ശരീരത്തിൽ ഒഴുക്കുന്ന ജലംകൊണ്ട് ശരീരത്തിലെ പൊടിയേ പോവുകയുള്ളൂ. അകത്തെ പൊടി പോകുവാൻ ജ്ഞാനസ്നാനം തന്നെ ചെയ്യണം.
മതം ഒരു ആന്തരസ്നാനമാണ്. നാമൊരിടത്തുനിന്നും വേറൊരിടത്തേക്ക് യാത്ര ചെയ്യുമ്പോൾ നമ്മുടെ വസ്ത്രങ്ങൾ മുഷിയാറുണ്ട്. പൊടി പിടിക്കാറുണ്ട്. വസ്ത്രത്തിലെ അഴുക്കുകൾ എളുപ്പത്തിൽ കഴുകി മാറ്റാവുന്നതാണ്. എന്നാൽ നാം കാലത്തിലൂടെ യാത്ര ചെയ്യുമ്പോൾ മനസ്സിൽ പൊടി പറ്റിപ്പിടിക്കാറുണ്ട്. വസ്ത്രത്തിൽ പറ്റിപ്പിടിച്ച പൊടി പോലെ മനസ്സിലെ അഴുക്കുകൾ എളുപ്പം കഴുകിക്കളയാനാവുന്നതല്ല. കാരണം ശരീരം വസ്തുനിഷ്ഠവും പ്രത്യക്ഷവുമായ ഒന്നാണ്. അത് കഴുകി വൃത്തിയാക്കാനുള്ള ജലം പുറം ലോകത്തുനിന്നും നമുക്ക് ലഭ്യമാണ്. മനസ്സും മനസ്സിലെ പൊടിയും അകത്തു പറ്റിപ്പിടിച്ചതായതുകൊണ്ട് അതു വെടിപ്പാക്കാനുള്ള ഒരു പ്രക്ഷാളകനെ നാം ഉള്ളിൽ ആർജ്ജിക്കേണ്ടതുണ്ട്.
ഓരോ നിമിഷവും അകത്ത് പൊടി പറ്റിക്കൊണ്ടേയിരിക്കും. ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുകയാണെങ്കിൽപ്പോലും പൊടി പറ്റിക്കൊണ്ടിരിക്കും. ഒരു പ്രവർത്തനത്തിലും മുഴുകാതെ വെറുതെയിരിക്കുന്ന ആളുകൾക്കുപോലും ദിവസവും കുളിക്കേണ്ടിവരുന്നതുപോലെ. മനസ്സ് ഒരിക്കലും നിഷ്ക്രിയമല്ല. എപ്പോഴും മനസ്സ് ഒന്നല്ലെങ്കിൽ വേറൊന്ന് ചെയ്തുകൊണ്ടിരിക്കുന്നു. പ്രശാന്തചിത്തം ഒരപൂർവ്വതയാണ്. അതുകൊണ്ട് ഓരോ നിമിഷവും മനസ്സിൽ പൊടിപടലങ്ങൾ വന്നടിയും. അതിന് എത്ര സ്നാനം നാം പുറത്ത് നടത്തിയിട്ടും കാര്യമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ