ചിന്തയക്കൊരിക്കലും ഏതെങ്കിലുമൊരു മൗലികമായ സത്യത്തിലെത്തിച്ചേരാൻ കഴിയുകയില്ല. ചിന്തയൊരിക്കലും മൗലികമല്ല. അതെല്ലാമിപ്പോഴും ഭൂത കാലത്തിന്റെതാണ്, പഴയതിന്റെതാണ്, അറിയപ്പെടുന്നതിന്റെയാണ്. ചിന്തയ്ക്ക് അറിയപ്പെടാത്തതിനെ സ്പർശിക്കാൻ കഴിയില്ല. അത് അറിയപ്പെട്ടു കഴിഞ്ഞതിന്റെ വൃത്തത്തിൽ കിടന്ന് തിരഞ്ഞു കൊണ്ടിരിക്കുകയാണ്. നിങ്ങൾക്ക് സത്യത്തെ അറിഞ്ഞുകൂടാ. നിങ്ങൾക്ക് ദൈവത്തെ അറിഞ്ഞുകൂടാ. അപ്പോൾ നിങ്ങൾക്കെന്താണ് ചെയ്യുവാൻ കഴിയുക? നിങ്ങൾക്കതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയും. നിങ്ങൾ വൃത്തങ്ങളിൽ കിടന്നു വട്ടം ചുറ്റി കൊണ്ടിരിക്കും. നിങ്ങൾക്കതിന്റെ യാതൊരനുഭവത്തിലേക്കും ഒരിക്കലുമെത്തിച്ചേരാൻ കഴിയില്ല. അതിനാൽ കിഴക്കുള്ളവരുടെ ഊന്നൽ ചിന്തിക്കുന്നതിലല്ല മറിച്ച് കാണുന്നതിനാണ്. നിങ്ങൾക്ക് ദൈവത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല, എന്നാൽ കാണാൻ കഴിയും. നിങ്ങൾക്ക് ദൈവത്തെക്കുറിച്ച് യാതൊരു നിർണയത്തിലുമെത്തിച്ചേരാൻ കഴിയില്ല, എന്നാൽ തിരിച്ചറിയാൻ കഴിയും. അതിലൊരനുഭവം വിവരണങ്ങളിലൂടെ, അറിവിലൂടെ, മത ഗ്രന്ഥങ്ങളിലൂടെ, സിദ്ധാന്തങ്ങളിലൂടെ, തത്വ ചിന്തകളിലൂടെ നേടിയെടുക്കുവാൻ കഴിയില്ല. അറിവുകളിലൂടെ നിങ്ങൾക്കതിനെ അനുഭവിക്കാൻ കഴിയില്ല. എല്ലാ അറിവുകളെയും നിങ്ങൾ വലിച്ചെറിയുകയാണെങ്കിൽ മാത്രമേ നിങ്ങൾക്കത് അനുഭവിക്കാൻ സാധ്യമാവുകയുള്ളൂ. നിങ്ങൾ കേട്ടിട്ടുള്ളതും വായിച്ചിട്ടുള്ളതും ശേഖരിച്ച് വച്ചിട്ടുള്ളതുമായ എല്ലാറ്റിനെയും.. നിങ്ങളുടെ മനസ് സംഭരിച്ചു വച്ചിട്ടുള്ളതായ എല്ലാ ചപ്പുചവറുകളെയും മുഴുവൻ ഭൂത കാലത്തെയും നിങ്ങൾക്ക് മാറ്റി വയ്ക്കേണ്ടി വരും. അപ്പോൾ നിങ്ങളുടെ കണ്ണുകൾ ശുദ്ധമാകും. അപ്പോൾ നിങ്ങളുടെ ബോധം മേഘാവൃതമല്ലാതാകും. അപ്പോൾ നിങ്ങൾക്കത് കാണാൻ കഴിയും.
ഓഷോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ