2019, ഡിസംബർ 11, ബുധനാഴ്‌ച

*വയസാകുമ്പോൾ എന്നെ നീ നോക്കുമോ?*


കാട്ടിലെ ഒരു മരത്തിൽ ഒരു കിളിയും രണ്ടു കുഞ്ഞുങ്ങളും പാർത്തിരുന്നു. ഒരിക്കൽ അമ്മക്കിളി ധൃതിയിൽ പറന്നു വന്ന് മക്കളോടു പറഞ്ഞു," മക്കളെ , ഈ മരം നാളെ വെട്ടുകാർ വന്നു വെട്ടും. അതിനു മുമ്പ് നിങ്ങളെ എനിക്ക് പുഴയക്കരെ ഒരു മരത്തിൽ കൂടുകെട്ടി മാറ്റണം.

അമ്മക്കിളി ദൂരെ മരത്തിൽ ധൃതിയിൽ ഒരു കൂട് കൂട്ടി. എത്രയും വേഗം മൂത്ത കുഞ്ഞിനെ കൊക്കിലെടുത്തു പറന്നു. ഇടയ്ക്കൊരിടത്ത് വിശ്രമിക്കാനിരുന്നു. അപ്പോൾ അമ്മ കുഞ്ഞിനോട് വെറുതെ ചോദിച്ചു " മോനേ, നിങ്ങൾക്കുവേണ്ടി അമ്മ എത്ര കഷ്ടപ്പെടുന്നു. അമ്മക്കു വയസായി ഇര തേടാൻ വയ്യാതാവുമ്പോ മോൻ അമ്മയെ നോക്കുമോ ?"

കുഞ്ഞു പറഞ്ഞു " തീർച്ചയായും അമ്മേ. അമ്മയെ ഞാൻ പൊന്നുപോലെ നോക്കും. "

അമ്മ ചിരിച്ചു, '' നീ പറയുന്നത് വെറും കളവാണ് മകനെ . മനുഷ്യന്മാർ പോലും സ്വന്തം മാതാപിതാക്കളെ തിരിഞ്ഞു നോക്കാത്ത കാലം. നിനക്കിപ്പോൾ ഞാൻ അത്യാവശ്യം. അതുകൊണ്ടു മാത്രം നീ പറയുന്നതാ."

അമ്മ കുഞ്ഞിനെ പുതിയ കൂട്ടിൽ എത്തിച്ചു. മടങ്ങി രണ്ടാം കുഞ്ഞിനെ എടുത്ത് വീണ്ടും പറന്നു.

രണ്ടാം കുഞ്ഞിനോട് അമ്മ ചോദ്യം ആവർത്തിച്ചു.

അവൻ പറഞ്ഞു, " അമ്മേ, സാധിക്കുമെങ്കിൽ ഞാൻ അമ്മയെ നോക്കും. പക്ഷേ അമ്മേ, എനിക്കതെങ്ങനെ തീർച്ചപറയാനാകും? വലുതാക്കുമ്പോൾ ഞാൻ എവിടെയായിരിക്കും എന്തായിരിക്കും എന്നൊക്കെ ആർക്കു പറയാൻ കഴിയും ? ഇനിയുള്ള കാലം ഇരതേടി എത്രയോ ദൂരേയ്ക്കൊക്കെ ആവും പോകേണ്ടി വരിക. ....... ഒന്നു ഞാൻ തീർച്ച പറയാം അമ്മേ. അമ്മ ഞങ്ങളെ നോക്കുന്ന പോലെ അതേ സ്നേഹത്തോടെയും കരുതലോടെയും ഞാൻ എന്റെ കുഞ്ഞുങ്ങളെ നോക്കും.

അമ്മ തൃപ്തിയായിട്ടെന്ന പോലെ പുഞ്ചിരിച്ചു , " നീ സത്യം പറഞ്ഞു മകനെ . അമ്മയ്ക്കതു സന്തോഷം. .... ഭാവിയിൽ എന്തെങ്കിലും തിരികെ പ്രതീക്ഷിച്ചു കൊണ്ടല്ല മക്കളെ പക്ഷികൾ മക്കളെ വളർത്തുന്നത്. തന്റെ ധർമ്മം ഫലേച്ഛ കൂടാതെ നിർവഹിക്കുന്നു. അത്ര തന്നെ. *നിങ്ങളും നിങ്ങളുടെ ധർമ്മം ഫലേച്ഛ കൂടാതെ നിർവഹിക്കുക. ധർമ്മം ചെയ്യുന്നവരെ അതേ ധർമ്മം തന്നെ രക്ഷിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ