രാമകൃഷ്ണപരമഹംസർ പറയും നീർക്കോലിയുടെ വായിൽ കുടുങ്ങിയ പോക്കാച്ചി തവളയെ പോലെ എന്ന്. എന്നുവച്ചാൽ ഈ തവളയെ വിഴുങ്ങാൻ നീർക്കോലിയ്ക്ക് ശക്തിയില്ലാ, എന്താന്ന് വച്ചാൽ ഇത് സൈസ് കൂടുതലാണ്. തവളയ്ക്ക് നീർക്കോലിയുടെ വായിൽ നിന്ന് പുറത്ത് ചാടാനും പറ്റില്ലാ, വായിൽ കുടുങ്ങി കഴിഞ്ഞു. നീർക്കോലിയ്ക്കൊട്ട് വിഴുങ്ങാൻ വയ്യ തവളയ്ക്ക് പുറത്ത് ചാടാനും വയ്യ. രണ്ടു പേര്‍ക്കും കഷ്ടം. നീർക്കോലിയ്ക്കും കഷ്ടം തവളയ്ക്കും കഷ്ടം.
നമ്മൾ മന്ത്രദീക്ഷ സ്വീകരിയ്ക്കുമ്പോൾ, ഗുരുവിനെ ആശ്രയിയ്ക്കുമ്പോൾ വളരെ ജാഗ്രതയോടെ ഇരിയ്ക്കണം. ഏറ്റവും കൂടുതൽ duplicate ഉള്ളത് അദ്ധ്യാത്മ ലോകത്തിലാണ്.
നമ്മൾ ആശ്രയിയ്ക്കുന്നത് ശുദ്ധമായ വസ്തുവിനെ ആയിരിയ്ക്കണം. അങ്ങനെ ഒരു ശുദ്ധമായ വസ്തുവിനേയോ ഗുരുവിനേയോ നമുക്ക് കിട്ടിയിട്ടില്ലെങ്കിൽ സാക്ഷാൽ ദക്ഷിണാമൂർത്തിയെ തന്നെ, ശ്രീകൃഷ്ണഭഗവാനെ തന്നെ മനസാ ഗുരുവായി വരിച്ചു കൊണ്ട് ലോകത്തില് ആരൊക്കെ നമുക്ക് വഴികാട്ടികളായിരിയ്ക്കുന്നോ അവരെയൊക്കെ ഉപഗുരു ആയിട്ട് എടുക്കാം കുഴപ്പമില്ലാ. ഉപഗുരു ആയിട്ട് എടുക്കുന്നവരിൽ perfection വേണമെന്നില്ലാ. അവരെ നമ്മള് പിന്നീട് നോക്കണം എന്നുമില്ലാ. അവരിൽ നിന്നും എന്തേങ്കിലും ഒക്കെ സഹായം സ്വീകരിച്ച് നമ്മൾക്ക് നമ്മുടെ വഴി നടക്കാം.
ലളിതമഹലിലേയ്ക്ക് എങ്ങനെ വരണമെങ്കിൽ പല ആളുകളോടും ചോദിയ്ക്കും. ചോദിയ്ക്കുന്ന ആളുകൾ വഴി കാണിച്ചു തന്ന് അവര് അവരുടെ പാട്ടിന് പോവും, നമ്മള് നമ്മൾടെ പാട്ടിന് വരും. പക്ഷേ കാറോടിയ്ക്കണ ആൾ ഓടിയ്ക്കാൻ അറിയണ ആളായിരിയ്ക്കണം. ഡ്രൈവർ ഡ്രൈവറായിരിയ്ക്കണം. വഴികാണിയ്ക്കുന്ന പോയിന്റ് അല്പസ്വല്പം തെറ്റിയാലും ഒന്ന് വട്ടം തിരിഞ്ഞു വരും.
സദ്ഗുരുവായിട്ട് നമ്മൾ ആരെ സ്വീകരിയ്ക്കുന്നോ കഴിയുന്നതും വ്യക്തികളെ സ്വീകരിയ്ക്കാതെ ഇരിയ്ക്കുക. കാരണം വ്യക്തികളിൽ നമ്മൾ ദോഷം കാണും. ഒരു പക്ഷേ അവരിൽ ദോഷം ഇല്ലെങ്കിൽ പോലും നമ്മൾ കാണും. നമ്മൾ കണ്ടാൽ നമുക്ക് ഗുരുഭാവത്തിന് കളങ്കമേൽക്കും. ഗുരുഭാവത്തിന് കളങ്കമേൽക്കുന്ന പോലെ അദ്ധ്യാത്മ ജീവിതത്തിൽ ദൂഷ്യം വേറെ ഒന്നുമില്ലാ.
ഒരു മഹാത്മാവിനോട് ((ഋഷികേശിൽ ഉണ്ടായിരുന്ന ഒരു സ്വാമിയോട്)) ഒരു ഭക്തൻ പറഞ്ഞു;
'മഹാരാജ്! ഞാൻ എത്രയോ ഗുരുക്കന്മാരെ കണ്ടു, ഒരിടത്തും എനിയ്ക്ക് തൃപ്തി വന്നില്ലാ അങ്ങയുടെ അടുത്താണ് എനിയ്ക്ക് തൃപ്തി വന്നത്.'
അപ്പൊ ആ സദ്ഗുരു പറഞ്ഞു;
'കുഞ്ഞേ, അങ്ങനെ പറയരുത്, നീ അനേകം ഗുരുക്കന്മാരെ കണ്ടു എന്ന് പറയരുത്. അനേകം വ്യക്തികളെ കണ്ടു എന്ന് പറയുക.' വ്യക്തികൾ വേറെ ഗുരു വേറെ. ❣️
ഒരു ഗുരുവിൽ നിന്നും മറ്റൊരു ഗുരുവിലേയ്ക്ക് ആർക്കും പോവാൻ സാധ്യമല്ലാ. കാരണം ഗുരു എന്ന് വച്ചാൽ ഈ ജീവനെ എടുത്ത് വിഴുങ്ങി കളയുന്ന കേന്ദ്രത്തിന് പേരാണ് ഗുരു! ❣️
അല്ലാതെ ഒരു ശാസ്ത്രം പഠിപ്പിയ്ക്കുന്ന ആളോ മന്ത്രം ഉപദേശിയ്ക്കുന്ന ആളോ ഒന്നും ഗുരുവല്ലാ ഉപഗുരു ആണ്, വഴി കാണിയ്ക്കുന്ന ആളാണ്.
യഥാര്‍ത്ഥത്തിൽ ഗുരു എന്ന് പറയുന്നത് ഈ ജീവന്റെ അഹന്തയെ ബലാൽ ആക്രമിച്ച് വിഴുങ്ങി കളയുന്ന കേന്ദ്രമാണ്.
*ആക്രമ്യ ആത്മനി അവസ്ഥിതം* എന്ന് ഭാഗവതം ഒരിടത്ത് പറയുന്നു. ആക്രമിച്ചു കയറി ഹൃദയത്തില് ഇരിയ്ക്കുക എന്നാണ്. ❣️
അങ്ങനെ വിഴുങ്ങി കളയുന്ന ആ കേന്ദ്രത്തിനെ കണ്ടിട്ട് വേറെ ഒരിടത്തും പോവാൻ പറ്റില്ലാ. 🥰
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ