2020, ജൂലൈ 7, ചൊവ്വാഴ്ച

ഇമേജ് എന്ന അഹങ്കാരം


ഓഷോ പറയുന്നു: ഒരു ഇന്ത്യൻ സുഹൃത്ത് എഴുതിയിരിക്കുന്നു:

'ഗുരോ, നേരമ്പോക്കുകൾക്കിടയിൽ അങ്ങ് പറയുന്നതൊക്കെ മനോഹരമാണ്, മതപരമാണ്, അദ്ധ്യാത്മികമാണ്. പക്ഷെ നേരമ്പോക്കുകൾ പൊതു ജനങ്ങളുടെ കണ്ണിലുള്ള അങ്ങയുടെ ഇമേജ് നശിപ്പിക്കുന്നു. അതെന്തായാലും ഈ നേരമ്പോക്കുകളുടെയല്ലാം ഉദ്ദേശ്യമെന്താണ്?'

അതു തന്നെയാണ് കൃത്യമായി പറഞ്ഞാൽ അതിന്റെ ഉദ്ദേശ്യം. ഇമേജിനെ നശിപ്പിക്കൽ. ഞാനൊരു വിശുദ്ധനായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല - അതാണതിന്റെ കൃത്യമായ ഉദ്ദേശ്യം. മാത്രമല്ല ആളുകൾ എന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്നതിനെക്കുറിച്ച് ഞാൻ ആകുലനല്ല. ഞാനൊരു രാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയക്കാർ മാത്രമാണ് അങ്ങനെ ആകുലപ്പെടുന്നത്. നിരന്തരം ആകുലപ്പെടുന്നത്. തങ്ങളെക്കുറിച്ച് എന്താണ് ആളുകൾ ചിന്തിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ച്. കാരണം അവർക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ കൈവശമാണ് വോട്ടുകൾ. ഞാനാരുടെയും വോട്ടിനെ ആശ്രയിച്ചല്ല നിൽക്കുന്നത്. ആരുടെയും അഭിപ്രായത്തെ ആശ്രയിച്ചല്ല നിൽക്കുന്നത്. ഞാൻ എന്തൊക്കെയാണോ അതൊക്കെ മാത്രമാണ്. ഞാനെന്തിന് എന്റെ ഇമേജിനെക്കുറിച്ച് വ്യാകുലപ്പെടണം.

ഇമേജിനെക്കുറിച്ചുള്ള ആകുലത തന്നെ അഹംബോധപരമാണ്. എന്നാൽ നിങ്ങളുടെ വിശുദ്ധന്മാർ അക്കാര്യത്തിൽ ആകുലരാണ്. എനിക്കറിയാം. എല്ലാത്തരം വിശുദ്ധന്മാരെയും - ഹിന്ദു, മുഹമ്മദീയ, ക്രിസ്ത്യൻ, സിഖ്, ജൈന, ബുദ്ധ മത വിശുദ്ധന്മാരെ - ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. അവരെ എനിക്കറിയാം. അവർ നിങ്ങളുടെ രാഷ്ട്രീയക്കാരേക്കാൾ വളരെക്കൂടുതൽ രാഷ്‌ടീയപരമാണ്. കാരണം ഈ സങ്കൽപം തന്നെ രാഷ്ട്രീയപരമാണ്. ആളുകൾ ഇങ്ങനെ ചിന്തിച്ചുകൊണ്ടിരിക്കുന്നത് : ബഹു മാന്യനായി നിലകൊള്ളണമെന്ന്. ബഹു മാന്യതയെന്നാൽ അഹംബോധത്തിനുള്ള പോഷണമല്ലാതെ മറ്റൊന്നുമല്ല.

ബഹു മാന്യനായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒന്നുകിൽ നിങ്ങളെന്നെ സ്നേഹിക്കുന്നു. അല്ലെങ്കിൽ നിങ്ങളെന്നെ സ്നേഹിക്കുന്നില്ല, ബഹുമാനം വെറുതെ അർത്ഥ ശൂന്യമാണ്. ബഹുമാനവും അതിനു വേണ്ടിയുള്ള ആഗ്രഹവും അഹംബോധപരമാണ്. അതുകൊണ്ട് എന്നെ സ്നേഹിക്കുന്നവർ ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെ എന്നെ സ്നേഹിക്കും. ഞാൻ വിട്ടുവീഴ്ച്ച ചെയ്യാൻ പോകുന്നില്ല. ഞാൻ സമരസപ്പെടുത്താൻ പോകുന്നില്ല. എന്നാൽ ആ സമരസപ്പെടുത്തൽ എനിക്ക് വളരെ എളുപ്പത്തിൽ സൃഷ്ടിക്കാനാവും. എനിക്ക് ചില വാക്കുകൾ - ഫക്ക്, ഷിറ്റ് തുടങ്ങിയവ - ഉപയോഗിക്കാതിരിക്കാനാവും. അങ്ങനെ എനിക്കൊരു വിശുദ്ധനവാനാവും. അത് എത്രമാത്രം വില കുറഞ്ഞ പണിയാണെന്ന് നിങ്ങൾ കാണൂ. എന്നാൽ അത്തരം വില കുറഞ്ഞ വിശുദ്ധത്വത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. ഞാനൊരു വിശുദ്ധനാണെങ്കിൽ അപ്പോൾ ഞാൻ പറയുന്നത് എന്തൊക്കെയായാലും അതൊക്കെ വിശുദ്ധിയാർന്നതായിരിക്കും. ഞാനൊരു വിശുദ്ധനല്ലെങ്കിൽ അപ്പോൾ ഗീതയും ഖുറാനും വേദങ്ങളും ഞാൻ ചൊല്ലിക്കൊണ്ടിരുന്നേക്കാം. എന്നാൽ ഞാനൊരു വിശുദ്ധനല്ല. അപ്പോൾ, ഞാനപ്പോൾ തത്ത മാത്രമായിരിക്കും.

ഞാൻ ദർപണങ്ങളിൽ ഒട്ടും തന്നെ തത്‌പരനല്ല. എനിക്കെന്റെ യഥാർത്ഥ മുഖത്തെ അറിയാം - മാത്രമല്ല യഥാർത്ഥ മുഖം ദർപണങ്ങളിലൂടെയല്ല അറിയുന്നത്. പൊതു ജനാഭിപ്രായം ഒരു ദർപണം മാത്രമാണ്.

ഇന്ത്യൻ സുഹൃത്ത് എന്റെ ഇമേജിനെക്കുറിച്ച് ആകുലപ്പെടുന്നുണ്ടായിരിക്കണം. അദ്ദേഹം പറയുന്നു, 'അങ്ങയുടെ ഇമേജിനെ തലകീഴാക്കുന്നു.' തല കീഴായിരിക്കുന്നതിൽ എന്താണ് തെറ്റ്? അതിനെയാണ് അവർ യോഗയിൽ ശീർഷാസനം എന്ന് വിളിക്കുന്നത് - ശിരസിൽ നിൽക്കൽ. എന്നെ സംബന്ധിച്ചിടത്തോളം എനിക്കറിയാം, നിങ്ങൾ തല കീഴായാണ് നിൽക്കുന്നതെന്ന്. അതുകൊണ്ട് നിങ്ങളെന്നെ തല കീഴായി കാണുമ്പോൾ അതിനർത്ഥം ഞാനെന്റെ പാദങ്ങളിൽ നിൽക്കുന്നുവെന്നാണ്. നിങ്ങൾ തല കീഴായാണ് നിൽക്കുന്നതെന്നും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ