സ്ത്രീയും പുരുഷനും ഒരേ മാനുഷികതയുടെ ഭാഗങ്ങളാണ്. രണ്ടിന്റെയും ഗുണങ്ങൾ പരസ്പരപൂരകങ്ങളാണ്. രണ്ടു പേരും ചേർന്ന് ഒരു ജൈവപൂർണതയായിത്തീരണം. അതേസമയം പൂർണ സ്വാതന്ത്രരുമായിരിക്കണം. അങ്ങനെയാകുമ്പോൾ നമുക്ക് മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിക്കാനാകും. പുരുഷനും സ്ത്രീയും തുല്യരല്ല, തുല്യരല്ലാതെയുമല്ല - അവർ അതുല്യരാണ്. അതുല്യരായ രണ്ടു സ്വത്വങ്ങളുടെ മേളനം ദിവ്യമായ മറ്റൊന്നിന് അസ്തിത്വം നൽകും.
സ്ത്രീ എപ്പോഴും സ്ത്രീയായിരിക്കണം. പലതും അവളെ ആശ്രെയിച്ചിരിക്കുന്നു. അവൾ ശരിക്കും പ്രാധാന്യമുള്ളവളാണ്. അവൾ ആണിനേയും പെണ്ണിനേയും ഗർഭത്തിൽ വഹിക്കുന്നവളാണ്. കരുത്തിന് പല തലങ്ങളുണ്ട് - ഒമ്പതു മാസം കുഞ്ഞിനെ ഉദരത്തിൽ ചുമക്കാൻ കരുത്തും ഓജസും സ്നേഹവും ആവശ്യമാണ്. മറ്റൊരാത്മാവിന് ശരീരം നൽകുക, തലച്ചോറും മനസും നൽകുക എന്നത് മഹത്തരം തന്നെയാണ്. പ്രസവവും കുഞ്ഞിനെ വളർത്തലും സ്ത്രീയുടെ കരുത്താണ്. സ്നേഹം, ക്ഷമ, സഹനശക്തി, ആത്മാർത്ഥത, സ്വാഭാവികത ഇവയൊക്കെ സ്ത്രൈണഗുണങ്ങളാണ്. ഞാൻ ആഗ്രഹിക്കുന്നത് ലോകം മുഴുവൻ സ്ത്രൈണഗുണങ്ങൾ നിറയണമെമെന്നാണ്. അപ്പോൾ മാത്രമേ യുദ്ധം ഇല്ലാതാവുകയുള്ളൂ, വിവാഹം ഇല്ലാതാവുകയുള്ളൂ, രാഷ്ട്രങ്ങൾ അപ്രത്യക്ഷമാകുകയുള്ളൂ. അപ്പോൾ മാത്രമേ ഏകലോകം സാധ്യമാകുകയുള്ളൂ. സ്നേഹസുരഭിലമായ, ശാന്തി നിറഞ്ഞ, മൗനവും മനോഹരവുമായ ഏകലോകം.
പുരുഷൻ യോദ്ധാവാണ്. വെല്ലുവിളിക്കപെട്ടാൽ ഏതു ഗുണവും അവൻ വളർത്തിയെടുക്കും. പോരാടാനുള്ള അവന്റെ ആവേശം കാര്യങ്ങളെ സന്തുലിതമാക്കുന്നു. സ്ത്രീയും പുരുഷനും തമ്മിൽ വ്യത്യാസമുണ്ട്. ആ വ്യത്യാസമാണ് അവരുടെ പരസ്പരമുള്ള ആകർഷണം സൃഷ്ടിക്കുന്നത്. പുരുഷന്മാർ അല്ലെങ്കിൽ സ്ത്രീകൾ മാത്രമുള്ള ഒരു ലോകത്തെക്കുറിച്ചു സങ്കല്പിച്ചുനോക്കൂ. അത് വളരെ വിരൂപവും വികൃതവുമായിരിക്കും. ജീവിതം സമ്പന്നമാണ്, വ്യത്യാസങ്ങൾ ഉള്ളതുകൊണ്ട്, വ്യത്യസ്ത നിലപാടുകളും, വ്യത്യസ്ത മനോഭാവങ്ങളും, വ്യത്യസ്ത അഭിപ്രായങ്ങളും ഉള്ളതുകൊണ്ട് ആളുകൾ ഉയർന്നവരോ താഴ്ന്നവരോ അല്ല. വ്യത്യസ്തരാണ് അത്രമാത്രം. സ്ത്രീ സ്ത്രീയും പുരുഷൻ പുരുഷനുമാണ്. തമ്മിൽ താരതമ്യമില്ല. അവർ തുല്യരല്ല, തുല്യരല്ലാതെയുമല്ല - അവർ അതുല്യരാണ്.
ഓഷോ ......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ