വിശ്വം സത്യമാണെന്ന് വരികിൽ സുഷുപ്തിയിലും അതിന്റെ അനുഭവം ഉണ്ടാകേണ്ടതായിരുന്നു. അവിടെ അത് ഒട്ടും കാണപ്പെടുന്നില്ലെന്നതിനാൽ സ്വപ്നം പോലെ ഉണ്മയില്ലാത്ത മിഥ്യയാണത്.
കാലത്രയത്തിലും മാറ്റമില്ലാതെ നിലകൊള്ളുന്നതെന്തോ അതാണ് സത്യമായിട്ടുള്ളത്. ജാഗ്രദവസ്ഥയിൽ നാമനുഭവിക്കുന്ന ജഗത്ത് ഗാഢസുഷുപ്തിയിൽ ദൃശ്യമാകുന്നില്ല. ഉണരുമ്പോൾ ദൃശ്യമാവുകയും ചെയ്യുന്നു. ഒരവസ്ഥയിൽ അനുഭവമുണ്ട്. മറ്റൊരവസ്ഥയിൽ ഇല്ല എങ്കിൽ അതിനെ സത്യമെന്ന് പറഞ്ഞുകൂടാ. മാത്രവുമല്ല, ജാഗ്രദവസ്ഥയിൽ അനുഭവവിഷയമാകുമ്പോൾത്തന്നെ അതിന് പരിണാമം സംഭവിക്കുന്നുമുണ്ട്. എപ്പോഴും ഒരേ മാതിരി ഇരിക്കുന്നില്ല. സ്വപ്നത്തിന്നുള്ളത്ര സത്യത്വമേ ജഗത്തിനുള്ളൂ. രണ്ടിനും ഉണ്മയില്ല-ഭ്രാന്തിമൂലം മനസ്സിലുണ്ടായ മിഥ്യാകല്പനകൾ മാത്രമാണവ.
അതിനാൽ പരമാത്മാവിൽനിന്ന് വേറെയായി ഒരു ജഗത്ത് ഇല്ലതന്നെ അങ്ങിനെ ഒന്നുണ്ടെന്ന് തോന്നുന്നത് ഗുണിയിൽനിന്ന് വേറെയായി ഗുണം ഉണ്ടെന്ന് തോന്നുന്നതു പോലെ മിഥ്യയാണ്. ആരോപിതവസ്തുവിന് അധിഷ്ഠാനത്തെ കൂടാതെ എന്തർത്ഥമാണുള്ളത്? അധിഷ്ഠാനംതന്നെ ഭ്രമംമൂലം അങ്ങനെ തോന്നുകയാണ്.
ബ്രഹ്മത്തെ വിട്ട് ജഗത്തിന് സ്വതന്ത്രമായ നിലനിൽപ്പില്ല. അഥവാ മറിച്ച് കാണുന്നുവെങ്കിൽ ബ്രഹ്മത്തിൽനിന്ന് ഭിന്നമായി ജഗത്തിനെ കാണുന്നുവെങ്കിൽ അത് സത്യമല്ല. ഗുണങ്ങളെപ്പോലെ മിഥ്യയാണ്. ആകാശത്തിന്റെ നീലിമയോ സ്ഥാണുവിൽ കാണുന്ന അസ്ഥിപഞ്ജരമായ പ്രേതത്തിന്റെ പല്ലിളിച്ചുകാട്ടലോ സത്യമല്ലല്ലോ. ആരോപിതവസ്തുവിന് അതിന്റെ അധിഷ്ഠാനത്തെ വിട്ട് ഉണ്മയില്ല. മറിച്ച് തോന്നുന്നത് മനോവിഭ്രാന്തിമൂലമാണ്. വ്യാമോഹകലുഷിതമായ മനോബുദ്ധികളുടെ മിഥ്യാകല്പന ഹേതുവായി ഇങ്ങനെ ഒരു ജഗത്ത് ഉണ്ടെന്ന് തോന്നുകയാണ്. അധിഷ്ഠാനമായ ബ്രഹ്മത്തെ വിട്ട് ആരോപിതമായ ജഗത്തിന് ഉണ്മയില്ല. നാനാത്വത്തിന്റെ പ്രതീതി ഉണ്ടെങ്കിൽ അത് മനസ്സിന്റെ ഭ്രമംകൊണ്ട് മാത്രമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ