ഹൃദയം സന്തോഷം അനുഭവിക്കുന്നുവെങ്കിൽ നിങ്ങളുടെ ജീവിതം വളരുകയാണെന്നും വികസിക്കുകയാണെന്നും, നിങ്ങളുടെ അവബോധം കൂടുതൽ വ്യക്തമായിത്തീരുകയാണെന്നും ധിഷണ അതിന്റെ ബന്ധനങ്ങളിൽ നിന്നും മോചിതമാവുകയാണെന്നും നിങ്ങൾക്ക് തീർച്ചപ്പെടുത്താം.
താമരയെന്നതിന് പങ്കജം എന്ന വാക്കാണ് ബുദ്ധൻ ഉപയോഗിക്കുന്നത്. അത് ഏറ്റവും മനോഹരമായ വാക്കുകളിൽ ഒന്നാണ്. പങ്കജം എന്ന വാക്കിന് ചെളിയിൽ നിന്നും ജനിച്ചത് എന്നാണർഥം. അഴുക്കായ ചെളിയിൽ നിന്ന്. അസ്തിത്വത്തിലെ ഏറ്റവും അത്ഭുതകരമായ ഒരു പ്രതിഭാസമാണ് താമര. അത് കൊണ്ടാണ് താമര ആദ്ധ്യാത്മിക പരിവർത്തനത്തിന്റെ പ്രതീകമായത്. ബുദ്ധൻ താമരയിലാണ് ഇരിക്കുന്നത്. മഹാവിഷ്ണു താമരയിൽ നിൽക്കുന്നു. എന്ത് കൊണ്ട് താമര? കാരണം അതിനൊരു പ്രതീകാത്മക മാഹാത്മ്യമുണ്ട്. അത് വൃത്തികെട്ട ചെളിയിൽ നിന്ന് മുളച്ചുണ്ടാകുന്നു. അത് പരിവർത്തനത്തിന്റെ പ്രതീകമാണ്. അത് ഒരു അവസ്ഥാന്തരമാണ്. ചെളി വൃത്തികെട്ടതാണ്. ചിലപ്പോൾ ദുർഗന്ധം വമിക്കുന്നത്. എന്നാൽ താമര സുഗന്ധപൂരിതമാണ്.
ബുദ്ധൻ പറയുന്നു 'കൃത്യമായും ഇതേപോലെതന്നെ, ജീവിതം കേവലം വൃത്തികെട്ട ചെളിയാണ്. എന്നാൽ സുഗന്ധം വമിക്കുന്ന ഒരു താമര വിരിഞ്ഞു വളരാനുള്ള സാധ്യത അതിലുണ്ട്. ചെളിക്ക് മാറ്റം വരാവുന്നതാണ്. നിങ്ങൾക്കൊരു താമരയായിത്തീരാൻ കഴിയും.' കോപത്തിനു മാറ്റം വരുത്താൻ കഴിയും അതിന് സഹാനുഭൂതിയായിത്തീരാൻ കഴിയും. വിദ്വേഷത്തിന് പ്രേമമായിത്തീരാൻ കഴിയും. ഇപ്പോൾ നിഷേധാത്മകമായി, ചെളിയായി തോന്നുന്ന എല്ലാറ്റിനും നിങ്ങളിലൂടെ മാറ്റം സംഭവിച്ചേക്കാം. ശബ്ദമുഖരിതമായ നിങ്ങളുടെ മനസ്സ് ശൂന്യമാക്കിത്തീർക്കാനും, മാറ്റം വരുത്താനും കഴിയും. അപ്പോൾ അത് സ്വർഗ്ഗീയ സംഗീതമായിത്തീരുന്നു. - ഓഷോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ