2019, ഡിസംബർ 25, ബുധനാഴ്‌ച

ഓഷോ - മനുഷ്യൻ


മനുഷ്യൻ - മനുഷ്യൻ ജീവിക്കുന്നത് ഒരു വലിയ ഹിപ്നോസിസിന് കീഴിലാണ്. മനുഷ്യൻ ജീവിക്കുന്നത് അഗാധമായ അനുശീലനങ്ങൾക്ക് കീഴിലാണ് - നിങ്ങളെ സമൂഹം അനുശീലിപ്പിച്ചിരിക്കുന്നു, ഭരണകൂടം അനുശീലിപ്പിച്ചിരിക്കുന്നു, പുരോഹിതന്മാർ, രാഷ്ട്രീയക്കാർ, സംസ്ക്കാരം, മതം, മതമേലാളന്മാർ ..... അവരുടെയെല്ലാം സ്ഥാപിത താല്പര്യങ്ങൾ നിങ്ങളുടെ അഗാധമായ നിദ്രയിൽ കിടപ്പുണ്ട്. നിങ്ങൾ ഉണരുന്നത് അവർക്കിഷ്ടമല്ല. മാനവരാശി ഒരിക്കൽ ഉണർന്നുകഴിഞ്ഞാൽ, പിന്നെ ഒരു രാഷ്ട്രീയക്കാരനും സാധ്യതയില്ല. മാനവരാശി ഒരിക്കൽ ഉണർന്നുകഴിഞ്ഞാൽ, പിന്നെ ഒരു പുരോഹിതനും സാധ്യതയില്ല. മാനവരാശി ഒരിക്കൽ ഉണർന്നു കഴിഞ്ഞാൽ ക്ഷേത്രങ്ങൾ, പള്ളികൾ, മതങ്ങൾ ..... എല്ലാം ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകും. ഈ ചൂഷണമെല്ലാം സാധ്യമാകുന്നത് മനുഷ്യൻ നിദ്രയിൽ ജീവിക്കുന്നതുകൊണ്ടാണ്. ചൂഷണം സാധ്യമാകുവാൻ കാരണം, മനുഷ്യൻ ദുഃഖിതനാണ് .... ദുഖിതമായ ഒരു മാനവരാശിയെ മാത്രമേ ചൂഷണം ചെയ്യുവാൻ സാധിക്കുകയുള്ളു.

അതൊരു മാന്ത്രിക വലയമാണ് - ദുഃഖിതനായ മനുഷ്യനെ മാത്രമേ ചൂഷണം ചെയ്യാൻ സാധിക്കുകയുള്ളു. എന്നാൽ ഒരുവൻ ചൂഷണം ചെയ്യപ്പെടുമ്പോൾ, അയാൾ കൂടുതൽ ദുഃഖിതനാകുന്നു. അയാൾ കൂടുതൽ ദുഃഖിതനാകുമ്പോൾ, കൂടുതൽ ചൂഷണം സാധ്യമാകുന്നു. അങ്ങനെയങ്ങനെ അത് തുടർന്നുകൊണ്ടിരിക്കുന്നു.

ദുഃഖത്തിൽ കഴിയുവാൻവേണ്ടി ഹിപ്നോട്ടൈസ്‌ ചെയ്യപ്പെട്ടവരാണ് നിങ്ങൾ. ദുഃഖത്തിൽ തന്നെ നിലനിൽക്കുവാൻ വേണ്ടിയാണ് - നിങ്ങൾ അഭ്യസിക്കപ്പെട്ടതും അനുശീലിക്കപ്പെട്ടതും. ഈ തന്ത്രമാകട്ടെ, അതീവ സൂഷ്മമാകുന്നു. ഉദാഹരണമായി എല്ലാവരോടും പറയപ്പെട്ടിരിക്കുന്നത് സന്തോഷം നിലനിൽക്കുന്നത് ഭാവിയിലാണ് എന്നാണ്. ഇത് അസംബന്ധമാണ്, അർഥശൂന്യം. സന്തോഷം നിലനിൽക്കുന്നത് 'ഇവിടെ' 'ഇപ്പോൾ' ആണ്. നിങ്ങൾ അത് നേടിയെടുക്കേണ്ട ആവശ്യമില്ല. അത് നിങ്ങളോടൊപ്പം തന്നെയുണ്ട് .... അത് നിങ്ങളുടെ അകകാമ്പിന്റെ ഭാഗമാകുന്നു. എന്നാൽ ഓരോ കുട്ടിയേയും പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്, മനഃശാസ്ത്രപരമായി നിർദേശം നൽകി വശീകരിച്ചിരിക്കുന്നത് ... നിങ്ങൾക്ക് ധാരാളം ധനവും മറ്റു സുഖസൗകര്യങ്ങളും - ഒരു വലിയ വീടും ഒരു ജോഡി കാറുകളും, പ്രശസ്തിയും, ഒരു നിശ്ചിത ബാങ്ക് ബാലൻസും, മാർക്കറ്റിൽ വമ്പൻ വിജയവും അതും ഇതും.... ഇതെല്ലാം ഉണ്ടെങ്കിലേ, ഒരുവൻ സന്തോഷവാനാകൂ എന്നാണ് നിങ്ങളെ പഠിപ്പിച്ചിരിക്കുന്നത്. ഏതാണ്ട്, സന്തോഷം ചില വില്പന സാമഗ്രികളെ - ചരക്കുകളെ , ആശ്രയിച്ചാണിരിക്കുന്നത് എന്നപോലെ. സന്തോഷം യാതൊന്നിനെയും ആശ്രയിക്കുന്നില്ല. ഓരോ കുട്ടിയും ജന്മനാ സന്തോഷവാനാകുന്നു.

സന്തോഷവാനായ മനുഷ്യൻ ഒരു കലാപകാരിയാണ്. സന്തോഷം അങ്ങേയറ്റത്തെ കലാപമാകുന്നു. ഇന്നേവരെ ഒരു സമൂഹവും മനുഷ്യരെ സന്തോഷവാന്മാരായി വിടുവാൻ ശക്തമായിട്ടില്ല .... അത് അപകടകരമാണ്, അത്യധികം അപകടകരം. മനുഷ്യർ സന്തോഷവാന്മാരാണെങ്കിൽ, നിങ്ങൾക്കെങ്ങനെ അവരെ യുദ്ധത്തിനയയ്ക്കുവാൻ കഴിയും? എങ്ങനെ അവരെ നാസിസം, ഫാസിസം, നാഷണലിസം, കമ്മ്യൂണിസം തുടങ്ങിയ വിഡ്ഢിത്തരങ്ങൾ പഠിപ്പിക്കുവാൻ കഴിയും? ജനങ്ങൾ സന്തോഷവാന്മാരാണെങ്കിൽ, ആ വങ്കത്തങ്ങളെയോർത്ത്, നിങ്ങളുടെ ആശയസംഹിതകൾ കണ്ട് അവർ ചിരിക്കും. അവരതെല്ലാം തമാശയായിക്കരുതും, അവർ അതൊന്നും സരമായെടുക്കുകയില്ല - ഒരുവൻ ഒരു ക്രിസ്ത്യാനിയായിരിക്കുന്നുവെന്നും, ഒരുവൻ ഒരു ഹിന്ദുവായിരിക്കുന്നുവെന്നും, ഒരുവൻ ഒരു മുഹമ്മദീയനായിരിക്കുന്നുവെന്നും, അതിനുശേഷം നൂറ്റാണ്ടുകളോളം അവയെച്ചൊല്ലി അവർ തമ്മിലടിക്കുന്നുവെന്നുമുള്ള ആശയം തന്നെ, അവർക്ക് രസകരമായിത്തോന്നും.

ഓഷോ .... ഓഷോ .... ഓഷോ ( പുസ്തകം : ദിവ്യസംഗീതം )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ