തീർത്തും ബധിരരായ അൽപ്പം ചിലരൊഴികെ എല്ലാവരും കരുതുന്നത് തനിക്ക് ശ്രവണശേഷി ഉണ്ടെന്നാണ്. അന്ധന്മാരായ അൽപ്പം ചിലരൊഴികെ, എല്ലാവരും വിചാരിക്കുന്നത് തനിക്ക് ദർശനശേഷി ഉണ്ടെന്നാണ്. എന്നാൽ ഇതു ശരിയല്ല. ശരിയായ ശ്രവണമെന്നാൽ അഗാധമായ പ്രേമത്തോടും സഹഭാവത്തോടും കൂടി ശ്രദ്ധിക്കലെന്നാണർത്ഥം. ഒരാൾ എതിർപ്പുള്ള രീതിയിൽ ശ്രദ്ധിക്കാം, മുൻ കൂട്ടി തെയ്യാറാക്കിയ നിഗമനങ്ങളോടുകൂടി ശ്രദ്ധിക്കാം; ഒരുവൻ എല്ലാ മുൻ ധാരണകളോടും കൂടി, മനസ്സിന്റെ എല്ലാവിധ അനുശീലനങ്ങളോടും കൂടി ശ്രദ്ധിക്കാം. എന്നാൽ അതൊന്നും ശരിയായ ശ്രദ്ധിക്കലല്ല.
.എന്നാൽ പ്രേമത്തിന് അതെല്ലാം ഒരുവശത്തേക്ക് മാറ്റി വെക്കാനുള്ള പ്രാപ്തിയുണ്ട്. പ്രേമത്തിന്നു നിശ്ശബ്ദതയിൽ ശ്രദ്ധിക്കുവാനുള്ള ശേഷി ഉണ്ട്. അപ്പോൾ ഏത് കാര്യത്തിനും ബോധപ്രാപ്തിയുടെ പ്രക്രിയക്ക് ആക്കം കൂട്ടുവാൻ കഴിയും. മേൽക്കൂരയിൽ വീണുകൊണ്ടിരിക്കുന്ന ഈ മഴയുടെ ശബ്ദം .... ഒരുവന് ശരിയായി ശ്രദ്ധിക്കുവാൻ കഴിയുമെങ്കിൽ - യാതൊരാശയവും കൂടാതെ, വ്യാഖ്യാനിക്കുവാനുള്ള യാതൊരു മോഹവും കൂടാതെ, മനസ്സിലാക്കുവാനുള്ള യാതൊരു ശ്രമവും കൂടാതെ - അപ്പോൾ ഇത് തന്നെ മതിയാകും. അപ്പോഴത് തീർച്ചയായും മേൽക്കൂരയിൽ വീഴുന്ന മഴയല്ല എന്ന് നിങ്ങൾ കണ്ടെത്തും. അത് ദൈവം തന്നെയാണെന്ന് നിങ്ങൾ കണ്ടെത്തും. അപ്പോൾ പൈന്മരങ്ങൾക്കിടയിലൂടെ തെന്നി നീങ്ങുന്ന ഇളം കാറ്റ് പൈൻ മരങ്ങൾക്കിടയിലൂടെ നീങ്ങുന്ന ദൈവമാകുന്നു; പാഞ്ഞൊഴുകുന്ന വെള്ളം... എന്ത് കാര്യവും.... നിങ്ങൾ എന്താണ് ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്റെ പ്രശ്നമല്ല അത്, അടിസ്ഥാനപരമായ പ്രശ്നം നിങ്ങൾ എങ്ങനെ ശ്രദ്ധിക്കുന്നു എന്നുള്ളതാണ്. പ്രേമത്തോടെ ശ്രദ്ധിക്കുക, അപ്പോൾ സത്യം അതിവിദൂരത്തിലല്ല.
.ഓഷോ
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ