ഒരിക്കൽ ബുദ്ധൻ ഒരു ഗ്രാമത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. ബുദ്ധനെ കണ്ട് ഗ്രാമവാസികൾ കുറേപേർ ഓടിക്കൂടി കളിയാക്കാനും ശകാരിക്കാനും തുടങ്ങി. അവർക്കറിയാവുന്ന മോശം പദങ്ങളെല്ലാം അവർ ഉപയോഗിച്ചു. ഇതുകേട്ട് ബുദ്ധൻ പറഞ്ഞു : ' നിങ്ങൾ എന്റെയടുത്തേക്ക് വന്നതിൽ സന്തോഷം. പക്ഷെ നിങ്ങളെന്നോട് ക്ഷമിക്കണം. ഞാൻ അടുത്ത ഗ്രാമത്തിലേക്കുള്ള യാത്രയിലാണ്. അവിടെ കുറേപേർ എന്നെ കാത്തിരിക്കുന്നു. നാളെ തിരിച്ച് വരുമ്പോൾ കൂടുതൽ സമയമുണ്ടാകും ബാക്കി കാര്യങ്ങൾ നാളെ പറയാം'.
ഗ്രാമവാസികൾ അന്തംവിട്ടു പോയി. അവർ ചോദിച്ചു :' നിങ്ങൾ ഞങ്ങൾ പറഞ്ഞതൊന്നും കേട്ടില്ലേ?
ഞങ്ങൾ നിങ്ങളെ ചീത്തപറഞ്ഞതാണ്. നിങ്ങളെന്താണ് ഒന്നും മറുപടി പറയാത്തത് ?'
ബുദ്ധൻ പറഞ്ഞു :''നിങ്ങൾക്ക് ഒരുത്തരമാണ് വേണ്ടിയിരുന്നതെങ്കിൽ വളരെ വൈകിപ്പോയി. പന്ത്രണ്ട് വർഷം മുമ്പായിരുന്നുവെങ്കിൽ ഞാൻ ഉത്തരം നൽകിയേനേ. എന്നാൽ ഇപ്പോൾ മറ്റുള്ളവരാൽ സ്വാധീനിക്കപ്പെടുന്നത് ഞാൻ അവസാനിപ്പിച്ചു. ഇപ്പോൾ ഞാൻ ആരുടെയും അടിമയല്ല. എന്റെതന്നെ യജമാനനാണ്. നിങ്ങൾക്കെന്നെ ശകാരിക്കണമായിരുന്നു , ശകാരിച്ചു. നിങ്ങൾക്ക് തൃപ്തിയായി. എന്നാൽ ഇതൊന്നും എന്നെ ബാധിക്കുന്നില്ല. നിങ്ങളുടെ നിന്ദയെയും സ്തുതിയെയും ഒന്നും ഞാൻ സ്വീകരിക്കുന്നില്ല. ഞാൻ അത് സ്വീകരിക്കാത്തിടത്തോളം അതെല്ലാം നിരർത്ഥകങ്ങളാണ്.'' ഇതാണ് ജ്ഞാനിയായ ഗുരുവിന്റെ അവസ്ഥ. സ്തുതിയിലും നിന്ദയിലും മാനത്തിലും അപമാനത്തിലും എല്ലാം ഒരു പോലെ. താമരയിൽ വെള്ളം വീണ് തെറിച്ച് പോകുന്നപോലെ. ഈയൊരു മാനസിക ഉയർച്ചയിലേക്ക് എത്തിച്ചേരാനായിരിക്കണം ഓരോ ശിഷ്യനും പ്രയത്നിക്കേണ്ടത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ