ജീവസത്ത ഒരു സംഗീതകച്ചേരിയാണ്. നാം അതുമായി സ്വരലയപ്പെടേണ്ടതുണ്ട്. അതുകൊണ്ടാണ് സംഗീതത്തോട് മനുഷ്യഹൃദയത്തിന് വല്ലാത്ത ആകർഷണം തോന്നുന്നത്. മധുരമായ സംഗീതം കേട്ടു കൊണ്ടിരിക്കുമ്പോൾ നാം ഒരു വിശ്വലയത്തിലേക്ക് തെന്നി വീണു കൊണ്ടിരിക്കും.
ബിഥോവന്റെയും മൊസാർട്ടിന്റെയും സംഗീതം ശ്രവിക്കുമ്പോൾ, പൗരസ്ത്യരുടെ ക്ലാസിക്കൽ സംഗീതം ശ്രവിക്കുമ്പോൾ ഒരുവൻ വേറെയൊരു ലോകത്തിലേക്ക് ഉയർന്നുപോകുന്നതായി കാണാം. തികച്ചും വ്യത്യസ്തമായ ഒരു ഭാവം നമ്മിൽ ഉദിക്കുന്നു. നാം നമ്മുടെ ചിന്തകളിലായിരിക്കുകയില്ല. നമ്മുടെ തരംഗദൈർഘ്യം തന്നെ മാറുന്നു. ആ സംഗീതം നമ്മെ വലയം ചെയ്യുന്നു. നമ്മുടെ ഹൃദയത്തിന്റെ തന്ത്രികളിൽ വന്ന് മീട്ടുന്നു. നമ്മിൽ നഷ്ടപ്പെട്ട താളത്തെ വീണ്ടെടുക്കുന്നു.
ഇതാണ് ഉത്കൃഷ്ട സംഗീതത്തിന്റെ നിർവചനം. സമസ്തയുമായി എങ്ങനെയാണ് സംലയനം പ്രാപിക്കേണ്ടത് എന്നതിന്റെ ഒരു ക്ഷണികാനുഭവം ഈ സംഗീതം നമുക്ക് സമ്മാനിക്കുന്നു. അവാച്യമായൊരു ശാന്തി ഇറങ്ങിവരുന്നു. ഹൃദയത്തിൽ നിർവൃതി വന്ന് നിറയുന്നു. എന്താണ് സംഭവിച്ചെതന്ന്
നമുക്ക് മനസ്സിലാക്കാൻ കഴിയുകയില്ല. സംഗീതജ്ഞന്റെ കരവിരുതിൽ വിശ്വസത്തയുടെ താളം നമുക്ക് ലഭിക്കുന്നു.
ആ താളത്തിനൊപ്പിച്ച് നമുക്കും സംഗീതം സൃഷ്ടിക്കാം. ആരാണോ ആ സംഗീതശ്രവണത്തിൽ പങ്കാളിയാകുന്നത് അവനും അതിൽ ആമഗ്നനാകും.
നാമൊരു ജലപാതത്തിനരികെ അതിന്റെ പതനതാളവും ശ്രവിച്ചു കൊണ്ട് കണ്ണുകളടച്ച് ഇരുന്നു നോക്കൂ. ആഴത്തിലത് അനുഭവിച്ചുനോക്കൂ. നാം ജലപാതവുമായി ഒന്നായിത്തീരുന്നതു കാണാം. നമ്മളും ജലപതനത്തിന്റെ ഹുങ്കാരത്തിൽ ഒന്നായിത്തീരുന്നു. ജലപാതത്തിന്റെ സംഗീതസ്പർശം നമ്മെ ആകവേ തഴുകുന്നു. മഹത്തായ ആനന്ദം ആ നിമിഷളിൽ നമ്മിൽ ആവിർഭവിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ