2019, ഡിസംബർ 12, വ്യാഴാഴ്‌ച

എവിടുന്ന് അങ്ങ് വന്നു? എങ്ങോട്ടു പോകുന്നു? എന്തിനാണീ ജീവിതം?"


വ്യാസമഹർഷി ചാർവാകമഹർഷിയോടു ചോദിച്ചു "എവിടുന്ന് അങ്ങ് വന്നു? എങ്ങോട്ടു പോകുന്നു? എന്തിനാണീ ജീവിതം?" ചാർവാകൻ "ഞാനെന്റെ പിതൃഗൃഹത്തിൽ നിന്നു വരുന്നു. അങ്ങാടിയിൽ പോകുന്നു. സുഖിക്കുക അതാണ് ജീവിത ലക്ഷ്യം"

ഗോവിന്ദ ഭഗവത്പാദർ ശങ്കരാചര്യരോട് "എവിടുന്ന് നീ വന്നു? എങ്ങോട്ടു പോകുന്നു? എന്തിനാണീ ജീവിതം?" ശ്രീ ശങ്കരൻ "ഞാൻ പൂർണ്ണത്തിൽ നിന്നു വന്നു. പൂർണ്ണത്തിലേക്കു പോകുന്നു. ഓരോ ചുവടും പൂർണത അനുഭവിക്കാനാണീ ജന്മം."

ശ്രീബുദ്ധൻ മഹാ കശ്യപനോട് "എവിടുന്ന് അങ്ങ് വന്നു? എങ്ങോട്ടു പോകുന്നു? എന്തിനാണീ ജീവിതം?" മഹാകാശ്യപൻ "ഞാൻ ശൂന്യതയിൽ നിന്നു വന്നു ശൂന്യതയിലേക്കു മടങ്ങുന്നു. ജീവിത ലക്ഷ്യം അങ്ങനെയൊന്നില്ല. ഉള്ളത് ശൂന്യത മാത്രം."

അഷ്ടാവക്രൻ ജനകനോട് "എവിടന്ന് അങ്ങു വന്നു? എങ്ങോട്ടു പോകുന്നു? എന്തിനാണീ ജീവിതം?" ജനകൻ "ഞാൻ എങ്ങുനിന്നും വന്നില്ല. എങ്ങോട്ടും പോകുന്നില്ല. അതു കൊണ്ടു തന്നെ ഒരു ലക്ഷ്യവും ഇല്ല."

ശ്രീകൃഷണൻ പുഞ്ചിരിച്ചു അത്ര മാത്രം, ചോദ്യമൊന്നും ചോദിച്ചില്ല. ഭീഷ്മർ പുഞ്ചിരിച്ചു, ഉത്തരമൊന്നും പറഞ്ഞതുമില്ല.

ഏകമായ സത്യത്തെ പലർ സ്വീകരിക്കുന്നതും പറയുന്നതും പല വിധം. ഏകം സത് വിപ്രാ ബഹുദാ വദന്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ