2019, സെപ്റ്റംബർ 18, ബുധനാഴ്‌ച

MINIMALISAM


ആഴത്തില്‍ മനസ്സിലാക്കുകയും പൂര്‍ണമായോ ഭാഗികമായോ അനുവര്‍ത്തിക്കുകയും ചെയ്താല്‍ ബാധ്യതകളില്ലാത്ത, ഉപാധികളില്ലാത്ത സന്തോഷം പ്രദാനം ചെയ്യുന്ന ഭാവിയുടെ മഹത്തായ ഒരു പ്രത്യയശാസ്ത്രത്തെക്കുറിച്ച്; മിനിമലിസത്തിന്റെ അനന്തമായ സാധ്യതകളെക്കുറിച്ച്.

മിനിമലിസത്തിന്റെ മുൻപിൽ മാതൃകകളുടെ വാർപ്പില്ല. അവിടെ ആൾദൈവങ്ങളോ ഗുരുക്കന്മാരോ ഇല്ല. ഒരു മതമല്ലാത്തുകൊണ്ടു തന്നെ മിനിമലിസത്തെ പൂട്ടാൻ നിയമാവലികൾ ഒന്നും തന്നെയില്ല. മിനിമലിസമെന്നാൽ, അതൊരു ലളിതമായ ജീവിതരീതി മാത്രമാകുന്നു. ലോകം ഈ വാക്കുകൾ കേൾക്കാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ജീവിതത്തിന്റെ വിവിധയിടങ്ങളിൽ ഒരാൾക്ക് മിനിമലിസ്റ്റ് ആകാം.

വസ്ത്രധാരണത്തിലും വീടിന്റെയും ഓഫിസിന്റെയും ഇന്റീരിയൽ ഡിസൈനിങ്ങിലും മിനിമലിസ്റ്റിക് രീതി പിന്തുടരുന്നവരാണ് ആദ്യത്തെ കൂട്ടര്‍. ലളിതവും ട്രെന്റിയുമായ വസ്ത്രം ധരിക്കാൻ ഇവർ താൽപര്യപ്പെടുന്നു. ഇവരുടെ സ്വീകരണ മുറിയിൽ ശ്വാസം മുട്ടിക്കുന്ന ഫർണിച്ചറുകളോ, അലങ്കാര വസ്തുക്കളോ കാണില്ല. അച്ചടക്കത്തിന്റെയും മനസ്സമാധാനത്തിന്റെയും വഴികളിലേക്കാണ് മിനിമലിസത്തിന്റെ വാതിൽ തുറക്കുന്നത്. ഭൗതിക ഭ്രമങ്ങളിലുള്ള അമിതമായ ആർത്തിയാണ് മിനിമലിസം വേണ്ടന്നു വയ്ക്കുന്നത്. സന്തോഷം എന്നത് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിലൂടെ കിട്ടുന്ന ഒന്നല്ല എന്ന് മിനിമലിസ്റ്റുകൾ. ഒരു കുടുംബത്തിന് ആവശ്യമുള്ള സാധനങ്ങൾ മാത്രമേ മിനിമലിസ്റ്റുകൾ കൈയിൽ വയ്ക്കാറുള്ളൂ. യൂറോപ്പിലെ വലിയ വിഭാഗം യുവാക്കൾ മിനിമലിസം പിന്തുടരുന്നത് സന്തോഷം നൽകുന്ന വാർത്തയാണ്.

ആദായമായി കിട്ടുന്നത് സമാധാനവും സാമ്പത്തിക ലാഭവും. മിനിമലിസ്റ്റിക്കിന്റെ വഴിയിൽ ഒന്നിന്റെയും അമിതമായ തള്ളിക്കയറ്റമില്ല. ആവശ്യമുള്ളതു മാത്രം വാങ്ങുന്ന, പരസ്യങ്ങളിൽ മയങ്ങി വീണ് വേണ്ടതും വേണ്ടാത്തതുമായ സാധനങ്ങൾ വാങ്ങുന്നവർ മിനിമലിസ്റ്റുകളുടെ വഴിയേ നടന്നാൽ അവർക്ക് പ്രധാനമായും കിട്ടുന്നത് സാമ്പത്തിക ലാഭവും മനസമാധാനവുമാണ്.

ഓണർഷിപ് മിനിമലിസം എന്നാല്‍ കഴിയുന്നത്ര സാധനങ്ങൾ മറ്റുള്ളവർക്ക് അല്ലെങ്കിൽ അത്യാവശ്യക്കാർക്ക് നൽകിക്കൊണ്ട് തീർത്തും ലളിതമായി ജീവിക്കുന്നവരുടെ ജീവിതരീതി. സമയവും പണവും പാഴാക്കാതെ അതിൽ ലളിതമായും ഫലപ്രദമായും ജീവിക്കുന്നവരും മിനിമലിസ്റ്റുകളാണ്. യൂട്യൂബിൽ മിനിമലിസത്തെപ്പറ്റിയുള്ള നൂറുകണക്കിന് വിഡിയോകളുണ്ട്. വലിയവീടും കാറും വിറ്റ് ചെറിയ സ്ഥലങ്ങളിലേക്ക് മാറിയവർ. ഒന്നോ രണ്ടോ ഫർണീച്ചറുകളും വിരലിലെണ്ണാവുന്ന പാത്രങ്ങളും വസ്ത്രങ്ങളും മാത്രം ഉപയോഗിക്കുന്നവർ. വലിയ ജോലിയുടെ ഭാരമുപേക്ഷിച്ച് ചെറിയ ജോലിചെയ്ത്, യാത്ര ചെയ്ത് ഭാരമിറക്കി വയ്ക്കുന്നവർ.

സ്വന്തം താൽപര്യങ്ങൾക്കു വേണ്ടി യാതൊരു ബാഹ്യ ഇടപെടലുകൾക്കും അനുവാദം കൊടുക്കാത്ത ലൈഫ്സ്റ്റൈൽ മിനിമലിസ്റ്റുകൾക്കുണ്ട്. വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നവർ പക്ഷേ, കൺസംപ്ഷൻ മിനിമലിസ്റ്റുകൾ ആണ്. ആവശ്യമുള്ള സാധനങ്ങൾ മാത്രമേ അവർ വാങ്ങൂ. അതുകൊണ്ടു തന്നെ ഇത്തരക്കാരുടെ വീട്ടിലോ, ഓഫിസിലോ പാഴ്‍വസ്തുക്കൾ ഉണ്ടാവില്ല. വൃത്തിയാക്കാൻ എളുപ്പം, ഒപ്പം പണം അനാവശ്യമായി ചിലവഴിച്ചില്ല എന്ന ചിന്ത നൽകുന്ന സന്തോഷം. അതിന്റെയൊക്കെ അപ്പുറത്ത് വീട് അല്ലെങ്കിൽ ഓഫിസ് തരുന്ന പോസിറ്റീവ് എനർജി.

മിനിമലിസ്റ്റുകൾ ജീവിതത്തെ നിരാകരിക്കുന്നില്ല. മറിച്ച് ലളിത വഴികളിലൂടെ അതിനെ നേരിടുന്നു. മിനിമലിസം എന്നത് മനസ്സിന്റെ ഒരവസ്ഥയാണ്. ബാഹ്യമായ ശുദ്ധീകരണം മനസ്സിനെയും ശുദ്ധീകരിക്കുന്നു എന്നതാണ് അനുഭവസത്യം.

കൺസ്യൂമർ ജീവികളായ മലയാളികൾക്കിടയില്‍ മിനിമലിസം എന്ന ലളിത ജീവിത രീതി വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കും എന്ന കാര്യത്തിൽ സംശയമില്ല. കടക്കെണിയും, ജപ്തിയും സ്ത്രീധനമരണങ്ങളുമില്ലാത്ത ദിനങ്ങൾ കേരളത്തിലുമുണ്ടാകും; സംശയമില്ല..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ