2020, ജൂൺ 5, വെള്ളിയാഴ്‌ച

കോഴികൾ പഠിപ്പിച്ച പാഠം


!!

കപ്പൂച്ചിൻ സഭാംഗം ഡിജനച്ചൻ പങ്കുവച്ച അനുഭവമാണത്. സംഭവം നടക്കുന്നത് ആലപ്പുഴയിലെ ഒരു ഗ്രാമത്തിലാണ്. അച്ചനറിയാം ആ സ്ത്രീയെ. വിധവ. മൂന്നു മക്കളുണ്ട്. 5 സെൻ്റ് സ്ഥലത്തൊരു ചെറിയ വീടും. കൂലിവേല ചെയ്ത് ജീവിക്കുന്നു.

അയൽവാസി ഒരു ധനികനാണ്. ഈ സ്ത്രീയുടെ കോഴികൾ അയാളുടെ പറമ്പിലേക്ക് ചെല്ലുന്നു എന്നും പറഞ്ഞ് എന്നും വഴക്കാണ്. വഴക്ക് മൂത്ത് ഒരു ദിവസം അയാൾ പറഞ്ഞു: "ഇനി നിൻ്റെ കോഴികൾ എൻ്റെ പറമ്പിൽ വന്നാൽ ഞാനവയെ കൊന്നുകളയും".

അന്നു മുതൽ അവൾ കോഴികളെ കൂട്ടിലിട്ട് വളർത്താൻ തുടങ്ങി. എപ്പോഴെങ്കിലും അഴിച്ചുവിടുകയാണെങ്കിൽ അയാളുടെ പറമ്പിലേയ്ക്ക് പോകുന്നില്ലെന്നുറപ്പു വരുത്തി.

ഒരു ദിവസം കോഴികളെ അഴിച്ചുവിട്ട് എന്തോ ആവശ്യത്തിന് പുറത്തു പോയ് വന്നപ്പോൾ ഹൃദയം തകർക്കുന്ന കാഴ്ചയാണവൾ കണ്ടത്: നാലു കോഴികളെ കഴുത്തറത്ത് മുറ്റത്തേയ്ക്ക് വലിച്ചെറിഞ്ഞിരിക്കുന്നു.

പറഞ്ഞതുപോലെ തന്നെ തൻ്റെ അയൽവാസിയാണ് അത് ചെയ്തെന്നവൾക്കു മനസിലായി. കണ്ണുനീരോടു കൂടി അവളും മക്കളും ചേർന്ന് ആ കോഴികളുടെ പപ്പു പറച്ച് വൃത്തിയാക്കി. നന്നായി വരട്ടിയെടുത്തു. അതിനു ശേഷം ഒരു പാത്രം നിറയെ വറുത്ത കോഴിയുമായ് അയാളുടെ വീട്ടിലേയ്ക്ക് ചെന്നു.

എന്നിട്ടവൾ ഇങ്ങനെ പറഞ്ഞു: ''ചേട്ടാ, തെറ്റ് എൻ്റേതാണ്. കോഴികൾ ചേട്ടൻ്റെ പറമ്പിലേയ്ക്ക് വരാതെ നോക്കേണ്ടത് എൻ്റെ കടമയായിരുന്നു. അതു കൊണ്ട് ചേട്ടൻ അവയെ കൊന്നതിൽ എനിക്ക് വിഷമമില്ല.

ഞങ്ങൾ അവയെ പപ്പും പൂടയും പറച്ച് വറുത്തെടുത്തു. ഞാനും മൂന്നു മക്കളും ഒരാഴ്ച തിന്നാലും തീരാത്തത്ര ഇറച്ചിയുണ്ട്. അതു കൊണ്ട് കുറച്ച് ഇങ്ങോട്ടു കൊണ്ടുവന്നു. വേണ്ടാന്ന് പറയരുത്. പകയും വൈരാഗ്യവും മനസിൽ വയ്ക്കരുത്.

ഞങ്ങൾക്ക് അയൽക്കാരായി നിങ്ങളെ ഉള്ളൂ. കോഴികളെ ഇന്നല്ലെങ്കിൽ നാളെ കൊന്നു തിന്നേണ്ടതല്ലെ? ഇനിയുള്ളവയെ ഞാൻ വിറ്റൊഴിവാക്കിക്കൊള്ളാം......." അയാൾക്കാ പാത്രം നൽകി അവൾ തിരിച്ചു പോയി.

അന്നു രാത്രി ആ ധനികന് നന്നായ് ഉറങ്ങാൻ കഴിഞ്ഞില്ല. പിറ്റേ ദിവസം അതിരാവിലെ അയാൾ വന്ന് അവരുടെ പറമ്പുകളെ തമ്മിൽ വേർതിരിക്കുന്ന വേലി പൊളിച്ച് മാറ്റി. എന്നിട്ടവളോടു പറഞ്ഞു:

"മാപ്പാക്കണം. ഞാൻ കാരണം ഇനി നീ കോഴികളെ വളർത്താതിരിക്കരുത്. നമ്മൾ തമ്മിൽ ഇനി കലഹം വേണ്ട. നീ പറഞ്ഞതാ ശരി, ഞങ്ങൾക്കും എന്തെങ്കിലും വന്നാലും നിങ്ങൾ മാത്രമെയുള്ളൂ. ഞാൻ വേറെ കോഴികളെ വാങ്ങിത്തരാം. വേണ്ടാന്ന് പറയരുതേ..." മിഴികൾ തുടച്ചു കൊണ്ടയാൾ തിരിച്ചു പോയി.

ഹൃദയ സ്പർശിയായ അനുഭവം, അല്ലെ?

എന്തുമാത്രം കലഹങ്ങളാണ് ഈ ലോകത്തിൽ ഓരോ ദിവസവും നടക്കുന്നത്? എന്തിന് ലോകത്തെ നോക്കുന്നു, നമ്മുടെ കുടുംബങ്ങളിൽ, സുഹൃത്തുക്കൾ തമ്മിൽ, ബന്ധുക്കൾ തമ്മിൽ, മാതാപിതാക്കളും മക്കളും തമ്മിൽ, ഭാര്യാ ഭർത്താക്കൾ തമ്മിൽ, കൂടപ്പിറപ്പുകൾ തമ്മിൽ.....

ഒന്നു വിട്ടു കൊടുക്കാൻ പലപ്പോഴും നമ്മളാരും തയ്യാറല്ല. അതു കൊണ്ടാണ് ശിഷ്യന്മാർക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ അവർ തമ്മിൽ കലഹിക്കാതെ ഐക്യത്തിൽ ജീവിക്കാൻ വേണ്ടി മാത്രം ക്രിസ്തു ചങ്കുപൊട്ടി പ്രാർത്ഥിച്ചത്. സാധിക്കുമെങ്കിൽ അതൊന്നു വായിക്കണം. അത്രയ്ക്കു മനോഹരമാണത്. (യോഹ 17:20-26)

ശത്രുതയും വൈരാഗ്യവും വച്ചു പുലർത്തി എവിടം വരെ നാം യാത്ര ചെയ്യും. കുഴിമാടം വരെ. അല്ലെ? അവിടുന്നങ്ങോട്ടോ........

നമ്മളെല്ലാം ഒരേ ദൈവത്തിൻ്റെ മക്കളല്ലെ?

പൂന്താനത്തിൻ്റെ ഈ വരികളോടെ നിറുത്തുകയാ..

കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മദ്ധ്യേയിങ്ങനെ കാണുന്നനേരത്തു മത്സരിക്കുന്നതെന്തിനു ന‍ാം വൃഥാ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ