2020, ജൂലൈ 7, ചൊവ്വാഴ്ച

എന്താണ് സ്നേഹം?


എന്താണ് സ്നേഹം? അത് ജീവിതത്തിൽ അനുഭവിച്ചറിയുക എളുപ്പമാണ്. എന്നാൽ അതെന്താണെന്ന് പറയുക പ്രയാസകരം തന്നെ. ഉദാഹരണത്തിന് നിങ്ങളൊരു മത്സ്യത്തോട് ചോദിക്കുക "എന്താണ് സമുദ്രം? " മത്സ്യം പറഞ്ഞേക്കാം, ഇതാ ഇതാണ് സമുദ്രം. അത് ചുറ്റും നിറഞ്ഞു നിൽക്കുന്നു --എല്ലായിടത്തും. " ദയവായി ഒന്ന് നിർവചിക്കൂ, ചൂണ്ടിക്കാണിച്ചാൽ പോരാ എന്ന് നിങ്ങൾ നിർബന്ധം പിടിക്കുകയാണെങ്കിൽ, മത്സ്യത്തിനത് ശരിക്കും വിഷമകരമായ പ്രശ്നം തന്നെയായിത്തീരും.

മനുഷ്യരുടെ ജീവിതത്തിലും നന്മയായിട്ടുള്ളതെല്ലാം, സുന്ദരമായിട്ടുള്ളതെല്ലാം, നിത്യമായിട്ടുള്ളതെല്ലാം ജീവിച്ചറിയുവാനേ സാധിക്കൂ. ഒരാൾക്ക് അതെല്ലാം ആയിത്തീരുവാനേ കഴിയൂ. അവയെ നിർവചിക്കുവാനോ, അവയെക്കുറിച്ച് സംസാരിക്കുവാനോ കഴിയില്ല. തന്റെ ജീവിതത്തിൽ അനുഭവിച്ചറിയേണ്ടിയിരുന്ന-അതിനായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ഒരു കാര്യം --അതിനെക്കുറിച്ച് കഴിഞ്ഞ അഞ്ചോ ആറോ സഹസ്രാബ്ധങ്ങളായി സംസാരവും ചർച്ചയും മാത്രമേ നടന്നിട്ടുള്ളൂ എന്നതാണ് ഏറ്റവും നിർഭാഗ്യകരമായ വസ്തുത. പ്രേമത്തെക്കുറിച്ച് പ്രഭാഷണങ്ങൾ നടന്നിട്ടുണ്ട് --പ്രേമത്തെക്കുറിച്ച് സ്തുതിഗീതങ്ങൾ ആലപിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രേമം എന്നതിന് മനുഷ്യരുടെ ജീവിതത്തിൽ യാതൊരു സ്ഥാനവുമില്ല.

നാം മനുഷ്യന്റെ ഉള്ളിലേക്ക് അഗാധമായി ആണ്ടിറങ്ങി അന്വേഷണം നടത്തുകയാണെങ്കിൽ നമുക്കറിയുവാൻ കഴിയും, "പ്രേമം. " എന്ന വാക്കിനേക്കാൾ കപടമായ മറ്റൊരു വാക്കും അവൻ ഉപയോഗിച്ചിട്ടില്ലെന്ന്. യഥാർത്ഥത്തിൽ പ്രേമത്തെ കാപട്യവൽക്കരിച്ച, പ്രേമത്തിന്റെ എല്ലാ തരത്തിലുള്ള പ്രവാഹത്തിനും തടസ്സം സൃഷ്ടിച്ചിട്ടുള്ള ആളുകൾ --അവരാണ് പ്രേമത്തിന്റെ നേർവക്താക്കളെന്നാണ് മനുഷ്യൻ ധരിച്ചിരിക്കുന്നത് എന്നുള്ളതാണ് ഏറ്റവും ദുഖകരമായ വസ്തുത. മതം സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നു, എന്നാൽ ഒരു ദുരന്തമെന്നപോലെ ഇന്നോളം മനുഷ്യനെ ചൂഴ്ന്നു നിന്നിട്ടുള്ള ഈ ദൃശ്യമായ സ്നേഹമെന്ന ആശയം അവന്റെ ജീവിതത്തിലെ സ്നേഹത്തിനു നേർക്കുള്ള എല്ലാ വാതിലുകളും കൊട്ടിയടക്കുക മാത്രമേ ചെയ്തിട്ടുള്ളു. ഇക്കാര്യത്തിൽ കിഴക്കെന്നോ, പടിഞ്ഞാറെന്നോ, ഇന്ത്യയെന്നോ, അമേരിക്കയെന്നോ വ്യത്യാസമില്ല. പ്രേമത്തിന്റെ പ്രവാഹം ഇതുവരെ മനുഷ്യനിൽ അഭിവ്യക്തമായിട്ടില്ല. അതിനു നാം മനുഷ്യനെ പഴി പറയുകയും ചെയ്യുന്നു. നാം മനസ്സിനെയാണ് കുറ്റപ്പെടുത്തുന്നത്. നാം പറയുന്നു മനുഷ്യരെല്ലാം മോശമാണെന്ന്, മനസ്സ് വിഷലിപ്തമാണെന്ന്, അതുകൊണ്ടാണ് പ്രേമം നമ്മുടെ ജീവിതത്തിൽ പ്രവഹിക്കാത്തതെന്ന്. മനസ്സ് ഒരു വിഷവസ്തുവല്ല. മനസ്സ് വിഷവസ്തുവാണെന്ന് പറയുന്നവരാണ് വാസ്തവത്തിൽ പ്രേമത്തിന് വിഷം കൊടുത്ത് അത് സംജാതമാകുവാൻ അനുവദിക്കാതിരുന്നത്. മനസ്സ് എങ്ങിനെ വിഷമാകും ? ലോകത്തിൽ ഒന്നും തന്നെ വിഷമല്ല. എല്ലാം അമൃതം തന്നെയാകുന്നു. ഈ അമൃതം മുഴുവനും വിഷമയമാക്കിത്തീർത്തത് മനുഷ്യൻ തന്നെയാണ്. പ്രധാന പ്രതികൾ ഗുരുക്കന്മാരെന്നും ദിവ്യന്മാരെന്നും പുണ്യവാളന്മാരെന്നും മതമേധാവികളുമെന്നൊക്കെ വിളിക്കപ്പെടുന്നവർ തന്നെ.

ഇത് വിശദമായി മനസ്സിലാക്കി നാം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. കാരണം ഇക്കാര്യം വളരെ വ്യക്തമായി ഇനിയെങ്കിലും നമുക്ക് കാണാൻ കഴിയുന്നില്ലെങ്കിൽ ഒരു മനുഷ്യന്റെയും ജീവിതത്തിൽ സ്നേഹത്തിന് സാധ്യതയില്ല --ഭാവിയിൽ ഉണ്ടാകുവാനും സാദ്ധ്യതയില്ല...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ