2020, ജൂൺ 11, വ്യാഴാഴ്‌ച

*​ആട്ടിടയന്റെയും ആടുകളുടെയും പിന്നെ പച്ചിലത്തോട്ടത്തിന്റെയും കഥ*


"മ്ഹ്.......പോട്ടെ.....ഹെയ്ക്...ഹെയ്ക്........".എന്തൊക്കെയോ ഒച്ചവെച്ച് അയാൾ ആടുകളുമായിമുന്നോട്ടു നീങ്ങി . കയ്യിലൊരു ചെറിയ ചുള്ളിക്കൊമ്പുമായി ആടുകൾക്ക് പിറകെത്തന്നെ അയാൾ നടക്കുകയാണ്.തന്റെ പ്രജകളായ ആടുകളിൽ നിന്ന്‌ കണ്ണെടുക്കാതെ !

"ബേ.. പേ..മേ....മേ" ...തന്റെ ആടുകളൾക്ക് മാത്രം തിരിയുന്ന ഭാഷയാണത് . ചിലപ്പോഴൊക്കെ കയ്യിലെ ചുള്ളിക്കൊമ്പ് മേനിയിൽ വീഴുമ്പോൾ ആടുകൾ അതി വേഗത്തിൽവർണ മനോഹാരിത വിഴിഞ്ഞു നിൽക്കുന്ന വിശാലമായ തോട്ടത്തിന്റെ വരമ്പിനോട് ചേർന്ന ഒരു കുഞ്ഞു വള്ളിയിൽ ഇളകിയാടുന്ന ഇളം പച്ച നിറത്തിലുള്ള ഇലപ്പടർപ്പിലേക്കു തല നീട്ടിയ രണ്ട് കുഞ്ഞാടുകളെ ഇടയൻ കൈ വീശി നേരെ ഓടിച്ചതിനു പിന്നാലെ മറ്റാടുകളും കൂട്ടമായ് മുന്നോട്ടോടി.. തലകുലുക്കിയുള്ള കുഞ്ഞാടുകളുടെ അനുസരണയാർന്ന ഓട്ടവും നടത്തവും ചന്തമുള്ളതായിരുന്നു.

താഴ് വരയിലൂടെ ഫലങ്ങളും കായകളും ചെടികളും നശിപ്പിക്കാതെ വഴിവക്കിലെ പുല്ലും കൊഴിഞ്ഞ ഇലകളും മാത്രം തിന്ന് മേഞ്ഞ് നീങ്ങുന്ന ആട്ടിൻ പറ്റവും ചില ശബ്ദങ്ങൾ പുറപ്പെടീക്കുന്നുണ്ട്. "മ്....മ്മേ.....ങ്ർ.. മ്..."

നടത്തം നീളുകയാണ്... അതിനിടക്ക് എപ്പഴോ അത് സംഭവിച്ചു ! ഇടയന് ഒരു മാറ്റം വന്നു വെയിലു പെയ്യുന്ന വരമ്പുകളിലൂടെ നടന്നു നടന്നു അവശനായ ഇടയൻ തൊട്ടുമുന്നിൽ കണ്ട വലിയ മരത്തിന്റെ സുഖശീതളമയിൽ അൽപം തണൽ കൊതിച്ച് നിന്നു. മോഹിപ്പിക്കുന്ന തണലിൽ ആശ്വാസം കൊണ്ട് , ചെറിയ രണ്ടു കല്ലുകൾ ശരിപ്പെടുത്തി അവിടെ അയാൾ ഇരുന്നു. കയ്യിലെ മരക്കൊമ്പ് നിലത്തടിക്കുമ്പോഴുണ്ടാവുന്ന " ഠേ"... ടേ...ട്ടേ.." ശബ്ദവും ,ഇടയന്റെ ചില ആഗ്യങ്ങളും തോട്ടത്തിനകത്തെ ഇളം ചെടികളിലേക്കും കായ്ഖനികളിലേക്കും ഇടതും വലതും തല നീട്ടാൻ ശ്രമിക്കുന്ന ആടുകളെ നിയന്ത്രിച്ചു.

അൽപം കഴിഞ്ഞ് ഇടയൻ മരത്തിലേക്കു ചാരിയിരുന്നു. നിറഭേദങ്ങൾകൊണ്ടലങ്കൃതമായ തോട്ടത്തിലെ തുടുത്തു നിൽക്കുന്ന പച്ചിലകളും മുളച്ചുപൊന്തുന്ന നാമ്പുകളും ആടുകൾ കടിച്ചെറിയാതിരിക്കാൻ കാവലിരിക്കുന്നതിനിടയിലെപ്പോഴോ ഇടയൻ അറിഞ്ഞോ ,അറിയാതെയോ ഉക്കത്തിലേക്ക് വഴുതി വീണു. ഉറക്കം ഗാഢമായി..ഇടയന് ഉറക്കം മുറുകി കൂർക്കം വലിക്കാൻ തുടങ്ങി.

സമയമൊരുപാടിഴഞ്ഞു നീങ്ങി. ആടുകൾ സ്വതന്ത്രരായി.ചുള്ളിക്കൊമ്പ് നിലത്ത് പതിയുന്ന ശബ്ദമോ,,. ..."ഇങ്ട്"...... ഹെയ്ക്......അങ്ങ്ട്".... ഒന്നുമിപ്പോൾ കേൾക്കുന്നില്ല.......

പച്ചിലത്തോട്ടത്തിന്റെ വരമ്പുകളിലവ സ്വൈരവിഹാരം നടത്തി.....നാമ്പെടുക്കുന്ന ഇലക്കൊമ്പുകൾ പൊട്ടിച്ച് തൂമ്പ്മുളക്കുന്ന ഇലകൾ കടിച്ചു തിന്നു.....കൊമ്പുകൾ മുറിച്ചിട്ടു.....ഇളയ നാമ്പുകളും കുരുന്നിലകളുമെല്ലാം ആടുകൾ തിന്നു. തെന്നലേറ്റിളകി തോട്ടത്തിന് ഹരിതഹാരം ചാർത്തിയിരുന്ന അവകളില്ലാതയത് തോട്ടത്തിന്റെ ഭംഗിക്കു ഭംഗമായി.

അപ്പോഴേക്കും പരിസങ്ങളിൽ ജോലിയിലേർപ്പെട്ടവരും നാട്ടുകാരും, അയൽക്കാരും,പ്രമാണിമാരുമെല്ലാം ഓടിയെത്തി ആടുകളെ നിയന്ത്രിക്കാൻ ശ്രമിച്ചു.

ചിലർ വടിയെടുത്തു.. മറ്റു ചിലർ കല്ലെറിഞ്ഞു, വലിയ ശബ്ദങ്ങളുണ്ടാക്കി മറ്റുള്ളവർ ആടുകലെ പിടിച്ചു വലിച്ച് കെട്ടിയിടാനുള്ള ശ്രമത്തിലായിരുന്നു.....ആടുകൾ നിയന്ത്രണത്തിലൊതുങ്ങാതെ രംഗം കൂടുതൽ വശളായി....

ആടുകളുടെ പിന്നാലെ ഓടിയവരുടെ ചവിട്ടേറ്റ് തോട്ടത്തിന്റെ വരമ്പുകളും നീർചാലുകളും നശിച്ചു..,തോട്ടത്തിന്റെ ആവാസ വ്യവസ്ഥകൾ ആകെ താറുമാറായി ! അപ്പോഴാണ് അതി ബുദ്ധിമാനായ ഒരാൾ അവിടെ കടന്നു വരുന്നത് . ആ ബുദ്ധിശാലി രംഗമാകെ ഒന്ന് നിരീക്ഷിച്ചു !

"ആട്ടിൻപറ്റം കടന്നു വന്ന തോട്ടത്തിന്റെ ആദ്യപകുതിയിലെ ഒരിലക്കുപോലും പോറലില്ലല്ലോ....! ...പിന്നീടാണല്ലൊ ആടുകളുടെ ഈ പരാക്രമമുണ്ടായിരിക്കുന്നത് .....!" അയാൾ നീരീക്ഷിച്ചു.;

"പച്ചിലത്തോട്ടത്തിന്റെ പകുതിയെത്തുവോളം ആട്ടിൻകൂട്ടത്തെ തെളിച്ചുകൊണ്ടു വരാൻ അവറ്റകളുടെ കൂടെ സമർത്ഥനായ ഒരു ഇടയൻ ഉണ്ടായിരുന്നു ! അയാൾ എവിടെപ്പോയി കിടക്കുവാ ? ബുദ്ധിമാൻ ആ സത്യം മനസ്സിലാക്കി ബുദ്ധിപരമായി കാര്യം ഏറ്റെടുത്തു . അദ്ദേഹം പൊതുജനം കാട്ടിക്കൂട്ടിയ കോപ്രായങ്ങൾക്കൊന്നും മുതിർന്നില്ല . ഈ ആടുകളുടെ ഇടയൻ എവിടെ ? ബുദ്ധിമാൻ ഇടയനെത്തിരഞ്ഞോടി.....

മരച്ചുവട്ടിൽ ഒരു മരക്കൊമ്പും ചാരിവെച്ച് കിടന്നുറങ്ങന്ന മെലിഞ്ഞ ഈ മനുഷ്യൻ തന്നെയായിരിക്കണം ഇടയൻ.അയാളുറപ്പിച്ചു.ബുദ്ധിമാൻ ഒട്ടും പ്രയാസപ്പെടാതെ ആ ഇടയനെ സൗമ്യമായി തട്ടിയുണർത്തി, " ഏയ്.....ഏയ്....താങ്കളെ വിശ്വിച്ചേല്പിച്ച ആടിൻ പറ്റങ്ങളെ ശ്രദ്ധിക്കാതെ ഇവിടെക്കിന്നുറങ്ങുകയാണോ ? ബുദ്ധിമാന്റെ സ്നേഹ സമ്പന്നമായ വിളി കേട്ട് ഇടയൻ ഞെട്ടിയുണർന്നു ! നൊടിയിടയിൽ ഇടയൻ സജീവായി !അയാൾക്ക്‌ ഉത്തരവാദിത്ത ബോധം തിരിച്ചു കിട്ടി . ഹാ .....ഹാ ..എന്റെ കുഞ്ഞാടുകൾ !! ..".തന്റെ മരക്കൊമ്പ് തിരഞ്ഞ് കൊണ്ട് ഇടയൻ ചോദിച്ചു.

പിന്നീട് ഒട്ടും താമസിച്ചില്ല ! രണ്ടു കയ്യും കൂട്ടിയടിച്ച് ഇടയൻ ചാടിയെണീറ്റു . "ബ്ടെ...ഹെയ് .....ഹെയ്ക്....ങ്ട്." എന്തൊക്കെയോ ഉച്ചത്തിൽ ശബ്ദിച്ചു... അതാ അദ്ഭുതമെന്നല്ലേ പറയേണ്ടൂ ...!ആടുകൾ ഇടയന്റെ ചിര പരിചിതമായ ശബ്ദം കേട്ടു അതി വേഗം തിരിച്ചറിഞ്ഞു !! ദൂരെ തോട്ടത്തിന്റെ ഉള്ളിലെവിടെ നിന്നൊക്കെയോ ആടുകൾ പെട്ടെന്ന് ഓടിയെത്തി ഇടയനുമുന്നിൽ നിന്നു.... ആടുകളെല്ലാം സുരക്ഷിതരായി എത്തിയെന്നുറപ്പായപ്പോൾ ഇടയൻ മുന്നോട്ടു ഗമനം തുടർന്നു ! .....തോട്ടക്കാർക്ക് ആശ്വാസ വാക്കുകൾ നൽകി, അവയെയും തെളിച്ച് ഇടയൻ സുഖകരമായി യാത്ര തുടർന്നു...

ഇടയനൊപ്പം ആടുകൾ അച്ചടക്കത്തൽ നീങ്ങുന്നത് ആ ഗ്രാമവാസികൾ അത്ഭുതത്തോടെ നോക്കി നിന്നു...ഇപ്പോഴിതാ ഒരു കുഴപ്പവുമില്ലാ ! ആടുകൾ മര്യാദക്കാരായി ! ഇടയൻ പ്രയാസമൊന്നുമില്ലാതെ അവയെ ഭരിക്കുന്നു ! തോട്ടവും , നാട്ടുകാരും സുരക്ഷിതരായി !! എല്ലാം പരമ ശുഭം !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ