പ്രശസ്തനായൊരു ചിത്രകാരനും ഉന്നതനായൊരു പണ്ഡിതനുമായൊരു ഡോക്ടർ ഒരു ഗ്രാമത്തിൽ താമസിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ ഗ്രാമത്തിലെ വൃദ്ധനായ പോസ്റ്റുമാസ്റ്റർ ഈ ഡോക്ടറെക്കുറിച്ച് ജിജ്ഞാസുവായിത്തീർന്നു. ഏതു തരത്തിലുള്ള ഡോക്ടറാണിയാളെന്നറിയാൻ ആ മനുഷ്യനാഗ്രഹിച്ചു.
ഒരു ദിവസം അയാൾ ഡോക്ടറോട് ചോദിച്ചു, "സാർ, താങ്കളെക്കുറിച്ചെനിക്കൊരു കാര്യമറിയണമെന്നുണ്ട്. ഏതു തരത്തിലുള്ള ഡോക്ടറാണ് നിങ്ങൾ?" ആ മനുഷ്യൻ പറഞ്ഞു, "ഞാൻ തത്വ ചിന്തയുടെ ഡോക്ടറാണ്." വൃദ്ധനായ ആ മനുഷ്യൻ അതിനെക്കുറിച്ച് ഒരിക്കലും കേട്ടിട്ടുണ്ടായിരുന്നില്ല. അയാളാകെ ആശയക്കുഴപ്പത്തിലായി. അയാൾ ചോദിച്ചു, "ഇത്തരമൊരു രോഗാവസ്ഥയെക്കുറിച്ചിവിടെ ഞാനൊരിക്കലും കേട്ടിട്ടില്ലല്ലോ."
ഇത് കേട്ട് ചിരിക്കാതിരിക്കുക. കാരണം വൃദ്ധനായ ആ പോസ്റ്റുമാസ്റ്റർ പറഞ്ഞത് ഒരു തരത്തിൽ ശരിയായിരുന്നു - തത്വ ചിന്തയെന്നതൊരു തരം രോഗമാണ്. തീർച്ചയായും തത്വ ചിന്തയുടെ ഡോക്ടർമാർ ഡോക്ടർമാരല്ല. നേരെ മറിച്ച് അവരൊരു രോഗത്തിന്റെ വളരെ നല്ല ഇരകളാണ്.
തത്വ ചിന്തയെന്നതൊരു പ്രത്യേക രോഗമല്ല. അതിനാൽ നിങ്ങൾക്കതിനെക്കുറിച്ച് മറ്റു രോഗങ്ങളുടെ ഭാഷയിൽ ചിന്തിക്കാൻ കഴിയില്ല. അത് മനുഷ്യനോടൊപ്പം തന്നെ ജന്മമെടുത്തതാണ്. അതിന് മനുഷ്യരാശിയുടെ/മനുഷ്യ മനസിന്റെയത്രയും തന്നെ പ്രായമുണ്ട്. ഓരോരോ വ്യക്തിയുമേറെക്കുറെ അതിന്റെ ഇരകളാണ്. എന്തുകൊണ്ടെന്നാൽ ചിന്ത ഒരുവനെ ഒരിടത്തും കൊണ്ടെത്തിക്കുന്നില്ല. അല്ലെങ്കിൽ അത് നിങ്ങളെ വൃത്തങ്ങളിലേക്ക്.. വിഷമ വൃത്തങ്ങളിലേക്ക് നയിക്കുന്നു. നിങ്ങൾക്ക് വളരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. എന്നാൽ നിങ്ങളൊരിടത്തുമെത്തിച്ചേരില്ല.
ഇത് വളരെ ആഴത്തിൽ മനസിലാക്കപ്പെടേണ്ടതാണ്. കാരണം നിങ്ങൾക്കിത് മനസിലാക്കാനും അനുഭവിക്കുവാനും കഴിയില്ലെങ്കിലപ്പോൾ നിങ്ങൾക്ക് ധ്യാനത്തിലേക്കൊരു ചാട്ടമെടുക്കാൻ കഴിയില്ല. ധ്യാനമെന്നാൽ തത്വ ചിന്തയുടെ നേരെ എതിരായൊരു സമീപനമാണ്. തത്വ ചിന്തയെന്നാൽ ചിന്തയാണ്. ധ്യാനമെന്നാൽ യാതൊരു ചിന്തയുമില്ലാത്തൊരവസ്ഥയാണ്. അവ നേർ വിപരീതങ്ങളാണ്.
ഇത് മനുഷ്യ സഹജം മാത്രമാണ്. ചോദ്യങ്ങളെക്കുറിച്ച് ചിന്തിക്കലും അവയ്ക്കുത്തരം കണ്ടെത്താൻ ശ്രമിക്കലും - ഇത് മനുഷ്യ സഹജം മാത്രമാണ്. എന്നാൽ തത്വ ചിന്ത യാതൊരുത്തരങ്ങളിലുമെത്തിച്ചേരുന്നില്ല. ശാസ്ത്രം ചില ഉത്തരങ്ങളിലെത്തിച്ചേരുന്നു. മതം ചില ഉത്തരങ്ങളിലെത്തിച്ചേരുന്നു. എന്നാൽ തത്വ ചിന്ത യാതൊരുത്തരങ്ങളിലുമെത്തിച്ചേരുന്നില്ല. തത്വ ചിന്തയിലൂടെയെത്തിച്ചേരുന്നുവെന്നു തോന്നിപ്പിക്കുന്ന എല്ലാ ഉത്തരങ്ങളും കപടമായവയാണ്. അവയിലേക്കാഴത്തിൽ കടന്നു ചെല്ലുകയാണെങ്കിൽ നിങ്ങളവിടെ കണ്ടെത്തുന്നത് കൂടുതൽ ചോദ്യങ്ങളെയായിരിക്കും. അല്ലാതെ നിങ്ങളവിടെ മറ്റൊന്നും കണ്ടെത്തുകയില്ല. ഓരോ ചോദ്യവും നിങ്ങളെ കൂടുതൽ ചോദ്യങ്ങളിലേക്ക് നയിക്കും - ഇത് തുടർന്നു കൊണ്ടേയിരിക്കും.
ശാസ്ത്രം ചില ഉത്തരങ്ങളിലേക്ക് വന്നെത്തും. എന്തുകൊണ്ടെന്നാൽ ശാസ്ത്രം ആധാരമാക്കുന്നത് ചിന്തകളെയല്ല. മറിച്ച് പരീക്ഷണങ്ങളെയാണ്. ചിന്ത ഒരു സഹായമെന്ന നിലയിൽ മാത്രമാണുപയോഗിക്കുന്നത്. എന്നാൽ അടിസ്ഥാനം പരീക്ഷണമാണ്. അതുകൊണ്ടാണ് ശാസ്ത്രത്തിന് ചില ഉത്തരങ്ങളെ നൽകാൻ കഴിയുന്നത്. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ എല്ലാ തത്വ ചിന്തകരും എത്രയോ നൂറ്റാണ്ടുകളായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. എന്നാലൊരൊറ്റയുത്തരം പോലും.. ഒരൊറ്റ നിർണയം പോലുമവർക്ക് നേടിയെടുക്കാനായിട്ടില്ല. അത് നേടിയെടുക്കാൻ കഴിയില്ല. ചിന്തയുടെ സ്വഭാവം തന്നെ അത്തരത്തിലാണ്. എന്നാൽ നിങ്ങൾ ചിന്തയെ പരീക്ഷണത്തിനുള്ളൊരു സഹായമെന്ന നിലയിലുപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് ചിലത് നേടിയെടുക്കാൻ കഴിയും. അതുകൊണ്ടാണ് ശാസ്ത്രം ചില ഉത്തരങ്ങളിലേക്ക് വന്നെത്തുന്നത്.
അതുപോലെ മതവും ചില ഉത്തരങ്ങളിലേക്ക് വന്നെത്തുന്നു. എന്തുകൊണ്ടെന്നാൽ യഥാർത്ഥത്തിൽ മതവുമൊരു പരീക്ഷണം തന്നെയാണ്. ശാസ്ത്രം വസ്തുക്കളുമായി പരീക്ഷണത്തിലേർപ്പെടുന്നു. മതം വ്യക്തിയുമായി പരീക്ഷണത്തിലേർപ്പെടുന്നു. എന്നാൽ രണ്ടും പരീക്ഷണങ്ങൾ നടത്തലാണ്. രണ്ടും പരീക്ഷണത്തെ ആശ്രയിക്കുന്നു. ഇവയ്ക്ക് രണ്ടിനുമിടയിലാണ് തത്വ ചിന്ത നിലനിൽക്കുന്നത്. അത് ശുദ്ധമായ ചിന്ത മാത്രമാണ്. യാതൊരു പരീക്ഷണവുമില്ലാത്ത അമൂർത്തമായ ചിന്ത മാത്രമാണ്. നിങ്ങൾക്കത് തുടർന്നു കൊണ്ടേയിരിക്കാൻ കഴിയും. നിങ്ങൾക്ക് മുന്നോട്ട് പോയിക്കൊണ്ടിരിക്കാൻ കഴിയും. എന്നാലതിലൂടെ നിങ്ങളൊരിടത്തും ചെന്നെത്തില്ല. അമൂർത്തമായ ചിന്തയും സാങ്കൽപികമായ ചിന്തയും അനന്തമായി ചിന്തിച്ചു കൊണ്ടിരിക്കലാണ്. നിങ്ങൾക്കതാസ്വദിക്കാൻ കഴിയും. നിങ്ങൾക്കാ സഞ്ചാരത്തെ ആസ്വദിക്കാൻ കഴിയും. എന്നാലവിടെ യാതൊരു ലക്ഷ്യവുമില്ല.
ഒരു തരത്തിൽ മതവും ശാസ്ത്രവും ഒരേ പോലെയാണ്. രണ്ടും പരീക്ഷണത്തിൽ വിശ്വസിക്കുന്നു. മതപരമായ പരീക്ഷണം സ്വാഭാവികമായും ശാസ്ത്രീയമായ പരീക്ഷണത്തേക്കാൾ കൂടുതലാഴത്തിലുള്ളതാണ്. കാരണം ശാസ്ത്രത്തിൽ ആ പരീക്ഷണം നടത്തുന്നവൻ സ്വയമതിലുൾപ്പെട്ടിട്ടില്ല. അയാൾ മറ്റു വസ്തുക്കളോടൊപ്പം.. മറ്റുപകരണങ്ങളോടൊപ്പം പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. അയാൾ ആ പരീക്ഷണത്തിന് പുറത്താണ് നിലനിൽക്കുന്നത്. അയാൾ ഒഴിഞ്ഞു മാറി നിൽക്കുന്നു. മതം കൂടുതലാഴത്തിലുള്ളൊരു ശാസ്ത്രമാണ്. കാരണം ആ പരീക്ഷണം നടത്താൻ സ്വയം ആ പരീക്ഷണമായിത്തീരുന്നു. അയാളിൽ നിന്ന് വിഭിന്നമായി യാതൊരുപകരണവുമവിടെയില്ല. അയാൾ രണ്ടുമാണ്. തന്റെ മാർഗവും ലക്ഷ്യവും ഉപകരണങ്ങളുമെല്ലാം തന്നെ അയാളാണ്. അയാൾക്ക് തന്നിൽ തന്നെ പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
അത് വളരെ ക്ലേശകരമാണ്. കാരണം നിങ്ങളതിലുൾപ്പെട്ടിരിക്കുന്നതിനാൽ ആ പരീക്ഷണം ഒരനുഭവമായിത്തീരും. ശാസ്ത്രത്തിലൊരു പരീക്ഷണം പരീക്ഷണമായി തന്നെ നിലനിൽക്കും. ശാസ്ത്രജ്ഞൻ അതിനാൽ സ്പർശിക്കപ്പെടുകയില്ല. അതിനാൽ പരിവർത്തിതനാക്കപ്പെടുകയില്ല. ശാസ്ത്രജ്ഞൻ അതേ പോലെ തന്നെ നിലനിൽക്കും. എന്നാൽ മതത്തിൽ പരീക്ഷണത്തിലൂടെ കടന്നു പോകുമ്പോൾ നിങ്ങൾ തീർത്തും വ്യത്യസ്തനായൊരു വ്യക്തിയായിത്തീരും. നിങ്ങൾക്ക് പഴയപടി നിലനിൽക്കുവാൻ കഴിയുകയില്ല. നിങ്ങൾക്ക് മാറ്റം സംഭവിക്കുമെന്ന് തീർച്ചയാണ്. അതുകൊണ്ടാണ് മതപരമായ പരീക്ഷണം അനുഭവമായിത്തീരുന്നത്.
(മരണത്തിൽ നിന്നും മരണമില്ലായ്മയിലേക്ക് ).......... എന്ന പുസ്തകത്തിൽ നിന്നും............ ഓഷോ................. ഓഷോ.............. ഓഷോ.............. ഓഷോ.............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ