പ്രാർത്ഥന ഉപയോഗപ്രദമാണോ? അങ്ങനെയാണെങ്കിൽ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത്. ദൈവത്തിന്റെ സ്നേഹത്തെ ഏറ്റു വാങ്ങുന്നതിനുള്ള പ്രാർത്ഥന.. അവന്റെ കാരുണ്യത്തെ അനുഭവിക്കുന്നതിനുള്ള പ്രാർത്ഥനയെങ്ങനെയാണ്?
ഒന്നാമതായി പ്രാർത്ഥന ഉപയോഗപ്രദമല്ല - ഒട്ടും തന്നെയല്ല. യാതൊരു പ്രയോജനവുമില്ലാത്തതാണ്. അതൊരു ക്രയ വസ്തുവല്ല. അതൊരു സാധനമല്ല. അത് മറ്റെന്തിനെങ്കിലുമുള്ളൊരു പോംവഴിയല്ല - എങ്ങനെയാണ് നിങ്ങൾക്കതുപയോഗിക്കാൻ കഴിയുക?
ചോദ്യ കർത്താവിന്റെ മനസെനിക്ക് മനസിലാക്കാൻ കഴിയും. എന്നാൽ പ്രാർത്ഥന ദൈവത്തിലേക്കുള്ളൊരു പോംവഴിയാണെന്നാണ് മതങ്ങളെന്നറിയപ്പെടുന്നവ മനുഷ്യനെ പഠിപ്പിച്ചു വച്ചിരിക്കുന്നത്. അതങ്ങനെയല്ല. പ്രാർത്ഥന ദൈവികമാണ്. അതെന്തിലേക്കെങ്കിലുമുള്ളൊരു മാർഗമല്ല. പ്രാർത്ഥനാപൂർണമാവുകയെന്നത് അതിലേക്ക് തന്നെയുള്ള ലക്ഷ്യമാണ്. പ്രാർത്ഥനാനിരതനായിരിക്കുമ്പോൾ നിങ്ങൾ ദൈവികമാണ്. പ്രാർത്ഥന നിങ്ങളെ ദൈവികതയിലേക്ക് നയിക്കുന്നുവെന്നല്ല. പ്രാർത്ഥനാ ഭാവത്തിൽ നിങ്ങൾ നിങ്ങളുടെ ദൈവികതയെ കണ്ടെത്തുകയാണ്. പ്രാർത്ഥനയൊരു മാർഗമല്ല. അത് അതിലേക്കു തന്നെയുള്ള ലക്ഷ്യമാണ്.
എന്നാൽ ഈ വിഡ്ഢിത്തം മനുഷ്യ മനസിൽ നൂറ്റാണ്ടുകളോളമായി നിലനിൽക്കുന്നുണ്ട്. അതായത് സ്നേഹവും ഒരു മാർഗമാണെന്ന്. പ്രാർത്ഥനയുമങ്ങനെയാണെന്ന്. ധ്യാനവും അങ്ങനെയാണെന്ന് - മാർഗത്തിലേക്ക് തരം താഴ്ത്തിയെടുക്കുവാൻ അസാദ്ധ്യമായവയെല്ലാം തന്നെ ചുരുക്കിയെടുക്കപ്പെട്ടിരിക്കയാണ്. അതു കൊണ്ടാണ് ആ സൗന്ദര്യമവിടെ നഷ്ടമായിരിക്കുന്നത്. സ്നേഹം പ്രയോജന രഹിതമാണ്. അതു പോലെ തന്നെയാണ് പ്രാർത്ഥനയും. അതു പോലെ തന്നെയാണ് ധ്യാനവും.
"പ്രാർത്ഥന ഉപകാരപ്രദമാണോ?" എന്ന് നിങ്ങൾ ചോദിക്കുമ്പോൾ 'പ്രാർത്ഥന' എന്ന വാക്കെന്താണർത്ഥമാക്കുന്നതെന്ന് നിങ്ങൾ മനസിലാക്കുന്നില്ല. നിങ്ങളത്യാഗ്രഹിയാണ്. നിങ്ങൾ ദൈവത്തെ ആഗ്രഹിക്കുന്നു. നിങ്ങൾ ദൈവത്തെ ബലാത്കാരമായി സ്വായത്തമാക്കാനാഗ്രഹിക്കുന്നു. നിങ്ങളതിനുള്ള മാർഗങ്ങളും പോംവഴികളും കണ്ടെത്താൻ ശ്രമിക്കുകയാണ്. ദൈവത്തെ തട്ടിപ്പറിച്ചെടുക്കാൻ സാധ്യമല്ല.
നിങ്ങൾക്ക് ദൈവത്തെ കൈവശപ്പെടുത്താൻ കഴിയില്ല. സ്വന്തമാക്കാൻ കഴിയില്ല. വ്യാഖ്യാനിക്കാൻ കഴിയില്ല. അനുഭവിക്കാൻ കഴിയില്ല. അപ്പോൾ ദൈവത്തെക്കുറിച്ചെന്താണ് ചെയ്യാൻ കഴിയുക? ഒരു കാര്യം മാത്രമാണ് ചെയ്യാൻ കഴിയുക: നിങ്ങൾക്ക് ദൈവമാകാൻ കഴിയും. അതിനെക്കുറിച്ച് മറ്റൊന്നും തന്നെ ചെയ്യാൻ കഴിയില്ല - കാരണം നിങ്ങൾ ദൈവമാണ്. അത് തിരിച്ചറിഞ്ഞാലുമില്ലെങ്കിലും അത് മനസിലാക്കിയാലുമില്ലെങ്കിലും നിങ്ങൾ ദൈവം തന്നെയാണ്. ഇപ്പോളവിടെയുള്ളതു മാത്രമെ ചെയ്യാൻ കഴിയുകയുള്ളു ;ഇപ്പോഴേ സംഭവിച്ചു കഴിഞ്ഞതിനെ മാത്രമെ ചെയ്യാൻ കഴിയുകയുള്ളു. പുതുതായൊന്നും തന്നെ കൂട്ടിച്ചേർക്കാൻ കഴിയില്ല.. ആ പ്രത്യക്ഷപ്പെടുത്തൽ മാത്രം.. ആ ആവിഷ്കാരം മാത്രം.
അതിനാൽ ഒന്നാമത്തെ കാര്യമിതാണ് :പ്രാർത്ഥനയെ നിങ്ങളുപയോഗിക്കുന്നതായ ആ നിമിഷം നിങ്ങളതിനെ വിരൂപമാക്കുകയാണ്. ഇതൊരു ദൈവ നിന്ദയാണ് - ഈ പ്രാർത്ഥനയെ ഉപയോഗിക്കുകയെന്നത്. പ്രാർത്ഥനയെ ഉപയോഗിക്കാനാരാണോ നിങ്ങളോട് പറഞ്ഞിട്ടുള്ളത് അയാൾ മതനിഷ്ഠനല്ലായെന്നു മാത്രമല്ല മത വിരോധി കൂടിയാണ്. താനെന്താണ് പറയുന്നതെന്ന് അയാളറിയുന്നില്ല. അയാൾ അസംബന്ധം പറയുകയാണ്.
പ്രാർത്ഥനാനിരതനാവുകയെന്നാൽ അതിനെന്തെങ്കിലും പ്രയോജനമുണ്ടെന്നതു കൊണ്ടല്ല, മറിച്ച് അതൊരു ആനന്ദമായതു കൊണ്ടാണ്. പ്രാർത്ഥനാനിരതനാവുക.. അതിലൂടെ നിങ്ങളെവിടെയെങ്കിലുമെത്തിച്ചേരുമെന്നതു കൊണ്ടല്ല. മറിച്ച് അതിലൂടെ നിങ്ങളുണ്ടാവാൻ തുടങ്ങുന്നു. അതിലൂടെ നിങ്ങളവിടെയുണ്ട്. അതില്ലായെങ്കിൽ നിങ്ങളവിടെയില്ല. ഭാവിയിലെവിടെയോ ഉള്ളൊരു ലക്ഷ്യമല്ലത്. എപ്പോഴേയവിടെയുള്ളതായ ഒരവസ്ഥയുടെ.. ഇപ്പോഴേയവിടെയുള്ളതായൊരു സാന്നിദ്ധ്യത്തിന്റെ കണ്ടുപിടിത്തമാണത്.
വസ്തുക്കളെന്ന നിലയിൽ ചിന്തിക്കാതിരിക്കുക. അല്ലാത്ത പക്ഷം പ്രാർത്ഥനയും മതത്തിന്റെ ഭാഗമല്ലാതെ സാമ്പത്തിക ശാസ്ത്രത്തിന്റെ ഭാഗമായിത്തീരും. അതൊരു മാർഗമാണെങ്കിൽ അപ്പോഴത് സാമ്പത്തിക ശാസ്ത്രത്തിന്റെ ഭാഗമാണ്. എല്ലാ മാർഗങ്ങളും ധന തത്വ ശാസ്ത്രത്തിന്റെ ഭാഗമാണ്. ലക്ഷ്യങ്ങൾ ധന തത്വ ശാസ്ത്രത്തിനപ്പുറമാണ്. മതം ലക്ഷ്യവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. മാർഗങ്ങളുമായിട്ടല്ല. എവിടെയെങ്കിലുമെത്തിച്ചേരുന്നതുമായി മതത്തിന് യാതൊരു ബന്ധവുമില്ല. എവിടെയാണ് നാം എന്നറിയുക - ഈയൊരു കാര്യവുമായി മാത്രമാണ് മതം ബന്ധപ്പെട്ടിരിക്കുന്നത്.
ഈ നിമിഷത്തെ ആഘോഷിക്കലാണ് പ്രാർത്ഥന. പ്രാർത്ഥനയെന്നാൽ 'ഇപ്പോൾ ഇവിടെ' ആവുകയെന്നതാണ്. പ്രാർത്ഥനയെന്നാൽ നിങ്ങൾക്ക് ചുറ്റുമുള്ള ആളുകളുടെ സാന്നിദ്ധ്യത്തെ അനുഭവിക്കുകയെന്നാണ്. പ്രാർത്ഥനയെന്നാൽ സ്നേഹത്തോടു കൂടി ഒരു വൃക്ഷത്തെ സ്പർശിക്കുകയെന്നതാണ്. പ്രാർത്ഥനയെന്നാൽ ഏറ്റവുമാദരവോടെ.. ജീവിതത്തോടുള്ള ഭക്തിയോടെ ഒരു കുഞ്ഞിനു നേരെ നോക്കുകയെന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ