2019, ഡിസംബർ 30, തിങ്കളാഴ്‌ച

മനുഷ്യന് പലപ്പോഴും തോൽവി നേരിടേണ്ടി വരുന്നത്.


ഒരു സാധാരണ മനുഷ്യനെ വിജയിയാക്കുന്നത് അയാളിലെ തീരുമാനമെടുക്കാനുള്ള കഴിവ് ആണ്. അത് തന്നെയാണ് അവനെ മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ഒരു മനുഷ്യന് പലപ്പോഴും തോൽവി നേരിടേണ്ടി വരുന്നത് നമ്മുടെ ജീവിതം എങ്ങനെ ആകണം എന്ന് വ്യക്തിപരമായ ഇച്ഛാശക്തിയിലൂടെ തീരുമാനമെടുക്കുവാൻ കഴിയാതെ പോകുന്നതിനാലാണ്.

ഓരോരുത്തരുടെയും മുന്നിൽ അവനവന്റെ ഇച്ഛയ്ക്ക് അനുസരിച്ച് അനവധി അവസരങ്ങൾ കിടപ്പുണ്ട്. എന്നാൽ ഒരേസമയം ഒന്നിലധികം അവസരങ്ങളെ തിരഞ്ഞെടുത്താൽ ഏതെങ്കിലും ഒന്നിനെ തഴയേണ്ടതായി വരുന്നു. അതായത് ഈ ലേഖനം വായിച്ചുകൊണ്ടിരിക്കുമ്പോൾ വേറെന്തെങ്കിലും ചെയ്യണമെന്ന് വിചാരിക്കുമെങ്കിലും നമ്മൾ ഒരു കാര്യം മുഴുമിക്കാതെ മറ്റൊന്നിലേക്ക് കടക്കുകയില്ലലോ. കുറച്ചുകൂടി വ്യക്തമാക്കിയാൽ ഒന്ന് നേടണമെങ്കിൽ മറ്റൊന്ന് ത്യജിച്ചെ മതിയാകു.

നമ്മൾ ചെയ്യുന്ന എല്ലാകാര്യങ്ങളും ഭംഗിയായി കലാശിക്കണമെന്നില്ല. ചിലപ്പോൾ ചെയ്യുന്നതിൽ പൂർണ്ണ സംതൃപ്തി ലഭിക്കണമെന്നും ഇല്ല. 'If you fail to plan, you plan to fail' എന്നപോലെ നമ്മൾ ചെയ്യേണ്ടുന്ന കാര്യം മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിക്കുകയും ആ തീരുമാനത്തിൽ നിന്ന് പിന്മാറാതെയിരിക്കുകയും ആ ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമ്പോൾ ആണ് നമ്മൾ ആഗ്രഹിച്ച ലക്ഷ്യത്തിൽ എത്തുകയുള്ളൂ. ഏതൊരു കാര്യം ചെയ്യുമ്പോളും അതിനു വേണ്ടി കഠിനമായി പ്രായത്നിക്കുമ്പോൾ നമുക്ക് നിരന്തരമായ സന്തോഷവും ലഭിക്കുന്നു. അതേ, നമ്മൾ ആണ് തീരുമാനിക്കേണ്ടത് നമുക്ക് ജീവിതകാലം മുഴുവൻ സന്തോഷമാണ് വേണ്ടത് എന്ന്.

ഏതൊരു വിദ്യാർത്ഥിയാണോ തന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുകയും അതിനു വേണ്ടി ഏതു വെളുപ്പാൻ കാലത്തും എഴുന്നേറ്റ് കഷ്ടപ്പെടുവാൻ തയ്യാറാകുന്നത്, അവൻ തന്റെ ജീവിത വിജയത്തെ, അതിലൂടെ ലഭിക്കുന്ന നിരന്തരമായ സന്തോഷത്തെ മുൻകൂട്ടി കാണുകയാണ്. അതിന് വേണ്ടി പ്രയത്നിക്കുകയാണ് ചെയ്യുന്നത്.

ഒരു വ്യക്തിക്ക് പ്രവർത്തിക്കാനുള്ള ഊർജ്ജം അയാളുടെ ലക്ഷ്യത്തിന് അനുസരിച്ചാണ് ലഭിക്കുക. അതായത് വെളുപ്പിന് എഴുന്നേറ്റ് പഠിക്കുന്ന വിദ്യാർഥി, തന്റെ ഇന്നത്തെ സന്തോഷം ത്യജിച്ച് നാളെയിലെ വലിയ സന്തോഷങ്ങൾക്കായി പരിശ്രമിക്കുമ്പോലെ, നാളെയിലെ സന്തോഷങ്ങൾക്കായി ചില കഷ്ടപ്പാടുകൾ കൂടി സഹിക്കുവാൻ തയ്യാറാവുകയാണെങ്കിൽ ജീവിത വിജയം സുനിശ്ചിതമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ