മനുഷ്യൻ ഉറക്കത്തിലാണ്, ഈ ഉറക്കം സാധാരണ ഉറക്കമല്ല, ഇത് ഏറ്റവും സൂക്ഷ്മവും ആദ്ധ്യാത്മികവുമായൊരു നിദ്രയാണ്... ഈ ഉറക്കത്തിൽ നിന്നും ഉണരേണ്ടിയിരിക്കുന്നു. അത് സംഭവിക്കണമെങ്കിൽ ഒരുവന് പ്രജ്ഞയുടെ ഒരു ജ്വാലയായിത്തീരേണ്ടിവരും. അപ്പോൾ മാത്രമേ ജീവിതം അർത്ഥവത്തായിത്തീരുവാൻ തുടങ്ങുകയുള്ളൂ, അപ്പോൾ മാത്രമേ ജീവിതത്തിന് ഒരു സ്വാർത്ഥകത കൈവരികയുള്ളൂ, അപ്പോൾ മാത്രമേ ജീവിതം വെറും യാന്ത്രികവും വിരസവുമായ ദൈനംദിന കർമ്മങ്ങളല്ലാതായിത്തീരുകയുള്ളൂ. അപ്പോൾ മാത്രമേ ജീവിതത്തിൽ കവിത വന്നു ചേരുകയുള്ളൂ. ഹൃദയത്തിൽ ഒരായിരത്തൊന്നു താമരപ്പൂക്കൾ വിടരുകയുള്ളൂ. അപ്പോൾ മാത്രമേ ദൈവികത വന്നു ചേരുകയുള്ളൂ. തന്റെ ഓർമ്മശക്തിയിൽ വളരെയധികം ഊറ്റം കൊള്ളുകയും ഇതാണ് അറിവ് എന്ന് ചിന്തിക്കുകയും ചെയ്യുന്നവനായ ഒരുവൻ ഒരു മനുഷ്യനെന്ന നിലയിൽ അപ്രത്യക്ഷനാകാൻ തുടങ്ങുകയും ഒടുവിൽ ഒരു യാന്ത്രിക സംവിധാനമായിത്തീരുകയും ചെയ്യും. ഓർമ്മശക്തി യാന്ത്രികമാണ്. അതിനാൽ സൂഫികൾ പറയുന്നത് നിങ്ങൾ എന്തിനെയെങ്കിലും ത്യജിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അപ്പോൾ അറിവിനെ പരിത്യജിക്കുക എന്നാണ്. യഥാർത്ഥമായ പ്രതിബന്ധമതാണ്. നിങ്ങൾക്കറിയാം എന്ന ഈ ധാരണ കാരണമായി നിങ്ങൾക്ക് നിഷ്കളങ്കനായിത്തീരുവാൻ കഴിയുന്നില്ല. നിങ്ങൾക്ക് കുട്ടികളെപ്പോലെ ആയിത്തീരുവാൻ കഴിയുന്നില്ല.
ഓഷോ......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ