2019, ഡിസംബർ 22, ഞായറാഴ്‌ച

ദൈവം മരിച്ചു


"ദൈവം മരിച്ചു അതിനാൽ മനുഷ്യൻ സ്വാതന്ത്രനാകുന്നു " എന്ന് ആദ്യമായി പറഞ്ഞത് ഫ്രഡറിക് നീഷേ ആയിരുന്നു

ദൈവം ലോകത്തെയും മതത്തെയും സൃഷ്ട്ടിച്ചുവെന്നാണ് എല്ലാ മതങ്ങളും വിശ്വസിക്കുന്നത്, നിങ്ങൾ മറ്റാരാലെങ്കിലും സൃഷ്ട്ടിക്കപെട്ടതാണെങ്കിൽ നിങ്ങൾ ഒരു പാവ മാത്രമാണ്. നിങ്ങൾക്ക് നിങ്ങളുടേതായ ആത്മാവ് ഉണ്ടാകുകയില്ല. നിങ്ങൾ മറ്റൊരാളാൽ സൃഷ്ട്ടിക്കപെട്ടതാണെങ്കിൽ ഏതു നിമിഷവും അയാൾക്ക്‌ നിങ്ങളെ ഇല്ലാതാക്കാനും സാധിക്കും 'സൃഷ്ടിക്കപെടണോ 'എന്ന് അയാൾ നിങ്ങളോട് ആരാഞ്ഞില്ല 'ഇല്ലാതാക്കണോ 'എന്ന് ചോദിക്കാനും പോകുന്നില്ല

ലോകത്തെയും മാനവരാശിയെയും സൃഷ്ട്ടിച്ചത് ദൈവമാണ് എന്ന കെട്ടുകഥ വിശ്വസിക്കുകയാണെങ്കിൽ ദൈവമാണ് ഏറ്റവും വലിയ സ്വേച്ഛാധിപതി. ദൈവം യാഥാർഥ്യമാണെങ്കിൽ മനുഷ്യൻ അടിമയാണ്, പാവയാണ്. നിങ്ങളുടെ ജീവിതത്തിന്റേതുൾപ്പെടെ എല്ലാ ചരടുകളും അവന്റെ കയ്യിലാണ്. അപ്പോൾ യാതൊരു പ്രബുദ്ധതയുടെയും പ്രശ്നം ഉദിക്കുന്നില്ല. ഒരു ബുദ്ധൻ ഉണ്ടാകുന്ന പ്രശ്നം ഉദിക്കുന്നില്ല. എന്തെന്നാൽ അപ്പോൾ സ്വാതന്ത്ര്യമില്ല അവൻ ചരട് വലിക്കുന്നു അവൻ ചരടുവലിക്കുമ്പോൾ നിങ്ങൾ കരയുന്നു, അവൻ ചരട് വലിക്കുമ്പോൾ നിങ്ങൾ ചിരിക്കുന്നു. അവൻ ചരട് വലിക്കുമ്പോൾ നിങ്ങൾ കൊലയും, ആത്മഹത്യയും, ബലാൽസംഘവും, യുദ്ധവും ചെയ്യുന്നു. നിങ്ങൾ വെറുമൊരു പാവയും അവൻ പാവക്കൂത്തുകാരനും ആയിരിക്കും.

അപ്പോൾ നന്മയുടെയോ തിന്മയുടെയോ പ്രശ്നമില്ല. പാപികളുടെയോ പുണ്യവാളന്മാരുടെയോ പ്രശ്നമില്ല. ഒന്നും നല്ലതും ഒന്നും ചീത്തയുമല്ല. കാരണം നിങ്ങളൊരു പാവ മാത്രമാണ്. സ്വന്തം ചെയ്തികളുടെ ഉത്തരവാതിത്വം പാവക്കില്ലലോ. പ്രവൃത്തിക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിലേ ഉത്തരവാതിത്വമുള്ളൂ. ഒന്നുകിൽ ദൈവം അല്ലെങ്കിൽ സ്വാതന്ത്യം രണ്ടും ഒരുമിച്ചു നിലനിൽക്കുകയില്ല. 'ദൈവം മരിച്ചു അതിനാൽ മനുഷ്യൻ സ്വാതന്ത്രനായിരിക്കുന്നു ' എന്ന് നീഷേ പറഞ്ഞതിന്റെ അടിസ്ഥാനപരമായ അർത്ഥം അതാണ്. ദൈവത്തെ സൃഷ്ട്ടാവായി നിങ്ങൾ അംഗീകരിക്കുകയെന്നാൽ അവബോധത്തിന്റ, സ്വാതന്ത്ര്യത്തിന്റ സ്നേഹത്തിന്റെ എല്ലാ അന്തസ്സും കളഞ്ഞുകുളിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യം ഒരു മത പണ്ഡിതരോ മത സ്ഥാപകരോ ചിന്തിച്ചതേയില്ല.

എന്നാൽ നീഷേയുടെ പ്രസ്താവന നാണയത്തിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളു അദ്ദേഹം പറഞ്ഞത് തീർത്തും ശരിയാണ് എന്നാൽ അത് നാണയത്തിന്റെ ഒരു വശം മാത്രമാണ് അദ്ദേഹത്തിന്റെ പ്രസ്താവനയുടെ അടിത്തറ യുക്തിയിലും ബുദ്ധിയിലുമാണ് ധ്യാനത്തിലല്ല.

മനുഷ്യൻ സ്വതന്ത്രനാണ്. പക്ഷെ എന്തിനുവേണ്ടിയുള്ള സ്വാതന്ത്ര്യം? ദൈവമില്ലെങ്കിൽ മനുഷ്യൻ സ്വാതന്ത്രനാണെങ്കിൽ അതിനർത്ഥം മനുഷ്യന് എന്ത്‌ നന്മയും തിന്മയും ചെയ്യാൻ കഴിയും എന്നതാണ് അവനോട് ചോദിക്കാനും പൊറുക്കാനും ആരുമില്ല ഈ സ്വാതന്ത്ര്യം തോന്യവാസമായിരിക്കും.

നാണയത്തിന്റെ മറുവശമെടുക്കാം. ദൈവത്തെ നീക്കം ചെയ്യുന്നു അതോടെ മനുഷ്യൻ തികച്ചും ശൂന്യനാകുന്നു. അവന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ടു എന്നത് ശരിതന്നെ. പക്ഷെ എന്തിനുവേണ്ടി?. ആ സ്വാതന്ത്ര്യം എങ്ങിനെ ക്രിയാത്മകമായി ഉത്തരവാതിത്വത്തോടെ അവൻ നിർവഹിക്കും. സ്വാതന്ത്ര്യം തോന്യാസമായി അധഃപതിക്കാതെ അവൻ നോക്കുന്നതെങ്ങിനെ.?

നീഷേക്ക് ധ്യാനത്തെക്കുറിച്ചു യാതൊരു അറിവുമില്ലായിരുന്നു. അതാണ് നാണയത്തിന്റെ മറുവശം. മനുഷ്യൻ സ്വതന്ത്രനാണ് എന്നാൽ അവന്റെ അടിത്തറ ധാനത്തിലാണെങ്കിലേ ആ സ്വാതന്ത്ര്യം ആനന്ദവും അനുഗ്രഹവും ആകൂ. ദൈവത്തെ ഒഴിവാക്കികൊള്ളുക അതുകൊണ്ട് കുഴപ്പമില്ല. മനുഷ്യ സ്വാതന്ത്ര്യത്തിന്റ ഏറ്റവും വലിയ ഭീഷണി ദൈവമായിരുന്നു. എന്നാൽ മനുഷ്യന് അർത്ഥം കുറച്ചു ക്രിയാത്മകത കുറച്ചു സ്വീകാര്യത. തന്റെ നിത്യമായ അസ്തിത്വം കണ്ടെത്തുവാനുള്ള പാത 'സെൻ 'ആകുന്നു നാണയത്തിന്റെ മറുവശം

സെന്നിന് ദൈവമില്ല അതത്രെ അതിന്റെ സൗന്ദര്യം. എന്നാൽ അവബോധത്തെ പരിവർത്തിപ്പിക്കാനുള്ള, തിന്മ ചെയ്യാനാവാത്ത വിധം നിങ്ങളെ ബോധവാനാക്കാനുള്ള മഹത്തായ ശാസ്ത്രം അതിലുണ്ട്. പുറത്തു നിന്നുള്ള ഒരു കല്പനയല്ല അത്. നിങ്ങളുടെ ആന്തരികസത്തയിൽ നിന്നാണ് അത് വരുന്നത്. നിങ്ങളുടെ സത്തയുടെ കേന്ദ്രം അറിയാൻ കഴിഞ്ഞാൽ ഈ മഹാവിശ്വവും നിങ്ങളും ഒന്നാണെന്നറിഞ്ഞാൽ, ഈ പ്രപഞ്ചം ഒരിക്കലും സൃഷ്ടിക്കപെട്ടതല്ല അത് എക്കാലവും ഉണ്ടായിരുന്നുവെന്നറിഞ്ഞാൽ അനന്തകാലം മുതൽ അനന്തകാലം വരെ അതുണ്ടായിരിക്കും എന്നറിഞ്ഞാൽ, പ്രകാശമാനമായ നിങ്ങളുടെ സത്ത അറിഞ്ഞാൽ തെറ്റ് ചെയ്യുക അസാധ്യമത്രെ തിന്മ ചെയ്യുക അസാധ്യമത്രെ പാപം ചെയ്യുക ആസാധ്യമത്രെ.

( ദൈവം മരിച്ചു....ഇനി സെൻ മാത്രമാണ് ജീവനുള്ള ഒരേയൊരു സത്യം )എന്ന പുസ്തകത്തിൽ നിന്നും. -ഓഷോ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ