കഴിവുമുണ്ട്. പക്ഷേ, ആളുകളുടെ അഭിപ്രായങ്ങള്‍ക്കൊത്ത് തുള്ളിക്കളയും. ഈ ജോലിയേക്കാള്‍ ആ ജോലിയാണ് നിനക്കു നല്ലതെന്നു പറഞ്ഞാല്‍ അവരാ ജോലിക്കു പിന്നാലെ പോകും. സത്യത്തില്‍ അവര്‍ക്കു താല്‍പര്യമുള്ളത് നിലവിലെ ജോലിയായിരിക്കും. എന്നാലും മറ്റുള്ളവരുടെ അഭിപ്രായം മാനിച്ച് നിലവിലുള്ളതൊഴിവാക്കി അവര്‍ പറഞ്ഞതാണിവര്‍ തിരഞ്ഞെടുക്കുക. നിര്‍മിച്ചതു മുഴുവന്‍ മറ്റുള്ളവരുടെ വാക്കുകേട്ട് പൊളിച്ചുകളയുന്നവര്‍. നിലാപാടില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയാത്ത ദുര്‍ബല മാനസര്‍.
അഞ്ച്: ആരുടെയും അഭിപ്രായത്തില്‍ വീഴാതെ ലക്ഷ്യം നേടിയെടുക്കാന്‍ ആര്‍ജവമുള്ളവര്‍. പക്ഷേ, ലക്ഷ്യം നേടുന്നതുവരെ അവര്‍ക്ക് ആവേശമുണ്ടാകും. നേടിക്കഴിഞ്ഞാല്‍ അതില്‍തന്നെ നിലകൊള്ളും. പിന്നെ ഒരടി മുന്നോട്ടുപോകില്ല. ഡോക്ടറായിക്കഴിഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ ഒരു സാധാരണ ഡോക്ടര്‍. അധ്യാപകനായാല്‍ മരണംവരെ കേവലമൊരു അധ്യാപകന്‍. മുപ്പതു വര്‍ഷം മുന്‍പത്തെ പെട്ടിക്കടയില്‍ തന്നെയായിരിക്കും മരണം വരെ അവര്‍ ജോലി ചെയ്യുക. തന്റെ പോസ്റ്റിനെ അപ്‌ഡേറ്റ് ചെയ്യാതെ ഒതുങ്ങിപ്പോകുന്ന വിഭാഗമാണിവര്‍.
ആറ്: ലക്ഷ്യം അന്തസോടെ നേടിയെടുക്കുകയും തുടര്‍ന്ന് ആ ലക്ഷ്യം നിരന്തരം അപ്‌ഡേറ്റ് ചെയ്ത് പുരോഗതിയില്‍നിന്ന് പുരോഗതിയിലേക്കു പറന്നുകൊണ്ടേയിരിക്കുകയും ചെയ്യുന്നവര്‍. അവര്‍ക്കു മുന്നില്‍ ആകാശമല്ലാതെ മറ്റൊരു പരിധിയില്ല. ‘എല്ലാമായി, ഇനി നിര്‍ത്താം’ എന്ന ചിന്ത അവരെ ഒരിക്കലും പിടികൂടുകയില്ല. നേടിനേടി നൂറിലെത്തിയാല്‍ അടുത്ത ഉന്നം നൂറ്റിയൊന്നിലെത്തലായിരിക്കും. അതു കഴിഞ്ഞാല്‍ നൂറ്റി രണ്ടില്‍… അങ്ങനെ അറ്റമില്ലാത്ത ജൈത്രയാത്ര… അവര്‍ക്ക് വിജയമെന്നാല്‍ വിശ്രമിക്കാനുള്ള സര്‍ട്ടിഫിക്കറ്റല്ല, ശ്രമം തുടരാനുള്ള പ്രോത്സാഹനമാണ്. ഇവരാണ് ജനങ്ങളില്‍വച്ചേറ്റം ഉന്നതര്‍. പ്രതിഭാശാലികള്‍. ചരിത്രത്തില്‍ ഇടം നേടുക ഇവര്‍ മാത്രമായിരിക്കും. മറ്റുള്ളവര്‍ സാധാരണക്കാരായി മാത്രം ഒതുങ്ങും. ജീവിതം നിരന്തരമായ യാത്രയാണെങ്കില്‍ യാത്ര എവിടെയും നിന്നുപോകരുത്. നിന്നുപോയാല്‍ യാത്ര അവസാനിക്കും. അവസാനിച്ചാല്‍ യാത്ര യാത്രയല്ലാതായി മാറി. ജീവിത്തിലെ ഓരോ നേട്ടങ്ങളും കോമകള്‍ മാത്രമാണ്; ഫുള്‍സ്റ്റോപ്പുകളല്ല. മരണമാണ് ഈ ലോകത്തെ ഫുള്‍സ്റ്റോപ്പ്. അതുവരെയുള്ള ഏതു നേട്ടങ്ങളും കോമകള്‍ മാത്രം. കോമകളില്‍ നിന്നുപോകുന്ന വാക്യം അപൂര്‍ണം. എത്തിയിടത്തുനില്‍ക്കാതെ വീണ്ടും എത്തിപ്പിടിക്കാനുള്ള മേഖലകള്‍ അന്വേഷിക്കുക. എത്തിപ്പിടിക്കലുകള്‍ നിരന്തരം നടക്കട്ടെ. അപ്പോള്‍ നാം ആര്‍ക്കും എത്തിപ്പിടിക്കാനാവാത്തിടത്തെത്തും.
ഇനി ഒരൊറ്റ ചോദ്യം....
*താങ്കൾ മേൽ പറഞ്ഞ ഗണങ്ങളിൽ ഏതിലാണ് ഉൾപ്പെടുന്നത്...?* *പരിവർത്തനത്തിന് സ്വയം തയാറാവൂ..*💐💐💐
*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ