2020, ജൂൺ 5, വെള്ളിയാഴ്‌ച

*കുറ്റി കുരുമുളക് പരിപാലനം*


സാധാരണയായി കുരുമുളക് വള്ളിയായി താങ്ങുമരങ്ങളിലാണ് വളര്‍ത്തുന്നത്. ഇതിനുവേണ്ടി താങ്ങുമരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനും, വിള പരിപാലനത്തിനും, കുരുമുളക് പറിക്കാനും മറ്റും ഉത്പാദനചെലവ് വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍ കുറ്റി കുരുമുളക് വളര്‍ത്തി ഉത്പാദനചെലവ് കുറക്കാവുന്നതാണ്. കുറ്റി കുരുമുളക് പറമ്പില്‍ നട്ട് കുരുമുളക് ഉത്പാദനക്ഷമത കൂട്ടാവുന്നതാണ്.

കുറ്റിക്കുരുമുളക് ചെടികള്‍ ഏകദേശം പത്തുകിലോ പോട്ടിംഗ് മിശ്രിതം (മണ്ണ്, മണല്‍, ചാണകം എന്നിവ തുല്യ അളവില്‍ കൂട്ടിക്കലര്‍ത്തിയത്) നിറയ്ക്കാവുന്ന ചട്ടികളിലേക്ക് മാറ്റിനടുക. നട്ടതിന്റെ മേലെ ചപ്പ് വെച്ച് ദിവസേന രണ്ടുനേരം നനയ്ക്കുക. ഇവ രണ്ടാഴ്ചയെങ്കിലും തണലില്‍ വെക്കേണ്ടതാണ്. ഈ ചട്ടികള്‍ മുറ്റത്തോ, ടെറസ്സിനു മുകളിലോ വെച്ച് പരിപാലിക്കാവുന്നതുകൊണ്ട് കുടില്‍കൊട്ടാരം വ്യത്യാസമില്ലാതെ എല്ലാ വീട്ടമ്മമാര്‍ക്കും വളര്‍ത്തി അടുക്കളയിലേക്കാവശ്യമുള്ള കുരുമുളക് ഉത്പാദിപ്പിക്കാവുന്നതാണ്. കാലഭേദമില്ലാതെ ഇവ പൂക്കുന്നതുകൊണ്ട് എല്ലായ്‌പ്പോഴും പച്ച കുരുമുളക് കിട്ടുന്നതാണ്. മത്സ്യകറിയിലും മറ്റും പച്ചക്കുരുമുളക് ഉപയോഗിച്ചാല്‍ അതിന് നല്ല രുചി കിട്ടും. ഇങ്ങനെ എല്ലാവരും സ്വന്തം ആവശ്യത്തിനുള്ള കുരുമുളക് ഉത്പാദിപ്പിച്ചാല്‍ നമ്മുടെ വലിയ വലിയ കൃഷിക്കാര്‍ ഉത്പാദിപ്പിക്കുന്ന കുരുമുളക് നമുക്ക് വിദേശങ്ങളിലേക്ക് കയറ്റിഅയച്ച് ധാരാളം വിദേശനാണ്യം നേടാവുന്നതാണ്. പരിപാലനം

ഒരു ചട്ടിക്ക് രണ്ടുമാസത്തിലൊരിക്കല്‍ 1ഗ്രാം നൈട്രജന്‍, 0.5ഗ്രാം ഭാവഹം, 2ഗ്രാം ക്ഷാരം(2ഗ്രാം യൂറിയ, 3ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 3ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ കൂട്ടിക്കലര്‍ത്തി ഒരു ടീസ്പൂണ്‍) എന്നതോതില്‍ വളം ചെയ്യാവുന്നതാണ് എന്ന് സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പഠനം തെളിയിക്കുന്നു. രാസവളത്തിനു പകരമായി 15ഗ്രാം അഥവാ ഒരു ടേബിള്‍സ്പൂണ്‍ കടലപ്പിണ്ണാക്ക് ചേര്‍ത്താലും മതിയാവുന്നതാണ്. ഇങ്ങനെ വളം ചെയ്തപ്പോള്‍ മൂന്നുവര്‍ഷം പ്രായമായ കുറ്റികുരുമുളക് നട്ട ഒരു ചട്ടിയില്‍നിന്നും പന്നിയൂര്‍കരിമുണ്ട എന്ന വ്യത്യാസമില്ലാതെ ചട്ടി ഒന്നിന് രണ്ടാംവര്‍ഷം മുതല്‍ 465ഗ്രാം കുരുമുളകുവരെ കിട്ടുന്നതായി കണ്ടു. മഞ്ഞളിപ്പ് രോഗം കാണുകയാണെങ്കില്‍ ദശാംശം രണ്ടു ശതമാനം വീര്യമുള്ള കോപ്പര്‍ ഓക്‌സിക്ലോറൈഡ് ലായനി ചട്ടിക്ക് 100 മില്ലീലിറ്റര്‍ എന്നതോതില്‍ കൊടുക്കാവുന്നതാണ്. ഒരു ചട്ടി കുരുമുളക് തൈ ഇങ്ങനെ വളര്‍ത്താന്‍ ഏകദേശം 30 രൂപ മാത്രമേ ചെലവ് വരികയുള്ളൂ. പിന്നീട് പരിപാലനത്തിന് ഒരു ഭാരിച്ച ചെലവ് വരാത്തതുകൊണ്ട് ഒരു ചട്ടിയില്‍നിന്ന് പറിച്ചെടുക്കുന്ന കുരുമുളകിന്റെ വില കൂട്ടിനോക്കിയാല്‍ ഇത് വളരെ ലാഭകരമാണ്. തറയില്‍ നടേണ്ട വിധം:

2 ത 2 മീറ്റര്‍ അകലത്തില്‍ അരമീറ്റര്‍ സമചതുരത്തിലുള്ള കുഴികള്‍ കുത്തി അതില്‍ മേല്‍മണ്ണ് പൂഴ്ത്തി, കമ്പോസ്റ്റ് അല്ലെങ്കില്‍ ചാണകം സമമായി കൂട്ടിച്ചേര്‍ത്ത് നിറയ്ക്കുക. എന്നിട്ട് തൈകള്‍ നടുക. ഇങ്ങനെ ഒരു ഹെക്ടറില്‍ 2500 ചെടികള്‍ നടാവുന്നതാണ്. 6മീറ്റര്‍ അകലത്തില്‍ തണല്‍ നല്‍കാന്‍ ശീമക്കൊന്ന വെച്ചുപിടിപ്പിക്കേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ