2019, ഡിസംബർ 15, ഞായറാഴ്‌ച

സദ്ഗുരു


മാതാപിതാക്കൾ തമ്മിലുള്ള വഴക്കിനിടയിൽ പെട്ട് പോകുമ്പോൾ എന്ത് ചെയ്യണമെന്നാണ് ഒരു കൊച്ചു വിദ്യാർത്ഥിക്ക് സദ്ഗുരുവിൽനിന്നും അറിയേണ്ടിയിരുന്നത്. ഇതിനു സദ്ഗുരു പറഞ്ഞു കൊടുത്തത് അസാധാരണമായ എന്നാൽ ബുദ്ധിപൂർവമായ കാര്യമാണ്. അദ്ദേഹം ഉപദേശിക്കുന്നത് ഒരു ബുദ്ധിമാനായ കഴുതയാകു എന്നാണ്. തമാശയെന്ന് തോന്നാവുന്ന ഈ ഉപദേശം കൊച്ചു കുട്ടികൾക്ക് മാത്രമല്ല ,ഏതെങ്കിലും തരത്തിലുള്ള ബന്ധങ്ങളിൽ പ്രശ്നങ്ങൾ വളർന്നു ഉണ്ടാകുന്ന കുരുക്കുകളിൽ പെട്ട് പോകുന്ന ഏതൊരാൾക്കും ഇത് പ്രയോഗിക്കാം.

വിദ്യാർത്ഥി : അച്ഛനമ്മമാർ തമ്മിലുള്ള വഴക്കിനിടയിൽ ഞങ്ങൾ ചിലപ്പോൾ പെട്ട് പോകാറുണ്ട്. അതിൽ ഞങ്ങൾ ഒരാളുടെ പക്ഷം പിടിക്കേണ്ടി വരുമ്പോൾ കൂടുതൽ വിഷമം തോന്നും . എന്ത് ചെയ്യണമെന്ന് അറിയുവാൻ സാധിക്കാത്ത ഒരു സന്ദർഭമാണ് അത്. അതിനെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞു തരാമോ?

സദ്ഗുരു : മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ ഏറ്റവും സുന്ദരമാക്കാം. അതെ സമയം ശരിയായ വിധത്തിൽ കൈകാര്യം ചെയ്തില്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശമായ ഭാഗവുമാകാം. നമ്മൾ എന്തെങ്കിലും തെറ്റ് ചെയ്തത് കൊണ്ടല്ല ഇത് എല്ലായ്‌പോഴും സംഭവിക്കുന്നത്. മിക്ക സമയങ്ങളിലും ഇതിനു കാര്യമായ ഒരു അടിസ്ഥാനമൊന്നും ഉണ്ടായിരിക്കയില്ല. പക്ഷെ അത് വളരെ അധികം പ്രാധാന്യം നേടുകയും അവരെ തമ്മിൽ തല്ലിക്കുകയും, മോശമായ കാര്യങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ ഏറ്റവും സുന്ദരമാക്കാം. അതെ സമയം ശരിയായ വിധത്തിൽ കൈകാര്യം ചെയ്തില്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശമായ ഭാഗവുമാകാം. ഇവരാരും ഒരു സാമ്രാജ്യത്തിനായി പോരാടുന്നവരല്ല. വളരെ ചെറിയ കാര്യങ്ങൾക്കായിട്ടാണ് അവർ പോരാടുന്നത്. ദൗര്‍ഭാഗ്യവശാൽ ചെറിയ കാര്യങ്ങൾക്കായുള്ള ഇത്തരം വഴക്കുകൾ പെട്ടന്ന് വഷളാവുകയും ചുറ്റുമുള്ളവരുടെ ജീവിതത്തെയും വഷളാക്കുകയും ചെയ്യും.

അവർ ഒന്നിച്ചു ചേർന്നപ്പോൾ, സ്നേഹവും പ്രേമവും, പ്രത്യാശയും എല്ലാമാണ് ഉണ്ടായിരുന്നത് പക്ഷെ പിന്നീട് ഇങ്ങനെയായിപോയി. ഇത്രയും ചെറിയ പ്രായത്തിൽ തന്നെ ഇത്തരം കാര്യങ്ങൾ കാണേണ്ടി വരുമ്പോൾ നിങ്ങൾ ചെയ്യേണ്ടത് ഇതാണ്; ഇതിൽ കുരുങ്ങി പോകാതെ ഇതിനെ കുറിച്ച് മനസ്സിലാക്കുകയും, നിങ്ങളുടെ ജീവിതത്തിൽ ഇത്തരമൊരു പ്രശനം ഉണ്ടാകുകയില്ലെന്നു നിശ്ചയിക്കുകയും വേണം.

മുള്ളൻ പന്നിയുടെ ദുർദശ ഇത് ഭാര്യയും ഭർത്താവും തമ്മിൽ മാത്രം സംഭവിക്കുന്നതല്ല. ഏതു ബന്ധത്തിലും മറ്റേ ആൾ, അറിയാതെയാണെങ്കിലും പോലും, എന്തെങ്കിലും ചെയ്യുമ്പോൾ, നിങ്ങൾ ഒരു മുള്ളൻ പന്നിയെ പോലെയാകും. ഞാൻ മുള്ളൻ പന്നിയുടെ ഉദാഹരണം ഉപയോഗിക്കുന്നത് എനിക്ക് അതുമായി ഏറ്റുമുട്ടിയ ഒരു അനുഭവം ഉള്ളതുകൊണ്ടാണ്.

ഒരു ചെറിയ ഗുഹയിൽ തിരയുന്ന സമയത്ത് എന്‍റെ രണ്ട് കൈകളും കുടുങ്ങി പോയി. ആ ഗുഹയിൽ ഉണ്ടായിരുന്ന മുള്ളൻ പന്നി എന്‍റെ നേരെ ആക്രമണം തുടങ്ങി. കൈകൾ കുടുങ്ങി കിടന്നതിനാൽ എനിക്ക് ഇഴഞ്ഞു പുറത്തു വരുവാൻ സാധ്യമല്ലായിരുന്നു. ഈ പന്നികൾ ആക്രമിക്കുമ്പോൾ പൊടി ഉയരും. എന്‍റെ മുഖത്തേക്ക് മണ്ണ് തെറിപ്പിക്കുന്നത്‌ കൊണ്ട് എനിക്ക് കണ്ണ് അടയ്ക്കണമെന്നുണ്ട്. പക്ഷെ മുള്ളുകൾ എവിടെയാണ് വരുന്നത് എന്നറിയാൻ കണ്ണുകൾ തുറന്നു പിടിക്കുകയും വേണം. ഭാഗ്യത്തിന് അത് ഒരു വ്യാജ ആക്രമണമായിരുന്നു. ആക്രമിക്കുന്നു എന്ന് ഭാവിച്ചതേയുള്ളു.

മറ്റുള്ളവർ നിങ്ങളെ കുറിച്ച് മോശമായി സംസാരിക്കുകയോ, അപവാദങ്ങൾ പറയുകയോ, മോശമായി പെരുമാറുകയോ ചെയ്യുമ്പോൾ, അതെല്ലാം അവഗണിച്ച് തന്റെ ജീവിതം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യണമെങ്കിൽ, നിങ്ങളുടെ മനസ്സിൽ ശരിയായ ബോധം ഉണ്ടായിരിക്കണം.

വീട്ടിൽ നടക്കുന്ന ഇത്തരം വഴക്കുകൾക്ക് മുള്ളൻ പന്നി ഒരു ഉത്തമ ഉദാഹരണമാണ്. ആദ്യം അവർ ആക്രമിക്കുന്നതായി ഭാവിക്കുകയേ ഉള്ളു . പക്ഷെ ഇത് കുറച്ചു പ്രാവശ്യം സംഭവിച്ചു കഴിയുമ്പോൾ, കാര്യങ്ങൾ പിടി വിട്ടു പോകുകയും ശരിയായ ആക്രമണമായി തീരുകയും ചെയ്യും.

മറ്റുള്ളവർ നിങ്ങളെ കുറിച്ച് മോശമായി സംസാരിക്കുകയോ, അപവാദങ്ങൾ പറയുകയോ, മോശമായി പെരുമാറുകയോ ചെയ്യുമ്പോൾ, അതെല്ലാം അവഗണിച്ച് തന്റെ ജീവിതം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യണമെങ്കിൽ, നിങ്ങളുടെ മനസ്സിൽ ശരിയായ ബോധം ഉണ്ടായിരിക്കണം. ഇത്തരം ഒരു ബോധം വളർത്തുവാനാണ് നിങ്ങൾ ശ്രമിക്കേണ്ടത് - അല്ലാതെ കുടുംബത്തിലും, നാട്ടിലും, രാജ്യത്തിലും നടക്കുന്ന പ്രശ്നങ്ങളിൽ പെട്ട് പോകരുത്. അതിനു മുകളിൽ ഉയരാൻ സാധിച്ചാൽ നമുക്ക് വിജയകരമായ മനുഷ്യ ജീവിതം ലഭ്യമാകും.

ഒരാൾ നിങ്ങളെ കുറിച്ച് ഹീനമായി സംസാരിക്കുന്നുണ്ടെങ്കിൽ അയാളുടെ ഉള്ളിൽ ഹീനമായ എന്തോ പ്രവർത്തിക്കുന്നുണ്ടെന്ന് നിശ്ചയിക്കാം. ഉള്ളിൽ കുല്സിതമായതെന്തെങ്കിലും ഉണ്ടെങ്കിൽ മാത്രമേ അപ്രകാരമുള്ള വാക്കുകൾ ഒരാളിൽ നിന്നും പുറത്തു വരുകയുള്ളു.. ഹീനമായ വാക്കുകൾ പറയുന്ന ഒരാൾക്ക് നിങ്ങളിൽ നിന്നും ലഭിക്കേണ്ടത് സ്നേഹവും, അനുകമ്പയും, അകൽച്ചയുമാണ്. ആദ്യം സ്നേഹം നൽകി നോക്കുക. അത് ശരിയായില്ലെങ്കിൽ അനുകമ്പ പരീക്ഷിക്കുക. അതും ശരിയായില്ലെങ്കിൽ അയാളിൽ നിന്നും അകന്നു നിൽക്കുക. പക്ഷെ വെറുപ്പിന്‍റെ ആ ചുരുളിൽ പെട്ട് പോകാതെ നോക്കണം, എന്തെന്നാൽ അതിൽ പെട്ട് പോയാൽ പിന്നെ പുറത്തു കടക്കാൻ സാധിക്കുകയില്ല. അത് നിങ്ങളെയും അതിനുള്ളിലേക്ക് വലിച്ചുകൊണ്ട് പോകും. അതിശയനീയമായ കഴിവുകൾ ഉള്ള ആളുകൾ ഹീനമായ ബന്ധങ്ങളുടെ ഈ ചുരുളിൽ പെട്ട് അഗാധമായ കുഴിയിലേക്ക് വീണു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്.

നിങ്ങൾ കുട്ടികളായിരിക്കുമ്പോൾ നിങ്ങളുടെ അച്ഛനും അമ്മയ്ക്കും ഇടയിൽ സംഭവിക്കുന്നത് നിങ്ങൾക്ക് ഒരു വലിയ പ്രശ്നമായിരിക്കും. പക്ഷെ എല്ലാ തലമുറകളിലും അച്ഛനമ്മമാർ ഉണ്ടായിട്ടുണ്ടല്ലോ. കുറച്ചു കഴിയുമ്പോൾ അവർ ചെയ്യുന്നതും, ചെയ്യാതിരിക്കുന്നതും ഒന്നും നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നില്ല എന്ന് നിങ്ങൾക്ക് മനസ്സിലാകും. നിങ്ങൾ അതിനുപരിയായി വളരും. ഇപ്പോൾ തന്നെ അതിനുപരിയായി വളരുവാനുള്ള ഒരു അവസരം നിങ്ങളുടെ അച്ഛനമ്മമാർ നിങ്ങള്‍ക്ക് തരുന്നുണ്ടെങ്കിൽ, തീർച്ചയായും അത് പ്രയോജനപ്പെടുത്തൂ. നിങ്ങളുടെ മുൻപിൽ എന്ത് തന്നെ വന്നാലും അതിനെ കയറി നില്കുവാനുള്ള ഒരു ചവിട്ടു പടിയായി കാണണം.

ബുദ്ധിയുള്ള കഴുത. വാസ്തവത്തിൽ ബുദ്ധിയുള്ള ഒരു കഴുത ഉണ്ടായിരുന്നു എന്ന് നിങ്ങൾക്ക് അറിയാമോ? ശങ്കരൻ പിള്ളക്ക് വയസ്സായ ഒരു കഴുത ഉണ്ടായിരുന്നു. വയസ്സായതു കൊണ്ട് അതിനെ വിൽക്കുവാൻ ശങ്കരപ്പിള്ള ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷെ വയസ്സൻ കഴുതയെ ആര് വാങ്ങിക്കാൻ! ഒരു ദിവസം കാലത്തു കഴുതയുടെ ദയനീയമായ നിലവിളി കേട്ട് ചെന്ന് നോക്കിയപ്പോൾ, അത് ഒരു വെള്ളമില്ലാത്ത പൊട്ട കിണറ്റിൽ വീണു പോയിരിക്കുന്നു. പുറത്തു കടക്കാൻ ശ്രമിച്ചു കൊണ്ട് അത് ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു. ശങ്കരപ്പിള്ളയുടെ അയൽക്കാരും സുഹൃത്തുക്കളും വന്നു കൂടി. അവർ പറഞ്ഞു, " ഇത് യാതൊരു പ്രയോജനവും ഇല്ലാത്ത ഒരു വയസ്സൻ കഴുതയാണ്. അതിനെ വെച്ചുകൊണ്ടിരുന്നിട്ട് എന്ത് കാര്യം? പിന്നെ ഈ പൊട്ട കിണർ മൂടുവാൻ ഞങ്ങൾ എത്ര കാലമായി നിങ്ങളോട് പറയുന്നു? ഇപ്പോൾ കഴുതയെ ഉള്ളിൽ വച്ചുകൊണ്ട് നമുക്ക് ഈ കിണർ മൂടാൻ നോക്കാം.

അങ്ങിനെ അവർ കൊട്ടകളിൽ മണ്ണ് കൊണ്ട് വന്നു കിണറ്റിൽ ഇടുവാൻ തുടങ്ങി. ഓരോ കുട്ട മണ്ണ് അതിന്‍റെ പുറത്തു വീണപ്പോഴും, കഴുത അത് കുടഞ്ഞു കളഞ്ഞിട്ടു അതിന്‍റെ പുറത്തു കയറി നിൽക്കുവാൻ തുടങ്ങി. അങ്ങിനെ അവർ മണ്ണ് നിരക്കും തോറും കഴുത മുകളിലേക്ക് പൊങ്ങി വന്നു തുടങ്ങി. ആളുകൾക്ക് ഇതുകണ്ട് അത്ഭുതം തോന്നി "ഓ , ഇതൊരു ബുദ്ധിയുള്ള കഴുതയാണല്ലോ!' എന്നവർ വിചാരിച്ചു. മണ്ണ് നിറയുന്നതിനു അനുസരിച്ച് കഴുത മുകളിലേക്ക് വന്നു, കിണറ്റിൽ നിന്നും പുറത്തു കടന്നു . ഇപ്പോഴാണ് ശങ്കരപിള്ളക്ക് തന്‍റെ ബുദ്ധിമാനായ കഴുതയോട് അതിയായ സ്നേഹം തോന്നിയത്. അയാൾ അതിന്റെ അടുത്തു ചെന്ന് അതിനെ കെട്ടി പിടിക്കുവാൻ തുടങ്ങി. പക്ഷെ കഴുത തിരിഞ്ഞു നിന്ന് അയാളുടെ മുഖത്തു ഒരു ചവിട്ടു കൊടുത്തിട്ട് ഓടിപ്പോയി. നിങ്ങൾ ഈ കഴുതയെ പോലെ ആണ് ആകേണ്ടത്.

ജീവിതം നിങ്ങളുടെ മേൽ എന്ത് തന്നെ വലിച്ചെറിഞ്ഞാലും, നിങ്ങൾ അതിനെ കുടഞ്ഞു കളഞ്ഞിട്ടു അതിന്‍റെ പുറത്തു കയറി നിൽക്കണം. നമ്മുടെ ജീവിതത്തിലെ ഓരോ അനുഭവവും നമ്മെ കൂടുതൽ മെച്ചപ്പെട്ടവരാക്കണം.

ജീവിതം നിങ്ങളുടെ മേൽ എന്ത് തന്നെ വലിച്ചെറിഞ്ഞാലും, നിങ്ങൾ അതിനെ കുടഞ്ഞു കളഞ്ഞിട്ടു അതിന്‍റെ പുറത്തു കയറി നിൽക്കണം. നമ്മുടെ ജീവിതത്തിലെ ഓരോ അനുഭവവും നമ്മെ കൂടുതൽ മെച്ചപ്പെട്ടവരാക്കണം. നാം മധുരിക്കുന്ന അനുഭവങ്ങളെ പ്രതീക്ഷിക്കേണ്ടതില്ല. ഓരോ അനുഭവവും നമ്മുടെ വളർച്ചക്കും, പക്വതക്കും,സൗഖ്യത്തിനും ഉള്ള അടിസ്ഥാനമാക്കണം . ലോകം നിങ്ങളുടെ നേരെ എന്തെല്ലാമാണ് വലിച്ചെറിയുവാൻ പോകുന്നത് എന്ന് തീരുമാനിക്കാൻ പറ്റുകയില്ല.പക്ഷെ അത് കൊണ്ട് നിങ്ങൾ എന്താണ് പണിതുയർത്തുവാൻ പോകുന്നത് എന്നുള്ളത് നൂറു ശതമാനവും നിങ്ങളുടെ കൈയിൽ മാത്രമാണ്. നിങ്ങള്‍ക്ക് ലഭിക്കുന്നതിനെയെല്ലാം ഏറ്റവും നന്നായി പ്രുയോജനപ്പെടുത്തണം.

ഇത്ര ചെറുപ്പത്തിൽ ഇത്രയധികം മോശപ്പെട്ട അനുഭവങ്ങൾ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ, നിങ്ങൾ മറ്റെല്ലാവരേക്കാളും ബുദ്ധിമാനാകണം. പക്ഷെ ഭൂരിഭാഗം ആളുകളും മുറിവേറ്റവരാകുകയാണ് ചെയ്യുന്നത്. നിങ്ങളുടെ മുറിവുകളെ ഒരിടത്തേക്കും കൊണ്ട് പോകുവാൻ സാധ്യമല്ല. നിങ്ങൾ മരിക്കുമ്പോൾ ഈ ദേഹം വിട്ടു കളയുന്നു. അപ്പോൾ പിന്നെ അതിനെ ഒരു മുദ്ര പോലെ കൊണ്ട് നടക്കുവാൻ സാധ്യമല്ല. മിക്ക ആളുകളും തങ്ങളുടെ മുറിവുകളെ ഒരു മുദ്ര പോലെ കൂടെ കൊണ്ട് നടക്കുകയാണ് ചെയ്യുന്നത്. - അവർ ചോദിക്കും "എനിക്ക് എന്താണ് പറ്റിയതെന്ന് നിങ്ങൾക്ക് അറിയാമോ ?" നിങ്ങൾക്ക് എന്ത് തന്നെ സംഭവിച്ചാലും വിരോധമില്ല - നിങ്ങൾ സ്വയം എന്താണ് ചെയ്തത്? അത് മാത്രമാണ് ചോദിക്കേണ്ട ചോദ്യം. മറ്റുള്ളവർ നിങ്ങളെ എന്ത് ചെയ്തു എന്നത് ഒരു വിഷയമല്ല. "നിങ്ങൾ നിങ്ങളെ തന്നെ എന്ത് ചെയ്തു ?" ഇതാണ് ഏറ്റവും വലിയ ചോദ്യം. നിങ്ങൾക്കു സാധിക്കുന്നതില്‍ വെച്ച് ഏറ്റവും നല്ലത് നിങ്ങൾക്കായി ചെയ്യണം - ബുദ്ധിയുള്ള കഴുതയാകണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ