2019, ഡിസംബർ 22, ഞായറാഴ്‌ച

എന്താണ് യഥാർത്ഥ മതം?


പ്രിയങ്കരനായ ഗുരോ, എന്താണ് യഥാർത്ഥ മതം?

ആളുകൾ മനസ്സിലാക്കിയിരിക്കുന്നതുപോലുള്ള ഒരു സംഗതിയല്ല മതം. അത് ക്രിസ്തുമതമല്ല, അത് ഹിന്ദുമതമല്ല, അത് മുഹമ്മദീയമതമല്ല. മതമെന്ന് പരക്കെ അറിയപ്പെടുന്നത് ഒരു മൃതശിലയാണ്.

ഞാൻ നിങ്ങളെ പഠിപ്പിക്കുന്നത് മതമല്ല ;മതാത്മകതയാണ്. ഒരു ഒഴുകുന്ന പുഴ, അത് നിരന്തരം സ്വയം ഗതി മാറുകയും, ഒടുവിൽ സമുദ്രത്തിലെത്തിച്ചേരുകയും ചെയ്യുന്നു.

ഒരു ശില വളരെ പുരാതനമായിരിക്കാം, ഏറെ അനുഭവസമ്പത്തും ഏതൊരു ഋഗ്വേദത്തെക്കാളും പഴക്കവും അതിനുണ്ടായിരിക്കാം. എന്നാലും ശില കേവലം ശില മാത്രമാണ്, അതു മൃതവുമാണ്. അത് ഋതുക്കൾക്കൊപ്പം ചലിക്കുന്നില്ല, അസ്തിത്വത്തോടൊപ്പം നീങ്ങുന്നില്ല, ഒരിടത്ത് കിടക്കുക മാത്രം ചെയ്യുന്നു. ഏതെങ്കിലുമൊരു ശില ഗാനമാലപിക്കുന്നതോ നൃത്തച്ചുവടുകൾ വയ്ക്കുന്നതോ നിങ്ങൾ കണ്ടിട്ടുണ്ടോ?

എന്നെ സംബന്ധിച്ചിടത്തോളം, മതം ഒരു ഗുണവിശേഷമാണ് ;ഒരു സംഘടനയല്ല.

ഈ ലോകത്ത് നിലവിലുള്ള സകല മതങ്ങളും --അവയുടെ എണ്ണം ചെറുതല്ല, മുന്നൂറ് മതങ്ങളുണ്ട്, ലോകത്ത് --മൃതമായ ശിലകളാണ്. അവ ഒഴുകുന്നില്ല, മാറ്റത്തിനു വിധേയമാകുന്നില്ല, കാലഗതിക്കൊത്തു സഞ്ചരിക്കുന്നുമില്ല. മൃതമായ യാതൊന്നും നിങ്ങളെ സഹായിക്കുവാൻ പോകുന്നില്ല --ഒരു ശവകുടീരം നിർമ്മിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ. അങ്ങനെ ആഗ്രഹിക്കുന്നപക്ഷം ഒരുപക്ഷെ ആ ശില സഹായകമായേക്കാം.

മതമെന്നു വിളിക്കപ്പെടുന്നവയെല്ലാം തന്നെ നിങ്ങൾക്കായി നിരന്തരം ശവകുടീരം തീർത്തുകൊണ്ടിരിക്കുകയാണ്. ഇതിനായി അവ നിങ്ങളുടെ ജീവിതവും സ്നേഹവും സന്തോഷവും നശിപ്പിക്കുകയും ദൈവത്തെയും സ്വർഗ്ഗനരകങ്ങളെയും പുനർജന്മവും അതുപോലുള്ള മറ്റെല്ലാവിധ ചപ്പുചവറുകളും മിഥ്യധാരണകളും കൊണ്ട് നിങ്ങളുടെ മനസ്സിനെ കുത്തിനിറയ്ക്കുകയും ചെയ്യുന്നു.

ഞാൻ വിശ്വസ്തതയർപ്പിക്കുന്നത് ഒഴുകിക്കൊണ്ടിരിക്കുന്നതിലാണ്, മാറിക്കൊണ്ടിരിക്കുന്നതിലാണ്, ചലിച്ചുകൊണ്ടിരിക്കുന്നതിലാണ്.... കാരണം, അതാണ്‌ ജീവിതത്തിന്റെ സ്വഭാവം. മാറ്റമില്ലാത്തതായി ഒരു കാര്യത്തെക്കുറിച്ചു മാത്രമേ അതിനറിയൂ, അതു മാറ്റമാണ്. മാറ്റം സംഭവിക്കാത്തതായി മാറ്റം മാത്രമേയുള്ളു. സർവ്വതും മാറിക്കൊണ്ടിരിക്കുന്നു.

മതം, മൃതമായ ഒരു സംഘടനയായിരിക്കുവാൻ പാടില്ല. അത് ഒരുതരം മതാത്മകതയായിരിക്കണം. സത്യസന്ധത, ആത്മാർത്ഥത, സ്വാഭാവികത, പ്രപഞ്ചവുമായുള്ള ഗാഢമായ ഒരു ഒത്തുപോകൽ, പ്രേമപൂർണ്ണമായ ഒരു ഹൃദയം, പൂർണ്ണതയോടുള്ള ഒരു സൗഹൃദം --ഇതെല്ലാമടങ്ങിയ ഒരു ഗുണവിശേഷമാണത്. ഇതിനുവേണ്ടി യാതൊരു മതഗ്രന്ഥത്തിന്റെയും ആവശ്യമില്ല.

വാസ്തവത്തിൽ, മതഗ്രന്ഥമെന്നത് ഒരിടത്തുമില്ല. മതഗ്രന്ഥങ്ങളെന്ന് വിളിക്കപ്പെടുന്നവ നല്ല സാഹിത്യകൃതികൾപോലുമാണെന്നു സ്വയം തെളിയിക്കുന്നില്ല. അവ ആരും വായിക്കുന്നില്ലെന്നത് നല്ല കാര്യം തന്നെ. കാരണം, അവ നിറയെ വൃത്തികെട്ട അശ്ലീലങ്ങളാണ്.

യഥാർത്ഥ മതാത്മകതക്കു ഒരു പ്രവാചകന്റെയോ രക്ഷകന്റെയോ പള്ളിയുടെയോ അമ്പലത്തിന്റെയോ പോപ്പിന്റെയോ പുരോഹിതന്റെയോ ആവശ്യമില്ല. കാരണം, മതാത്മകതയെന്നത് നിങ്ങളുടെ ഹൃദയത്തിന്റെ പുഷ്പീകരണമാണ്, നിങ്ങളുടെ സത്തയുടെ കേന്ദ്രത്തിലെത്തിച്ചേരലാണത്. സ്വന്തം സത്തയുടെ കേന്ദ്രത്തിൽ നിങ്ങൾ എത്തിച്ചേരുന്ന നിമിഷം ഒരു പൊട്ടിത്തെറിയുണ്ടാകുന്നു, സൗന്ദര്യത്തിന്റെയും പരമാനന്ദത്തിന്റെയും നിശ്ശബ്ദതയുടെയും പ്രകാശത്തിന്റെയും പൊട്ടിത്തെറി. നിങ്ങൾ തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിയായിത്തീരുവാൻ തുടങ്ങുന്നു. നിങ്ങളുടെ ജീവിതത്തിലെ അന്ധകാരമയവും അബദ്ധജടിലവുമായ സർവ്വ സംഗതികളും അപ്രത്യക്ഷമാകുന്നു. ഏർപ്പെടുന്ന ഏതൊരു കാര്യവും നിങ്ങൾ അങ്ങേയറ്റം തികവോടെയും പൂർണ്ണമായ അവബോധത്തോടെയും നിർവ്വഹിക്കുന്നു.

മതാത്മകത ലോകമെങ്ങും വ്യാപിക്കുന്ന പക്ഷം മതങ്ങൾ മങ്ങിമറിഞ്ഞുകൊള്ളും. മാത്രമല്ല, മനുഷ്യൻ ക്രിസ്ത്യാനിയോ, മുഹമ്മദീയനോ ഹിന്ദുവോ അല്ലാതെ കേവലം മനുഷ്യൻ മാത്രമായിത്തീരുമ്പോൾ അത് മനുഷ്യരാശിക്കു മഹത്തായ ഒരനുഗ്രഹമായിരിക്കും. ഈ അതിർവരമ്പുകൾ, ഈ വിഭജനങ്ങൾ, ചരിത്രത്തിലുടനീളം ആയിരക്കണക്കിന് യുദ്ധങ്ങൾക്കു കാരണമായിരുന്നു. മനുഷ്യചരിത്രത്തിലേക്കു തിരിഞ്ഞുനോക്കുകയാണെങ്കിൽ, ഭൂതകാലത്തിൽ നമ്മൾ ജീവിച്ചിരുന്നതു ഭ്രാന്തന്മാരെപ്പോലെയായിരുന്നുവെന്നു പറയുന്നതിനുള്ള പ്രേരണ നിങ്ങൾക്കു തടഞ്ഞുനിർത്താൻ കഴിയില്ല. ദൈവത്തിന്റ പേരിൽ, പള്ളിയുടെ പേരിൽ, അമ്പലത്തിന്റെ പേരിൽ, യാതൊരു തെളിവുമില്ലാതെ ആശയസംഹിതകളുടെ പേരിൽ, മനുഷ്യർ പരസ്പരം കൊന്നുകൊണ്ടേയിരിക്കുന്നു.

യാഥാർത്ഥമതം ഇതുവരെ ലോകത്ത് സംജാതമായിട്ടില്ല.

മതാത്മകത മനുഷ്യരാശിയുടെ യാഥാർത്ഥമനോഭാവമായിത്തീരാത്ത കാലത്തോളം മതമേയുണ്ടായിരിക്കുകയില്ല. ഞാനതിനെ മതാത്മകതയെന്നു വിളിക്കുവാൻ ശഠിക്കുന്നത് അതൊരു സംഘടനാവത്ക്കരിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ്.സ്നേഹത്തെ നിങ്ങൾക്കു സംഘടനാവത്ക്കരിക്കുവാൻ സാധിക്കുകയില്ല. സ്നേഹത്തിന്റെ പള്ളികളെകുറിച്ചോ, സ്നേഹത്തിന്റെ ക്ഷേത്രങ്ങളെക്കുറിച്ചോ, സ്നേഹത്തിന്റെ മോസ്കുകളെക്കുറിച്ചോ എപ്പോഴെങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ? പ്രണയം ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുമായുള്ള വൈയക്തികമായ ഇടപാടാണ്. മതാത്മകതയാകട്ടെ, വ്യക്തിയുടെ സമസ്തപ്രപഞ്ചവുമായുള്ള കൂടുതൽ ഉദാത്തമായ ഒരു പ്രണയബന്ധമാകുന്നു.

സമസ്ത പ്രപഞ്ചത്തോടും ഒരു മനുഷ്യൻ, മരങ്ങളോടും മലകളോടും സമുദ്രങ്ങളോടും നക്ഷത്രങ്ങളോടും പ്രണയത്തിലാകുമ്പോൾ പ്രാർത്ഥനയെന്നാലെന്താണെന്ന് അയാളറിയുന്നു. അത് അവാച്യമാണ്.... അഗാധമായ ഒരു നൃത്തവും ശബ്ദരഹിതമായ ഒരു സംഗീതവും അയാൾ തന്റെ ഹൃദയത്തിൽ അനുഭവിച്ചറിയുന്നു. നിത്യതയെ, അനശ്വരതയെ, എല്ലാ മാറ്റത്തിലും മാറ്റമില്ലാതെ നിലകൊള്ളുന്ന ആ സത്തയെ --സദാ സ്വയം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അതിനെ --ആദ്യമായി അയാൾ അനുഭവിച്ചറിയുന്നു. ഒരു മതാത്മകവ്യക്തിയായിത്തീരുകയും ക്രിസ്തുമതവും ഹിന്ദുമതവും മുഹമ്മദീയമതവും ജൈനമതവും ബുദ്ധമതവും ഉപേക്ഷിക്കുകയും ചെയ്യുന്ന ഏതൊരാളും ജീവിതത്തിലാദ്യമായി തന്റെ വൈയക്തികത പ്രഖ്യാപിക്കുകയാണ്.

മതാത്മകത വൈയക്തികമായ ഒരു വിഷയമാണ്. അത് നിങ്ങൾക്കു സമസ്തപ്രപഞ്ചത്തോടുമുള്ള പ്രേമസന്ദേശമാണ്.

അപ്പോൾ മാത്രമേ സകല തെറ്റിധാരണകളെയും മറികടക്കുന്ന ശാന്തി കടന്നുവരുകയുള്ളു. അല്ലാതെയുള്ള ഈ മതങ്ങളെല്ലാം ആളുകളെ ചൂഷണം ചെയ്തുകൊണ്ട്, അടിമകളാക്കികൊണ്ട്, വിശ്വസിക്കുവാൻ പ്രേരിപ്പിക്കുന്ന ഇത്തിക്കണ്ണികളായി വർത്തിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ വിശ്വാസങ്ങൾ ധിഷണാശക്തിക്കെതിരാണ്. അർത്ഥമില്ലാത്ത വാക്കുകൾ കൊണ്ട് പ്രാർത്ഥിക്കുവാൻ അവ ആളുകളെ നിർബന്ധിക്കുന്നു. ആ പ്രാർത്ഥനക്ക് അർത്ഥമില്ല, കാരണം, അവ നിങ്ങളുടെ ഹൃദയത്തിൽ നിന്നല്ല ഉറവെടുക്കുന്നത്, ഓർമ്മയിൽ നിന്നാണ്.

പരമ്പരാഗതവും യാഥാസ്ഥിതകവുമായ മതം മൃതമാണ്. മതാത്മകത നിങ്ങളുടെ ഹൃദയത്തിൽ ഉയർന്നുവരേണ്ടതുണ്ട്. പ്രപഞ്ചത്തിനു സമർപ്പിക്കപ്പെടുന്ന നിങ്ങളുടെ വൈയക്തികമായ പ്രണയസൗരഭ്യത്തിന്റെ ഉപഹാരമായിട്ടാണ് അതുയർന്നുവരേണ്ടത്. വ്യക്തിക്കു ദൈവംപോലുമാവശ്യമില്ല. കാരണം ദൈവം തെളിയിക്കപ്പെടാത്ത ഒരു പരികല്പനയാണ്. തെളിയിക്കപ്പെടാത്ത യാതൊന്നിനെയും മതാത്മകനായ ഒരുവന് അംഗീകരിക്കുവാൻ സാദ്ധ്യമല്ല. താൻ അനുഭവിച്ചറിയുന്നതിനെ മാത്രമേ അയാൾക്കംഗീകരിക്കാൻ കഴിയൂ.

എന്തെല്ലാമാണ് നിങ്ങൾക്കനുഭവവേദ്യമാകുന്നത്? --ശ്വാസോച്ഛ്വാസം, ഹൃദയസ്പന്ദനം... അസ്തിത്വം ശ്വസിക്കുകയും നിശ്വസ്സിക്കുകയും ചെയ്യുന്നു ; അസ്തിത്വം ഓരോ നിമിഷവും നിങ്ങൾക്കു നിങ്ങളുടെ ജീവചൈതന്യം പ്രദാനം ചെയ്തുകൊണ്ടിരിക്കുന്നു.

എന്നാൽ, നിങ്ങളൊരിക്കലും മരങ്ങളുടെ നേർക്ക് നോക്കിയിട്ടില്ല. പൂക്കളെയും അവയുടെ സൗന്ദര്യത്തെയും നിരീക്ഷിച്ചിട്ടില്ല. അവ അവ ദൈവീകമാണെന്ന് നിങ്ങൾ ഒരിക്കലും ചിന്തിച്ചിട്ടില്ല. നിലനിൽക്കുന്ന ഒരേയൊരു ദൈവീകത വാസ്തവത്തിൽ അതാകുന്നു.

ഈ അസ്തിത്വം മുഴുവൻ ദൈവീകത നിറഞ്ഞുനിൽക്കുന്നു. നിങ്ങൾ മതാത്മകതയാൽ നിറഞ്ഞിരിക്കുമ്പോൾ അതോടൊപ്പം ദൈവീകതയാൽ നിറഞ്ഞതായിത്തീരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് മതം.

(മതമല്ല മതാത്മകത ഞാൻ പഠിപ്പിക്കുന്നു )....... എന്ന പുസ്തകത്തിൽ നിന്നും................. ഓഷോ..................... ഓഷോ............... ഓഷോ............. ഓഷോ.............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ