2020, ജൂലൈ 7, ചൊവ്വാഴ്ച

ആത്മീയതയുടെ ഇരുണ്ടവശങ്ങൾ


യഥാർത്ഥത്തിൽ ഇനി പറയാൻ പോകുന്നത് ആത്മീയതയുടെ ഇരുണ്ടവശങ്ങൾ അല്ല ആത്മീയത എന്ന് നാം കരുതുന്നതിന്റെ ഇരുണ്ട വശങ്ങൾ ആണ്. പലപ്പോഴും ആത്മീയത യാഥാർത്ഥ്യങ്ങളിൽ നിന്ന് മാറി നിൽക്കാനുള്ള ഒരു ഇടത്താവളം മാത്രമാണ്. 'സ്വർഗ്ഗം' എന്നൊക്കെ പറയുന്ന പോലെ നമ്മൾ എത്തിച്ചേരുന്ന ഒരു ഉയർന്ന തലത്തെ കുറിച്ചുള്ള മധുരസ്മരണകളാൽ വേദനിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളെ മറക്കാനുള്ള ഉപാധി. യഥാർത്ഥത്തിൽ എന്താണോ നമ്മുടെ പൂർവികർ ആത്മീയമായ ജീവിതം കൊണ്ട് അർത്ഥമാക്കിയത് അതിന് തികച്ചും വിരുദ്ധമാണ് ഇത്തരം ആത്മീയത.John Wellwood എന്ന psychologist ഇതിനെ 'Spiritual Bypassing' എന്ന പേരിലാണ് വിശേഷിപ്പിച്ചത്.

എന്താണ് ഇങ്ങിനെ സഞ്ചരിക്കുന്നതിന്റെ ലക്ഷണങ്ങൾ..? ആത്മീയർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പലരും കടന്ന് പോയിട്ടുള്ള അവസ്ഥകൾ ആകാം ഇതിൽ പലതും അത് കൊണ്ട് വിഷമിക്കേണ്ട കാര്യം ഒന്നുമില്ല. ഇതിനെക്കുറിച്ച് ബോധവാന്മാർ ആകുക എന്നതാണ് പ്രാധാന്യം. മറ്റൊരാളോട് സത്യസന്ധത പുലർത്താൻ കഴിഞ്ഞില്ലെങ്കിലും നമ്മളോട് സത്യസന്ധത പുലർത്തുക. ഇതിൽ പറയുന്ന എല്ലാ അവസ്ഥകളിലൂടെയും ഞാൻ കടന്ന് പോയിട്ടുണ്ട് അല്ലെങ്കിൽ കടന്ന് പോയവരെ കണ്ടിട്ടുണ്ട്, അത് കൊണ്ട് തന്നെയാണ് കൃത്യമായി പറയാൻ സാധിക്കുന്നതും.

1. ആത്മീയ ഈഗോ

ആത്മീയനായ വ്യക്തി മറ്റുള്ളവരെക്കാൾ ഉയർന്ന ബോധമുള്ളവനാണ്... മറ്റുള്ളവരുടെ ചിന്താഗതികൾ തന്നെക്കാൾ താഴ്ന്നതാണ്... എന്നിങ്ങനെയുള്ള ചിന്തകളെയാണ് ആദ്യം നേരിടേണ്ടത്. അത് പോലെ തന്നെയാണ് എന്റെ ഗുരു മറ്റുള്ളവരെക്കാൾ ഉയർന്നവനാണ്, ബോധപ്രാപ്തനാണ്, എന്റെ പരമ്പര വളരെ ശ്രേഷ്ഠമാണ് എന്ന ചിന്തകളും. ആരെയും വിധിക്കാതിരിക്കുക...നിന്ദിക്കാതിരിക്കുക ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ ആത്മീയമായ ഈഗോയിൽ നിന്ന് രക്ഷപ്പെടാം.

2. വൈകാരികമായ നിഷേധങ്ങൾ

ആത്മീയമായ പാതയിൽ സഞ്ചരിക്കുന്ന വ്യക്തിയ്ക്ക് ചില വികാരങ്ങൾ മാത്രമേ പാടുള്ളൂ എന്ന് നാം നിശ്ചയിക്കും. അതല്ലാതെ വരുന്ന എല്ലാ വികാരങ്ങളെയും കഷ്ടപ്പെട്ട് അടിച്ചമർത്തും. പല ആത്മീയ സാധകരും മാനസികമായ പ്രശ്നങ്ങൾ നേരിടുന്നതിന്റെ പ്രധാന കാരണം ഇത് തന്നെയാണ്. എല്ലാ വികാരങ്ങളെയും തന്നെ കൂടുതൽ അറിയാനുള്ള അവസരമായി സ്വീകരിക്കുക. നമ്മുടെ ഋഷിവര്യന്മാരെ നോക്കിയാൽ അവരെല്ലാം ക്രോധവും, കാമവും, ദുഖവും എല്ലാം പ്രകടിപ്പിച്ചിരുന്നതായി കാണാം. ഒരു വികാരത്തിലൂടെ പൂർണമായും കടന്ന് പോകുമ്പോൾ മാത്രമാണ് അത് പരിവർത്തനപ്പെടുന്നത് അടിച്ചമർത്തുമ്പോൾ അല്ല. 'രസ സാധന' തന്ത്രത്തിലെ ഒരു ഉപാസന പദ്ധതിയും കൂടിയാണ്.

3. ആത്മീയ നിദ്രാടനം

ഭൂരിഭാഗം പേരും ഏതെങ്കിലും പ്രഭാഷണം കേട്ടോ പുസ്തകങ്ങൾ വായിച്ചോ ആകും ആത്മീയതയിൽ ആകൃഷ്ടരാകുക. എന്നാൽ കുറച്ചു കഴിഞ്ഞാൽ എന്താണ് തന്റെ ലക്ഷ്യം എന്ന് മറന്ന് വായനകളും ചർച്ചകളും മാത്രമായി ഒരു സ്വപ്നലോകത്തിൽ അകപ്പെടുന്നു.

4. ആത്മീയ ഒളിച്ചു കടത്തലുകൾ

ഇന്ന് പലരും തന്ത്രശാസ്ത്രത്തിലേക്ക് ആകർഷിക്കപ്പെടുവാൻ ഒരു പ്രധാന കാരണം തനിക്ക് പ്രിയങ്കരമായ മാംസം, മത്സ്യം, മദ്യം, രതി ഇവയെല്ലാം ഒരു ആത്മീയ പരിവേഷം നൽകി ആസ്വദിക്കാം എന്നതിനാൽ ആണ്. തന്ത്ര മണ്ഡലത്തിൽ ഈ വസ്തുക്കൾ ഉപയോഗിക്കുന്ന പദ്ധതികൾ സാധകന്റെ തലം അനുസരിച്ച് വ്യത്യസ്തമാണ്. ഭൗതികമായ ആസ്വാദനത്തിന് അവിടെ ഒരു പ്രാധാന്യവും ഇല്ല.

5 ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒഴിഞ്ഞുമാറൽ

'എല്ലാം വിധി പോലയെ വരൂ. ഞാൻ ഒന്നും ചെയ്യേണ്ടതില്ല' - ഈ ധാരണ ഏറ്റവും അപകടം പിടിച്ചതാണ്. ഈശ്വരനോടുള്ള സമർപ്പണം നമ്മുടെ കഴിവിനെ ഏറ്റവും പൂർണതയിൽ ഉപയോഗിക്കുക എന്നതിൽ ആണ് അടങ്ങിയിരിക്കുന്നത്. സ്വധർമ്മത്തിന് ഏറ്റവും പ്രധാന്യം നല്കിയിട്ടുള്ളതും അത് കൊണ്ട് തന്നെയാണ്.

6. ഫേസ്ബുക്ക് ആത്മീയത

ജീവിതത്തിൽ പരാജയപ്പെട്ട് ഇരിക്കുന്ന വ്യക്തികൾക്ക് പോലും ഫേസ്ബുക്കിൽ ആത്മീയത പറഞ്ഞു കയ്യടി വാങ്ങാം എന്നതാണ് രസകരം. തനിക്ക് പുറത്ത് ലഭിക്കാത്ത അംഗീകാരം ഇത്തരം ആത്മീയ കൂട്ടായ്മകളിൽ നിന്ന് കിട്ടുമ്പോൾ താൻ ബോധപ്രാപ്തനായി എന്ന് വരെ ഇവർക്ക് തോന്നിതുടങ്ങും.

'ശ്രദ്ധ' ഇതൊന്ന് മാത്രമാണ് ആത്മീയതയിലെ ഈ ചതിക്കുഴികൾ മനസ്സിലാക്കുന്നതിന് ഒരേയൊരു വഴി. സ്വന്തം ജീവിതത്തെ കൃത്യമായി വിലയിരുത്തുക പരിവർത്തനത്തിന് ശ്രമിക്കുക...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ