ആത്മീയ അന്വേഷകനിൽ നിന്നും പരമാർത്ഥ ജ്ഞാനത്തിലേയ്ക്കുള്ള ഒരു മനുഷ്യന്റെ ആത്മസമർപ്പണത്തെയാണ് ആത്മീയ പരിണാമ ചക്രം എന്ന് വിശേഷിപ്പിക്കുന്നത്.
1. പ്രാഥമിക ഘട്ടം
ക്ഷേത്രങ്ങളും ആചാരങ്ങളും ആരാധനയും വിദ്യാഭ്യാസ കാലവും എല്ലാം യഥാർത്ഥ ആത്മീയ അന്വേഷകന് പ്രാഥമികമായി അധികം അധ്വാനമില്ലാതെ ലഭിക്കുന്നതാണ് .
ഇത് നമുക്കാവശ്യമായ സാധനങ്ങൾ തൊട്ടടുത്തുള്ള ചില്ലറ കച്ചവടക്കാരനിൽ നിന്നും വാങ്ങുന്നതിന് സമാനമാണ് .
ജീവിതമെന്ന സമസ്യയുടെ ഉത്തരം കണ്ടെത്താൻ ഈ ഘട്ടത്തിൽ സാധ്യമല്ല . പ്രാരബ്ധങ്ങളും ദുഃഖവും വേദനയും തീവ്രമായി അനുഭവപ്പെടുന്ന കാലം കൂടിയാണിത് .
എല്ലാത്തിനെയും സംശയത്തോടെ വീക്ഷിക്കുന്ന ഒരു കാലമാണിത് . ആസക്തിയും സ്വാർത്ഥതയും ഇടുങ്ങിയ ചിന്തകളും (ഞാനാണ് ശരി എന്ന മനോഭാവം) നമ്മെത്തന്നെ കുറ്റപ്പെടുത്തുന്ന സംഗതിയായ് അനുഭവപ്പെടുന്നു .
ജീവിത ലക്ഷ്യം വ്യക്തമല്ലാത്തതിനാൽ മനുഷ്യ ജൻമം അനാവശ്യമായി തോന്നുന്നു. ആത്മഹത്യയാണ് പരിഹാരം എന്ന ചിന്ത പോലും കടന്നു വരാവുന്ന ഒരു ഘട്ടമാണിത് . ഒരു പക്ഷെ മാനസികനില തകരാറിലാവുന്ന ഒരു ഘട്ടമാണിത് . എന്തിനും ഏതിനും മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളും സ്വന്തം ജീവിതത്തിൽ മറ്റുള്ളവരുടെ അനാവശ്യ ഇടപെടലുകൾക്കും കാഴ്ചക്കാരനെ പോലെ നോക്കി നിൽക്കേണ്ടി വരുന്ന ഒരു അവസ്ഥ കൂടിയാണിത് . ചുരുക്കത്തിൽ മനുഷ്യ ജൻമം അനാവശ്യമാണെന്ന് പൂർണ ബോധ്യം വരുന്നു.
2. ദ്വൈതം
അടുത്ത ഘട്ടമായാണ് അന്വേഷണം തുടങ്ങുന്നത് .
ഞാൻ ആര്?
യഥാർത്ഥ ജീവിത ലക്ഷ്യം എന്ത്? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ മനസ്സിൽ തെളിയുന്നു . വിദ്യാഭ്യാസ കാലത്ത് വായിച്ചറിഞ്ഞ ആത്മീയ ജീവിതം സത്യമാണോ എന്നതാണ് അന്വേഷണ വിധേയമാക്കുന്നത് .
ബുദ്ധന് ലഭിച്ച ബോധോദയവും ,രത്നാകരനെന്ന കൊള്ളക്കാരനിൽ നിന്നും വാൽമീകിയെന്ന മഹാഗുരുവിലേക്കുള്ള ഒരു സാധാരണക്കാരന്റെ പരിണാമവും , നരേന്ദ്രനിൽ നിന്നും സ്വാമി വിവേകാനന്ദ നിലേക്കുള്ള ഒരു മനുഷ്യന്റെ പരിണാമവും , ഭഗവത് ഗീതാ സന്ദേശവും , പരിശുദ്ധ ബൈബിളും പരിശുദ്ധ ഖുർ ആനും യഥാർത്ഥമായും ലക്ഷ്യമാക്കുന്ന ജീവിതമാണോ തന്റെ മുന്നിൽ കാണുന്നത് എന്ന സംശയവും ആകാംക്ഷയും ഒരു മനുഷ്യനിലെ അന്വേഷകനിലെ തീപ്പൊരിയെ (Spark ) ആളിക്കത്തിച്ചു . അങ്ങനെ യഥാർത്ഥ അന്വേഷകൻ ഒരു യഥാർത്ഥ ഗുരുവിന്റെ (ജീവിച്ചിരിക്കുന്ന) തത്വശാസ്ത്രങ്ങളിലും ഗ്രന്ഥങ്ങളിലും ആകൃഷ്ടനാവുന്നു .
എന്നാൽ ആത്മീയ പഠനം ബന്ധുക്കളും സമൂഹവും എതിർക്കുന്ന ഒരു സംഗതിയാണെന്ന് അപ്പോഴാണ് അന്വേഷകൻ അറിയുന്നത് . ഈ പ്രതിബന്ധങ്ങളെ തകർത്താലേ ഒരു അന്വേഷകന് ഗുരുവിന് സമീപം എത്താനാവൂ .
അത്തരമൊരാളെ സമൂഹം മാനസിക രോഗിയായി ചിത്രീകരിക്കുന്നു .ഒരു സാധാരണ മനുഷ്യന് സമൂഹത്തെ ആത്മീയ അന്വേഷണത്തിനായി അവഗണിക്കേണ്ടി വരുന്നു . സമൂഹം ഇത്തരം അന്വേഷകർക്ക് നൽകുന്ന ഓമനപ്പേരുകളാണ് ഭീരു, വട്ടൻ, സ്വാർത്ഥൻ ,മനോരോഗി ,എന്നിവ .
ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമായാണ് ഈ അന്വേഷണം ചിത്രീകരിക്കപ്പെടുന്നത് .
ഇനി ഈ പ്രതിബന്ധങ്ങളെല്ലാം തകർത്ത് ആത്മീയ അന്വേഷണം തുടങ്ങുമ്പോൾ ചില ആശ്രമങ്ങൾ നിഷ്കാമ കർമ്മമെന്ന പേരിൽ അന്വേഷകനെ ചൂഷണം ചെയ്യുന്നു . പലപ്പോഴും ഇത്തരക്കാർ ലൈംഗിക വൈകൃതങ്ങൾക്കും ഇരയാകുന്നു . ഇവിടെയാണ് യഥാർത്ഥ ഗുരുക്കൻമാരുടെ പ്രസക്തി. സ്വതന്ത്രവും സ്വയംപര്യാപ്തവുമായ ഗുരുക്കൻമാരെ എങ്ങനെ കണ്ടെത്തും?
ഇത്തരം പ്രവണതകളെയെല്ലാം മറികടന്നാണ് പല അന്വേഷകരും യഥാർത്ഥ ഗുരുക്കൻമാരുടെ സമീപം എത്തുന്നത് . ഗുരു യഥാർത്ഥ സത്യം ശിഷ്യന് പല രീതിയിൽ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. ചിലപ്പോൾ ദേഷ്യപ്പെട്ടും സ്നേഹത്താലും കർക്കശക്കാരനായും സാന്ത്വനപ്പെടുത്തിയും സംരക്ഷകനായും പിതാവായും എല്ലാം ഗുരു ശിഷ്യനെ ജ്ഞാനത്തിലേക്ക് നയിക്കുന്നു.
ഇത് നാം ഒരു മൊത്തക്കച്ചവടക്കാരനിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുന്നതു പോലെയാണ് .
ഗുരുവിന്റെ ആനന്ദവും വൈകാരികതയിലെ നിശ്ചല - നിസ്സംഗതയും പ്രകോപനങ്ങളിലും പ്രലോഭനങ്ങളിലും സാക്ഷിയാകുന്ന ഗുരുവിന്റെ ജീവിതരീതിയുമെല്ലാം അന്വേഷകനെ ഗുരുവിലേക്ക് ആകർഷിക്കുന്നു . ഗുരു ഒരുവന്റെ വ്യക്തിബോധവും അഹംഭാവവും ദേഹ ബോധവും ഇല്ലായ്മ ചെയ്യാനുള്ള സുവർണാവസരങ്ങളാണ് ശിഷ്യന് പ്രദാനം ചെയ്യുന്നത് . എന്നാൽ ഒരു അപൂർണത യഥാർത്ഥ അന്വേഷകന് അവിടെ അനുഭവമാകുന്നു. മിക്ക അന്വേഷകരും ഗുരുവിൽ നിന്നുമുള്ള ഭാഗികമായ സന്തോഷത്തിലും ആനന്ദത്തിലും തൃപ്തനായി യഥാർത്ഥ ലക്ഷ്യം മറന്നു കാലം കഴിക്കുന്നു . ചില ഗുരുക്കൻമാർ ശിഷ്യനെ ആശ്രിതനായി ഉയരാൻ അനുവദിക്കാതെ കൂടെ നിർത്താൻ ആഗ്രഹിക്കുന്നു .
3. മൂന്നാം ഘട്ടം
മൂന്നാം ഘട്ടത്തിലേക്ക് യഥാർത്ഥ അന്വേഷകർ എത്തിപ്പെടുന്നത് പലപ്പോഴും യാദൃശ്ചികമായ (വിശദീകരിക്കുവാൻ കഴിയാത്തത്) സംഭവങ്ങളിലൂടെയാണ് . അന്വേഷകന്റെ ബുദ്ധിയോ കർമ്മ കുശലതയോ അല്ല മൂന്നാം ഘട്ടത്തിലേക്ക് അവനെ നയിക്കുന്നത് .
നിഷ്കളങ്കമായ ഭക്തിയും നിരന്തരമായ സ്മരണയും വൈകാരികതയിലെ നിശ്ചല - നിസ്സംഗതയും മനസ്സിലാക്കി സാക്ഷാൽ മഹാബോധം തന്നെ അന്വേഷകനെ ഏറ്റെടുക്കുകയാണ് ചെയ്യുന്നത് . അങ്ങനെ അവൻ ആദ്യമായി തന്റെ സ്വന്തം ഭവനത്തിൽ എത്തിച്ചേർന്ന ആത്മസംതൃപ്തി അനുഭവിക്കുന്നു .
എല്ലാ അറിവുകളും തന്നിൽത്തന്നെ ലഭ്യമാണ് എന്ന അനുഭവം . എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും അവിടെ അവസാനിക്കുന്നു . മഹാബോധത്തിൽ അഥവാ പരമമായ സത്തയിൽ എത്തിച്ചേരുന്ന പരമമായ ജ്ഞാനമാണത് .
മൊത്തക്കച്ചവടക്കാരനിൽ നിന്നും ഉത്പാദകനിൽ നിന്നു തന്നെ സാധനങ്ങൾ വാങ്ങുന്നതു പോലെയാണിത് . ഓരോരുത്തരിലുമുള്ള ''ഞാൻ'' എന്നും ''എന്റേത്'' എന്നും പറയുന്ന അഹംഭാവം ഇല്ലാതാവണം . ''താൻ'' നിശ്ശബ്ദനാകുമ്പോൾ വന്നു ചേരുന്ന അനുഭവമാണിത് .
സ്വയംപര്യാപ്തയുടെയും സ്വാതന്ത്ര്യത്തിന്റെയും അനുഭവമാണിത് . സ്വയം സ്നേഹമായി മാറുന്ന അനുഭവമാണിത് . ഒന്നിനെയും വിമർശിക്കാതെ എല്ലാത്തിനെയും ഉൾക്കൊള്ളുന്ന വിശാലതയാണിത് . ഒന്നിനെയും വിധിക്കുവാനോ കുറ്റപ്പെടുത്തുവാനോ കഴിയാത്ത ഒരവസ്ഥ . എല്ലാത്തിന്റെയും (നൻമയുടെയും തിന്മയുടെയും ) ഉത്തരവാദിത്തം ഏറ്റെടുക്കുന്ന അനുഭവമാണിത് . അജ്ഞാനത്തിന്റെ "അന്ധകാരം " നീങ്ങി പരമാർത്ഥ ജ്ഞാനത്തിന്റെ "ജ്യോതി "തെളിയുന്ന അനുഭവമാണത് . വ്യക്തിബോധം പാടെ നശിക്കുന്ന അനുഭവമാണിത് . "ആത്മീയതയുടെ പൂർണ്ണതയും അപൂർണ്ണതയും അനുഭവമാകുന്നത് അവനവന്റെ ജീവിതത്തോടുള്ള സമീപനത്തിൽ നിന്നുമാണ് " … "ജാഗ്രതനുഭവങ്ങൾ സ്വപ്നസമാനം" എന്നു പറയുന്ന വേദവാക്യങ്ങൾ സ്വജീവിതത്തിൽ നടപ്പാക്കി പരിപാലിക്കണം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ