ഈ സംഘ മനസ് നശിപ്പിക്കാനും ഓരോ വ്യക്തിയെയും അവനവനിൽ സ്വതന്ത്ര്യനാക്കി തീർക്കാനുമാണ് എന്റെ ശ്രമങ്ങളൊക്കെയും. അപ്പോൾ പ്രശ്നങ്ങൾ സ്വയം പരിഹൃതമാകും. അപ്പോൾ നിങ്ങൾക്ക് നിങ്ങളാശിക്കുന്നതു പോലെ ജീവിക്കാം.
വ്യക്തിയെ അവന്റെ കലാപത്തിന്റെ പേരിൽ ബഹുമാനിക്കുന്ന കാലത്ത് മാത്രമേ മനുഷ്യ കുലം യഥാർത്ഥത്തിൽ പിറവിയെടുക്കുകയുള്ളു. മനുഷ്യകുലം ഇപ്പോഴും ജനിച്ചിട്ടില്ല. അതിപ്പോഴും ഗർഭസ്ഥമാണ്. മനുഷ്യ കുലമായി നിങ്ങൾ കാണുന്നതൊക്കെയും തട്ടിപ്പ് പ്രതിഭാസമാണ്. അവനവനായിരിക്കാനും സ്വന്തം രീതിയിൽ ജീവിക്കാനുമുള്ള സമ്പൂർണ സ്വാതന്ത്ര്യം നൽകുന്നില്ലെങ്കിൽ ഈ തട്ടിപ്പ് തുടരും. വ്യക്തി മറ്റൊരാളുടെ ജീവിതത്തിൽ ഇടപെടാനും പാടില്ല. അതവൻ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ആരും ആരുടെ കാര്യത്തിലും ഇടപെടരുത്.
എന്നാൽ മുൻകാലങ്ങളിൽ എല്ലാവരും മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുകയായിരുന്നു. സമൂഹവുമായി ബന്ധമില്ലാത്ത തികച്ചും സ്വകാര്യമായ കാര്യങ്ങളിൽ പോലും. ഉദാഹരണത്തിന് നിങ്ങൾ മറ്റൊരാളുമായി പ്രണയത്തിലാകുന്നു. അതിൽ സമൂഹത്തിനെന്താണ് കാര്യം? അത് തികച്ചും വ്യക്തിപരമായ കാര്യമാണ്. അത് അങ്ങാടിയിൽ വിചാരണ ചെയ്യപ്പെടേണ്ടുന്ന കാര്യമല്ല. എന്നാൽ ഇപ്പോൾ നടക്കുന്നത് സമൂഹം അതിന്റെ എല്ലാ അനുസാരികളുമൊത്ത് നേരിട്ടോ അല്ലാതെയൊ അതിൽ ഇടപെടുന്നതാണ്. ആദ്യം പൊലീസ് കാർ. പിന്നെ കോടതി. അതു പോരാഞ്ഞു സമൂഹം സൃഷ്‌ടിച്ച സൂപ്പർ പൊലീസായ ദൈവം. ദൈവം നിങ്ങളെ സംരക്ഷിക്കുന്നവനാണുതാനും.
ദൈവത്തെക്കുറിച്ചുള്ള അവരുടെ സങ്കൽപം അതാണ്. കുളിമുറിയിലേക്കും കിടപ്പറയുടെ സ്വകാര്യതയിലേക്കും താക്കോൽപഴുതിലൂടെ ഒളിഞ്ഞു നോക്കുന്ന ഒരു ഞരമ്പു രോഗി! ഇത് അത്യന്തം അശ്ലീലമാണ്. എന്തു തരം ദൈവമാണിത്? എല്ലാവരെയും പിന്തുടരുകയും അവരെ നിരീക്ഷിക്കുകയുമല്ലാതെ അവന് വേറെ പണിയൊന്നുമില്ലേ? ദൈവം ഒരു സൂപ്പർമോസ്റ്റ് ഡിറ്റക്റ്റീവ് ആയിരിക്കണം!
മനുഷ്യ കുലത്തിന് ഒരു പുതിയ മണ്ണ് ആവശ്യമാണ്. സ്വാതന്ത്ര്യത്തിന്റെ മണ്ണ്. ബൊഹമിയനിസം ഒരു പ്രതികരണമായിരുന്നു. അനിവാര്യമായ പ്രതികരണം. എന്റെ ദർശനം വിജയിക്കുകയാണെങ്കിൽ പിന്നെ ബൊഹമിയൻ രീതി ഉണ്ടാവില്ല. കാരണം അപ്പോൾ എല്ലാവരുടെ കാര്യത്തിലും ഇടപെടുന്ന, എല്ലാവരിലും ആധിപത്യം പുലർത്തുന്ന സംഘ മനസ് ഉണ്ടാവില്ല. അപ്പോൾ ഓരോരുത്തരും തന്നിൽത്തന്നെ സംതൃപ്തരും വിശ്രാന്തരുമായിരിക്കും. ഒരാളും മറ്റൊരാളുടെ കാര്യത്തിൽ കൈകടത്തില്ല. എല്ലാവരും അവനവന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കും. അപ്പോൾ മാത്രമേ സർഗാത്മകത സാധ്യമാകൂ. സർഗാത്മകത വ്യക്തി സ്വാതന്ത്ര്യത്തിന്റെ സൗരഭ്യമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ