ഒരിക്കല്‍ ഭഗവാന്‍ ഒരു യാത്രക്ക് ഒരുങ്ങുകയായിരുന്നുശിരസ്സില്‍ പലതരത്തിലുള്ള കിരീടങ്ങള്‍ മാറി മാറി അണിഞ്ഞു നോക്കി. മനോഹരങ്ങളായ ആഭരണങ്ങള്‍ ധരിച്ചു. പുറത്ത് തേരുമായി അദ്ദേഹത്തിന്റെ തേരാളി ഉദ്ധവർ കുറെ നേരമായി കാത്ത് നില്‍ക്കുകയാണ്. സാധാരണ കൃഷ്ണന്‍ വേഗം വരാറുണ്ട്. ഇന്നെന്തു പറ്റി എന്ന് തേരാളി വിചാരിച്ചു. കൗതുകം സഹിക്കാന്‍ വയ്യാതെ എന്തുപറ്റി എന്ന് അന്വേഷിക്കാന്‍ അകത്തേക്കു പോയി. പരിപാടി വല്ലതും മാറ്റിയോ എന്നറിയില്ല. കൃഷ്ണനല്ലേ, എപ്പോള്‍ മാറും എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ! തേരാളി അകത്തു ചെന്നു നോക്കിയപ്പോള്‍ കൃഷ്ണന്‍ കണ്ണാടി നോക്കി സ്വന്തം രൂപം ആസ്വദിക്കുന്ന കാഴ്ചയാണ് കണ്ടത്.
അയാള്‍ ഭവ്യതയോടെ ചോദിച്ചു.’ഭഗവാനേ അങ്ങ് എന്തിനാണ് ഇന്ന് ഇത്രയ്ക്കധികം വേഷം അണിയുന്നത്?’ എവിടേയ്ക്കാണ് നമ്മളിന്ന് പോകുന്നത്? ‘ദുര്യോധനനെ കാണാനാണ് ഞാന്‍ പോകുന്നത്’- കൃഷ്ണന്‍ പറഞ്ഞു.
‘ദൂര്യോധനനെ കാണാനാണോ അങ്ങ് ഇത്രയ്ക്കധികം അണിഞ്ഞൊരുങ്ങുന്നത്?’ തേരാളി അത്ഭുതപ്പെട്ടു. ‘ദൂര്യോധനന് എന്റെ ഉള്ളിലേക്ക് നോക്കാന്‍ കഴിയുന്നില്ല, എന്റെ പുറമേയ്ക്കുള്ള സൗന്ദര്യമേ ആസ്വദിക്കാന്‍ കഴിയൂ, അതുകൊണ്ട് എന്റെ വേഷഭൂഷാദികളില്‍ മാത്രമാണ് അയാള്‍ മയങ്ങുക.’
“’അങ്ങ്, ദുര്യോധനന്റെ അടുത്തേയ്ക്ക് പോവുകയാണെന്നോ? തേരാളി പരിഭ്രാന്തിയോടെ ചോദിച്ചു. ‘അങ്ങ് പോവരുത്; അയാള്‍ അങ്ങയുടെ അടുത്തേക്കാണ് വരേണ്ടത്”അങ്ങയുടെ പദവിയും, അയാളുടെ പദവിയും നോക്കൂ. അങ്ങ് ലോകത്തിന്റെ നാഥനാണ്. അയാള്‍ ഇങ്ങോട്ട് വരട്ടെ’
ഭഗവാന്‍ തിരിഞ്ഞ് തേരാളിയെ നോക്കി പുഞ്ചിരിയോട് പറഞ്ഞു.“’അന്ധകാരം ഒരിക്കലും പ്രകാശത്തിന്റെ ഉള്ളിലേക്ക് വരില്ല, പകരം, പ്രകാശമാണ് അന്ധകാരത്തിലേക്കാഴ്ന്നിറങ്ങുക!’ ഈ ചെറിയ വാക്കുകള്‍ തേരാളിയെ നിശ്ശബ്ദനാക്കി.
സമാധാന ശ്രമങ്ങള്‍ക്കായി ഭഗവാന്‍ മൂന്നുപ്രാവശ്യം കൗരവസന്നിധിയിലേക്കു പോയിരുന്നു. പക്ഷേ, അദ്ദേഹം അതില്‍ പൂര്‍ണ്ണമായും പരാജയപ്പെടുകയാണുണ്ടായത്. ഒരു വശത്ത് ഭഗവാന്‍ വിജയത്തിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാകുമ്പോള്‍ മറുവശത്ത് പരാജയവും സംഭവിക്കുന്നുണ്ട്. എന്നാല്‍ കൃഷ്ണന് വിജയവും പരാജയവും ഒരു പോലെയാണ്. ഈ രണ്ട് അവസ്ഥകളും ഭഗവാന്റെ മനസ്സിനെ ബാധിക്കുന്നതേയില്ല. ഭഗവാന്‍ തന്റെ ജീവിതത്തിലൂടെ മനുഷ്യര്‍ക്ക് അനേകം ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഏറ്റവും പ്രധാനം ഇതാണ്: പുഞ്ചിരിച്ചുകൊണ്ട് സന്തോഷപൂര്‍വ്വം സ്വജീവിതം നയിക്കുക.
നിരാശ, വിഷാദം, കുണ്ഠിതം തുടങ്ങിയ നിഷേധാത്മക ഭാവങ്ങള്‍ക്ക് അടിമപ്പെട്ടു തളര്‍ന്നു പോകാതിരിക്കുക. മറിച്ച്, ഉത്സാഹം, ഉന്മേഷം, ഉല്ലാസം തുടങ്ങിയവയെ ജീവിതദര്‍ശനങ്ങളാക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ