മുമ്പില്ലാതിരുന്നതും ഇപ്പോൾ ഉള്ളതും ഭാവിയിൽ ഇല്ലാതായി തീരുന്നതും എന്തോ അതാണ് അസത്യം. മൂന്നുകാലത്തിലും മാറ്റമില്ലാതെ തുടരുന്നത് സത്യം.
രണ്ട് അറ്റങ്ങളിൽ ഉണ്മയില്ലാത്തതും നടുവിൽ മാത്രം ഉണ്മയുള്ളതുമാണ് അസത്യം. സ്വപ്നത്തിന്റെ ഉദാഹരണമെടുക്കാം. രാത്രിയിൽ ഉറങ്ങുന്ന സമയത്ത് നാം സ്വപ്നം കാണുന്നു. രാവിലെ ഉണർന്നെണീക്കുമ്പോൾ സ്വപ്നം നഷ്ടപ്പെടുന്നു. അപ്പോൾ നാം പറയാറുണ്ട് സ്വപ്നം അസത്യമാണെന്ന്.
ഭൂതകാലത്തിൽ ഒരിക്കൽ ഈ ശരീരം ഉണ്ടായിരുന്നില്ല. ഭാവിയിൽ ഒരിക്കൽ ഈ ശരീരം ഇല്ലാതാവുകയും ചെയ്യും. അങ്ങനെ നോക്കുമ്പോൾ ശരീരം അസത്യമാണ്. ഒരു നിമിഷം മുൻപ് ക്രോധം ഇല്ലായിരുന്നു. കുറച്ചു കഴിഞ്ഞാൽ ക്രോധം പോവുകയും ചെയ്യും. ക്രോധവും സ്വപ്നം പോലെയാണ്. കാരണം അത് അസത്യമാണ്. സത്യം മാത്രമേ എന്നെന്നും നിലനിൽക്കുന്നുള്ളൂ. ഈ തത്ത്വത്തെ നിങ്ങൾ ഗ്രഹിക്കുകയാണെങ്കിൽ അതിനെ ആഴത്തിൽ ആണ്ടിറങ്ങാൻ അനുവദിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതവും പരിവർത്തനത്തിന് വിധേയമാകും.
അസത്യവസ്തുക്കളുടെ മായാവലയത്തിൽ അകപ്പെടരുത്. മാറ്റമില്ലാത്തതും അപരിണാമിയുമായ വസ്തുവിനെ മാത്രം തിരയുക. മാറാതെ നിൽക്കുന്ന ആ സത്യം നിങ്ങൾക്ക് അകത്തു തന്നെയാണ്. അവനെ മാത്രം തിരയുക. മാറ്റങ്ങളെല്ലാം അവനു ചുറ്റുമാണ് സംഭവിക്കുന്നത്. ഒരു അച്ചുതണ്ടിൽ ചക്രം കറങ്ങുന്നപോലെ. അച്ചുതണ്ടു നിശ്ചലമാണ്. ചക്രമാണ് കറങ്ങി കൊണ്ടിരിക്കുന്നത്. അച്യുതണ്ട് എടുത്തുമാറ്റിയാൽ ചക്രം ഊരിപ്പോകും. എല്ലാ മാറ്റങ്ങളും സംഭവിക്കുന്നത് നിത്യമായ സത്യത്തിന് ചുറ്റുമാണ്. നിത്യമായ നാഭിക്ക് ചുറ്റും അനിത്യമായ ചക്രം തിരഞ്ഞു കൊണ്ടിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ