2020, ജൂലൈ 22, ബുധനാഴ്‌ച

കൃഷ്ണദർശനം : മരണാനന്തര ജീവിതവും പുനർജന്മവും - ഓഷോ


ഒരാൾക്ക് കൃഷ്ണന്റെയോ ബുദ്ധന്റെയോ മഹാവീരന്റെയോ ക്രിസ്തുവിന്റെയോ ദർശനങ്ങൾ രണ്ടു വ്യത്യസ്ത രീതികളിലാണുണ്ടാകുന്നത്.

ഒന്ന് നമ്മൾ മനഃപ്രകൽപനം എന്ന് വിളിക്കുന്നതാണ്. നിങ്ങളപ്പോൾ കാണുന്നത് നിങ്ങളുടെ സ്വപ്നങ്ങളാണ്. നിങ്ങളുടെ ആഗ്രഹങ്ങളാണ്. നിങ്ങളുടെ സങ്കൽപങ്ങൾ ഒരു ദർശന രൂപമായി കണ്ണുകൾക്ക് മുമ്പിൽ ഒരു രൂപത്തെ കാണിക്കുന്നതല്ലാതെ മറ്റൊന്നുമല്ല. അപ്പോൾ നിങ്ങളുടെ മുമ്പിൽ യാഥാർത്ഥ്യമായി യാതൊന്നുമില്ല. അതെല്ലാം സങ്കൽപമാണ്. മനസതിന് തികച്ചും ശേഷിയുള്ളതാണ്. നിങ്ങളുടെ സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും ഒരു പ്രതിബിംബത്തെ പ്രകൽപനം ചെയ്യാൻ അതിനാവും. മാത്രമല്ല അത് യാഥാർത്ഥ്യമാണെന്ന് നിങ്ങൾക്ക് ചിന്തിക്കാനുമാകും. ഉറക്കത്തിൽ നിങ്ങൾ സ്വപ്നം കാണുന്നതു പോലെ ജാഗ്രതാവസ്ഥയിലും നിങ്ങൾക്കു സ്വപ്നം കാണാനാവും. ഇപ്രകാരമാണ് ഒരു ഹിന്ദു കൃഷ്ണന്റെയോ രാമന്റെയോ ദർശനങ്ങൾ കാണുന്നതും ഒരു ക്രിസ്ത്യാനിക്ക് ക്രിസ്തുവിന്റെയോ മറിയത്തിന്റെയോ ദർശനങ്ങളുണ്ടാവുന്നതും. വെറും മാനസികം, സാങ്കൽപികം, ഭ്രമാത്മകം മാത്രമാണത്.

രണ്ടാമത്തെ രീതി യാഥാർത്ഥ്യമാണ്. എന്നാൽ കൃഷ്ണനുമായോ അദ്ദേഹത്തിന്റെ പ്രതിബിംബവുമായോ അത് നിങ്ങളെ മുഖാമുഖം കൊണ്ടു വരുന്നില്ല. കൃഷ്ണാവബോധമെന്നു വിളിക്കാവുന്ന ഒന്നുമായത് നിങ്ങളെ അഭിമുഖീകരിപ്പിക്കുകയും അനുഭവിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇതു പോലുള്ള ഒരനുഭവത്തിൽ കൃഷ്ണന്റെയോ ക്രിസ്തുവിന്റെയോ.. ആ രീതിയിലുള്ള ആരുടെയെങ്കിലുമോ ബിംബം ഉണ്ടായിരിക്കുകയില്ല. അഭ്യുത്ഥാനം കൈവന്ന ഒരവബോധാവസ്ഥ.. ഒരു ഉത്തുംഗ സമ്പർക്കം മാത്രമേ അവിടെ ഉണ്ടായിരിക്കുകയുള്ളൂ.

കൃഷ്ണാവബോധാനുഭവം ദർശനങ്ങളിലൂടെയും ബിംബങ്ങളിലൂടെയും സംഭവിക്കുന്നില്ല. എന്തെങ്കിലും ആകൃതിയോ രൂപമോ ഇല്ലാത്ത ശുദ്ധമായ ബോധമാണത്. നമ്മൾ കൃഷ്ണന്റെ നാമത്തെ അതുമായി ബന്ധപ്പെടുത്തുന്നു. കാരണം ഒരു വ്യക്തി കൃഷ്ണനെ സ്നേഹിക്കുകയും ഈ ബോധാവസ്ഥയിൽ കൃഷ്ണന്റെ സഹായത്താൽ എത്തിച്ചേരുകയും ചെയ്യുന്നു. മറ്റൊരു വ്യക്തിക്കു ബുദ്ധന്റെ ബിംബത്തിന്റെ സഹായത്തോടെ അതിലെത്തിച്ചേരാൻ കഴിഞ്ഞേക്കാം. അയാൾക്കതിനെ ബുദ്ധാവബോധമെന്ന് വിളിക്കാനാവും. ഒരാൾ ക്രിസ്തുവിന്റെ ബിംബത്തിലൂടെയാണതിലെത്തിച്ചേരുന്നതെങ്കിൽ അതിനെ ക്രിസ്ത്വാവബോധമെന്ന് വിളിക്കാനാവും. നാമങ്ങളവിടെ പ്രസക്തമല്ല. അവബോധമാണ് യഥാർത്ഥ കാര്യം. നാമവും രൂപവുമില്ലാത്ത സമുദ്ര സമാന ബോധം.

നമുക്ക് മനസിലാരംഭിക്കാനാവും. എന്നാൽ മനസിനപ്പുറം പോകേണ്ടതുണ്ട്. യാത്ര മനസിലാരംഭിക്കുന്നു. അതു നിർമനസിൽ/മനസിന്റെ വിരാമത്തിലവസാനിക്കുന്നു. മനസ് വാക്കുകളിലൂടെ രൂപങ്ങളുടെ/ബിംബങ്ങളുടെ ലോകമാണെന്നറിയുന്നത് പ്രധാന കാര്യമാണ്. വാക്കുകളും രൂപങ്ങളും ബിംബങ്ങളും മനസിനെ രൂപവത്ക്കരിക്കുന്നു. മാത്രമല്ല രൂപങ്ങളും ബിംബങ്ങളും അപ്രത്യക്ഷമാകുന്നിടത്ത് മനസ് സ്വയമേവ അപ്രത്യക്ഷമാകുന്നു. വാക്കുകളെയും രൂപങ്ങളെയും ബിംബങ്ങളെയും കൂടാതെ മനസിന് നിലനിൽക്കാൻ മാർഗമൊന്നുമില്ല. ശൂന്യതയുടെ വിടവിൽ മനസിന് നിലനിൽക്കാനാവില്ല. നിർണയത്തിന്മേൽ.. സമൂർത്തത്തിന്മേലാണത് ജീവിക്കുന്നത്. സമൂർത്ത ലോകം നിലവിലില്ലാതാകുന്ന നിമിഷത്തിൽ മനസു തന്നെ നിലവിലില്ലാതാവുന്നു. മനസ് നിലവിലില്ലാതാവുമ്പോൾ മാത്രമെ അവബോധം കൈവരിക്കപ്പെടുകയുള്ളു. ഒരു നിർമനാവസ്ഥയാണത്.

കൃഷ്ണനെയോ ക്രിസ്തുവിനെയോ ശാരീരിക രൂപത്തിൽ അഭിമുഖീകരിച്ചുവെന്നാരെങ്കിലും പറയുകയാണെങ്കിൽ അവരാരായാലും അയാൾ മനഃപ്രകൽപനത്തിനിരയാണ്. ബ്രഹ്മാണ്ഡ ബോധത്തിന്റ വിശാലമായ തിരശീലയിൽ തന്റെ സ്വന്തം മനഃബിംബങ്ങളെ പ്രതിഷ്ഠിക്കുകയും അവയെ വസ്തുനിഷ്ഠ യാഥാർത്ഥ്യവുമായി ദർശിക്കുകയുമാണ് ചെയ്യുന്നത്. ഒരു സിനിമ പ്രൊജക്ടർ ദ്രുത ചലനമാർന്ന ചിത്രങ്ങളെ ശൂന്യമായ തിരശീലയിൽ പ്രക്ഷേപിക്കുന്നതു പോലെയാണത്. വാസ്തവത്തിൽ തിരശീലയിൽ നിഴലുകളല്ലാതെ യാതൊന്നുമില്ല.

(കൃഷ്ണദർശനം : മരണാനന്തര ജീവിതവും പുനർജന്മവും)............ എന്ന പുസ്തകത്തിൽ നിന്നും............. ഓഷോ.................... ഓഷോ................ ഓഷോ............... ഓഷോ.............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ