പ്രഭാഷകന്‍ തന്റെ പ്രസംഗത്തിനിടയ്ക്ക് ആളുകളോട് ചോദിച്ചു: ലോകത്തിലെ ഏറ്റവും സമ്പന്നമായ സ്ഥലമേതാണ്.
ആളുകള്‍ വിവിധ രാജ്യങ്ങളുടേയും പ്രവിശ്യകളുടേയും പേരുകള്‍ കാര്യകാരണസഹിതം നിരത്തി.
അവയെല്ലാം നിഷേധിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: സെമിത്തേരിയാണ് ഏറ്റവും സമ്പന്നമായ സ്ഥലം. ആള്‍ക്കൂട്ടം ഒന്നടങ്കം എതിര്‍ത്തു.
നിര്‍ജ്ജീവമായ അസ്ഥികൂടങ്ങള്‍ മാത്രമുള്ള സ്ഥലം എങ്ങിനെയാണ് സമ്പന്ന സ്ഥലമാകുന്നത്. പ്രഭാഷകന്‍ വിശദീകരിച്ചു. എല്ലാ ആളുകളുടേയും നടക്കാതെ പോയ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും പദ്ധതികളും അന്തിയുറങ്ങുന്ന സെമിത്തേരി തന്നെയാണ് ഏറ്റവും സമ്പന്നമായ സ്ഥലം എന്ന്.
ജീവിതം വിലയിരുത്തുന്നതിന്റെ ആദ്യ മാനദണ്ഡം, നേടിയ ബഹുമതികളോ, അലങ്കരിച്ച സ്ഥാനമാനങ്ങളോ അല്ല. പിന്തുടര്‍ന്ന അഭിലാഷങ്ങളും പൂര്‍ത്തീകരിച്ച പദ്ധതികളുമാണ്. കല്ലറയില്‍ അന്തിയുറങ്ങുകയാണോ അതോ കാലത്തിനൊപ്പം പുനര്‍ജനിക്കുകയാണോ എന്നതാണ് ജീവിതമേന്മയുടെ അളവുകോല്‍. ഓരോ വ്യക്തിയും അവന്റെയുള്ളില്‍ രൂപംകൊള്ളുന്ന ഒരാശയത്തിനോ സങ്കല്‍പത്തിനോ വേണ്ടി ആത്മവിശ്വാസത്തോടെയും സ്ഥിരോത്സാഹത്തോടെയും നിലകൊണ്ടിരുന്നുവെങ്കില്‍ എല്ലാവര്‍ക്കും കുറച്ചുകൂടി മികച്ച ലോകവും ആസ്വാദ്യകരമായ ജീവിതവും ലഭിച്ചേനെ. സ്വന്തമായ സ്വപ്‌നങ്ങള്‍ ഉണ്ടാകുക, അവയ്ക്ക് വേണ്ടിനിലകൊള്ളുക, എന്തുവിലകൊടുത്തും അവ സാക്ഷാത്കരിക്കുക എന്നതൊക്കെയാണ് ജീവിതത്തെ സൗന്ദര്യപൂര്‍വ്വമാക്കുന്നത്.
*സ്വപ്‌നങ്ങള്‍* *തളിര്‍ക്കുകയും* *പൂക്കുകയും കായ്ക്കുകയും ചെയ്യട്ടെ.*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ