വീൽ ചെയറിലിരുന്ന് പ്രപഞ്ച രഹസ്യങ്ങൾ തേടി - സ്റ്റീഫൻ ഹോക്കിംഗ്
"ഇത് അത്യപൂർവ്വമായ ഒരു രോഗമാണ്. വൈദ്യശാസ്ത്രം ഇതുവരെ പ്രതിവിധി കണ്ടെത്തിയിട്ടില്ലാത്ത രോഗം. ഏറിപ്പോയാൽ രണ്ടു വർഷം കൂടിയേ ഇയാൾ ജീവിക്കാനിടയുള്ളൂ". വളരെ സങ്കീർണ്ണമായ പരിശോധനകൾക്കൊടുവിൽ ഡോക്ടർമാർ വിധിയെഴുതി. കൂട്ടുകാർക്കിടയിൽ "ഐൻസ്റ്റൈൻ" എന്ന കളിപ്പേരിൽ അറിയപ്പെട്ടിരുന്ന സ്റ്റീഫൻ എന്ന യുവാവിനെ ഈ മെഡിക്കൽ റിപ്പോർട്ട് വല്ലാതെ തളർത്തി ക്കളഞ്ഞു. ആരോടും മിണ്ടാതെ മുറിക്കുള്ളിൽ കയറി കതകടച്ച് ഉച്ചത്തിൽ ടേപ്പ് റിക്കോർഡറിൽ പാട്ട് വച്ച് അയാൾ നിരാശ പൂണ്ടിരുന്നു.
എങ്ങനെ നിരാശപ്പെടാതിരിക്കും! പ്രായം വെറും ഇരുപത്തിയൊന്നു വയസ്സ്. മനസ്സു നിറയെ പൂർത്തിയാക്കാത്ത ഒരുപിടി സ്വപ്നങ്ങൾ. ബിരുദ പഠനം പൂർത്തിയാക്കിയത് ഏതൊരു വിദ്യാർഥിയുടെയും സ്വപ്നമായ ഒക്സ്ഫർഡിൽ. തുടർന്ന്, പ്രശസ്തമായ കേംബ്രിഡ്ജ് യുനിവെർസിറ്റിയിൽ ഡോക്ടറൽ ഗവേഷണം തുടങ്ങിയതെയുള്ളു. അപ്പോഴാണ്, ശരീരത്തിൽ ചില മാറ്റങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയത്. നടക്കുമ്പോൾ വേച്ചു പോകുന്നു, സംസാരത്തിൽ തടസ്സം അനുഭവപ്പെടുന്നു, കയ്യിലേയും കാലിലെയും മസിലുകൾക്ക് കോച്ചിപ്പിടുത്തം പോലെ തോന്നുന്നു. വെറുതെ ഒരു ഡോക്ടറെ കണ്ടു കളയാം എന്ന് കരുതി പോയതാണ്. അയാൾ കൂടുതൽ പരിശോധനകൾക്കായി മറ്റൊരു നല്ല ഹൊസ്പിറ്റലിലേക്കയച്ചു. അവിടെ വച്ചാണ് അത് കണ്ടെത്തിയത്. സ്റ്റീഫനെ "ALS" എന്ന ഒരു രോഗം ബാധിച്ചിരിക്കുന്നു. "മോട്ടോർ ന്യൂറോണ്‍ ഡിസീസ്" എന്ന പേരിലും അറിയപ്പെടുന്ന ഈ അത്യപൂർവ്വ രോഗം ശരീരത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന കോശങ്ങളെയും മസിലുകളെയും ക്രമേണ തളർത്തിക്കളയുന്ന ഒരു തരം വൈകല്യമാണ്. ഇത് ബാധിക്കുന്നയാളുടെ സംസാരശേഷി, ചലന ശേഷി തുടങ്ങിയവ ക്രമേണ നഷ്ടപ്പെട്ട് ഒടുക്കം ശ്വാസകോശത്തിന്റെ മസിലുകളുടെ പ്രവർത്തനം പോലും നിലച്ച് മരണത്തിനു കീഴടങ്ങും. ആദ്യ കാലങ്ങളിൽ വേദനയൊന്നും അനുഭവപ്പെടുകയില്ലെങ്കിലും മരണമടുക്കുമ്പോൾ ശ്വാസം കിട്ടാനാവാതെ തീവ്രമായ യാതനയ്ക്ക് രോഗി വിധേയനാകും. തലച്ചോറിനെ ബാധിക്കാത്തതിനാൽ മനസ്സിന്റെ യാതൊരു പ്രവർത്തനങ്ങളെയും ഈ രോഗം തടസ്സപ്പെടുത്തുകയില്ല. അതിനാൽത്തന്നെ തന്റെ ശരീരം ഇഞ്ചിഞ്ചായി തളരുന്നത് മനസ്സിലാക്കി അവസാനം വരെ പൂർണ്ണമായ സുബോധത്തോടെ നിസ്സഹായനായി ശരീരത്തിനുള്ളിൽ കൂട്ടിലടയ്ക്കപ്പെട കിളിയെപ്പോലെ കഴിയാൻ രോഗി വിധിക്കപ്പെട്ടിരിക്കുന്നു.
1942 ജനുവരി 8 ന് ആണ് ഫ്രാങ്ക്, ഇസബെൽ എന്നീ ദമ്പതികളുടെ മൂത്ത മകനായി സ്റീഫൻ ഹോക്കിംഗ് ജനിച്ചത്. ജന്മ സ്ഥലം ഇൻഗ്ലണ്ടിലെ ഓക്സ്ഫർഡ്. സ്കൂളിൽ ആയിരുന്ന ആദ്യ കാലങ്ങളിൽ ആരുടേയും ശ്രദ്ധയിൽ പെടത്തക്ക മികവൊന്നും പഠനത്തിൽ സ്റ്റീഫന് ഉണ്ടായിരുന്നില്ല; ഒരു ശരാശരി വിദ്യാർഥി. എന്നാൽ, ഓക്സ്ഫോർഡിൽ ബിരുദ പഠനത്തിനു ചേരണം എന്ന ആഗ്രഹമുണ്ടായപ്പോൾ അവൻ മുഴുവൻ ശ്രദ്ധയും ചെലുത്തി എന്ട്രൻസ് പരീക്ഷയ്ക്കൊരുങ്ങി. അങ്ങനെയാണ് വിശ്വപ്രശസ്തമായ ആ സർവ്വകലാശാലയിൽ പഠിക്കാൻ അവസരം കിട്ടിയത്. ബിരുദ പഠനത്തിനിടെ സ്റീഫൻ തന്റെ ഇഷ്ട വിഷയങ്ങൾ കണ്ടെത്തി- ഫിസിക്സും കൊസ്മോളജിയും. ഐസക് ന്യൂട്ടൻ, ഐന്സ്റ്റ്യിൻ എന്നിവരുടെ പ്രപഞ്ച ഗവേഷണങ്ങൾ അവനെ വല്ലാതെ ആകർഷിച്ചു. തുടർന്ന്, വായനയും ചിന്തയും ചർച്ചകളും മുഴുവൻ ഈ വിഷയങ്ങളെക്കുറിച്ചായി. അങ്ങനെയാണ് കൂട്ടുകാർക്കിടയിൽ അവന് "ഐൻസ്റ്റൈൻ" എന്ന കളിപ്പേരു വീണത്. ബിരുദ പഠനത്തിനു ശേഷം തന്റെ സ്വപ്ന ഭൂമിയായ കേംബ്രിഡ്ജിൽ ഫിസിക്സ് വിഭാഗത്തിൽ ഗവേഷണത്തിന് അവസരം കിട്ടിയതിന്റെ ആനന്ദത്തികവിലായിരിക്കുമ്പോഴാണ് ജീവിതത്തെക്കുറിച്ച് നെയ്തു കൂട്ടിയ സകല പ്രതീക്ഷകളുടെയും മേൽ വിധി കരിനിഴൽ വീഴ്ത്തിയത്.
രോഗ വിവരമറിഞ്ഞ നാളുകളിൽ താൻ ആകെ തകർന്നു പോയെന്ന് സ്റ്റീഫൻ തന്റെ ഓർമ്മക്കുറിപ്പുകളിൽ സമ്മതിക്കുന്നു: "എനിക്ക് എന്തേ ഈ ദുർവിധി! വലിയ ശാസ്ത്രജ് ഞനാകാമെന്നത് എന്റെ അതിമോഹമായിരുന്നോ. ഇനിയിപ്പോൾ മുൻപിൽ ശേഷിക്കുന്ന വെറും രണ്ടു വർഷം എങ്ങനെ തള്ളി നീക്കണം... അതും ദിനം തോറും ശരീരം നിശ്ചലമായിക്കൊണ്ടിരിക്കെ!". അടച്ചിട്ട മുറിയിൽ ഇരുട്ടത്തിരുന്ന് മദ്യപിക്കുകയായിരുന്നു സങ്കടമകറ്റാൻ ആദ്യം കണ്ടെത്തിയ വഴി. ഇഷ്ടപ്പെട്ട പാട്ടുകൾ കേട്ട് കുറെ നേരമിരുന്നു ടെൻഷൻ അകറ്റാൻ നോക്കി. എന്നാൽ, ഇത്ര ചെറുപ്പത്തിലേ തന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു എന്ന വിഷാദ ചിന്ത മനസ്സിൽ നിന്നകറ്റാൻ ഇവയ്ക്കൊന്നുമാകുന്നില്ലെന്ന് സ്റ്റീഫൻ തിരിച്ചറിഞ്ഞു. എങ്കിൽ, മരിക്കും മുൻപ് എങ്ങനെയെങ്കിലും PhD ചെയ്തു തീർക്കണം എന്ന വാശിയായി. ഗവേഷണം പൂർത്തിയാക്കണമെങ്കിൽ കുറഞ്ഞത് മൂന്നു വർഷം വേണമെന്നാണ് നിയമം. തന്റെ പ്രത്യേക സ്ഥിതി കണക്കിലെടുത്ത് രണ്ടു രണ്ടു വർഷമായി ചുരുക്കാമോ എന്ന് അവൻ ഗൈഡിനോട് അപേക്ഷിച്ചു നോക്കി. പക്ഷേ, പ്രശസ്തമായ സർവ്വകലാശാലയുടെ നിയമങ്ങൾ ഒരാൾക്ക് വേണ്ടി ലഘൂകരിക്കുക സാധ്യമായിരുന്നില്ല.
അങ്ങനെയിരിക്കെ ഒരുദിവസം ചില പരിശോധനകൾക്കായി സ്റ്റീഫൻ ഹോസ്പിറ്റലിൽ അഡ്മിറ്റായി. വിഷാദം പൂണ്ട് ഒരു ബെഡ്ഡിൽ കിടക്കവേ അവൻ വെറുതേ തന്റെ തൊട്ടപ്പുറത്തെ ബെഡ്ഡിൽ കിടക്കുന്നയാളെ പാളി നോക്കി. ഏതാണ്ട് പത്തു വയസ്സോളം മാത്രം പ്രായം തോന്നിക്കുന്ന ഒരു ആണ്‍കുട്ടി കട്ടിലിൽ തളർന്നു കിടക്കുകയാണ്. "എന്തു പറ്റിയതാണിവന്?" മകന്റെയരികിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായിരിക്കുന്ന അമ്മയോട് സ്റ്റീഫൻ തിരക്കി. "മോന് രക്താർബുദമാണ്. ഇനി രക്ഷയില്ല. ഏറിയാൽ, രണ്ടു ദിവസം കൂടി മാത്രമേയുണ്ടാവൂ എന്നാണു ഡോക്ടർ പറഞ്ഞത്" കണ്ണീരോടെ ആ അമ്മ പറഞ്ഞു. ഇതു കേട്ട സ്റ്റീഫൻ പെട്ടന്ന് കട്ടിലിൽ എഴുന്നേറ്റിരുന്നു. ആ നിമിഷത്തെപ്പറ്റി പിന്നീട് അദ്ദേഹം പറയുന്നതിങ്ങനെയാണ്: " ഞാൻ ആ കുട്ടിയുടെ അവസ്ഥയും എന്റെ അവസ്ഥയും തമ്മിൽ തുലനം ചെയ്തു നോക്കി. എന്നെക്കാൾ വേദന അനുഭവിക്കുന്നവർ ഈ ലോകത്തിലുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു. എനിക്കിനിയും രണ്ടു വർഷം കൂടി ഈ ലോകത്തിലുണ്ടല്ലോ. ഇനിയുള്ള നാളുകൾ മറ്റുള്ളവർക്ക് സഹായമാകുന്ന എന്തെങ്കിലും ചെയ്ത് ജീവിതം അർഥപൂർണ്ണമാക്കും. ഞാൻ അവിടെയിരുന്ന് തീരുമാനമെടുത്തു".
സ്റ്റീഫൻ ഒന്നും സംഭവിക്കാത്തവനെപ്പോലെ വീണ്ടും യൂനിവേർസിറ്റിയിൽ തിരിച്ചെത്തി ഗവേഷണം തുടർന്നു. ആ നാളുകളിലാണ് അദ്ധേഹത്തിന്റെ ജീവിതത്തിലേക്ക് ഒരു പുതുവസന്തം പോലെ ജെയിൻ എന്ന പെണ്‍കുട്ടി കടന്നു വന്നത്. രണ്ടു പേരും തമ്മിൽ വലിയ ഒരു വൈകാരിക ബന്ധം പെട്ടന്നുണ്ടായി. സ്റ്റീഫന്റെ രോഗവിവരം അറിഞ്ഞുകൊണ്ട് തന്നെ അവൾ അയാളുടെ ജീവിത സഖിയായി. "ജെയിൻ എന്റെ ജീവിതത്തിലേക്ക് വന്നതോടെ ജീവിക്കാൻ ഒരു കാരണം ഉണ്ടായത് പോലെ എനിക്ക് തോന്നി. അതു കൊണ്ടാവണം രണ്ടു വർഷം മാത്രം എന്നു കരുതിയ ജീവിതം ശരീരം തളർന്നെങ്കിലും മനസ്സ് തളരാതെ മുന്നോട്ടു നീണ്ടത്" സ്റ്റീഫൻ അനുസ്മരിക്കുന്നു.
സ്റ്റീഫൻ തന്റെ ഗവേഷണം തുടരുന്നതിനിടയിൽത്തന്നെ മോട്ടോർ ന്യൂറോണ്‍ രോഗം അദ്ധേഹത്തിന്റെ ശരീരത്തിൽ തന്റെ വിക്രിയകളും തുടരുന്നുണ്ടായിരുന്നു. സ്റ്റീഫനു നടക്കാൻ വടിയുടെ സഹായം വേണമെന്നായി. നാക്ക് കുഴഞ്ഞു പോകുന്നതിനാൽ പറയുന്നത് ആർക്കും മനസ്സിലാകുന്നില്ലെന്നായിത്തുടങ്ങി. പലപ്പോഴും നടക്കുന്നതിനിടെ കുഴഞ്ഞു വീണു തുടങ്ങി. എന്നാൽ, പരസഹായം സ്വീകരിക്കുന്നത് എന്ത് കൊണ്ടോ അയാൾക്കിഷ്ടമില്ലായിരുന്നു. വീൽ ചെയർ ഉപയോഗിക്കാൻ ഡോക്ടർമാർ നിര്ദ്ദേശിച്ചുവെങ്കിലും അയാൾ അതിനു തയ്യാറായില്ല.
1965-ൽ എല്ലാവരെയും അത്ഭുതപെടുത്തിക്കൊണ്ട് തന്റെ രോഗാവസ്ഥക്കിടയിൽത്തന്നെ മൂന്ന് വർഷങ്ങൾക്കുള്ളിൽ പ്രശസ്തമായ രീതിയിൽ ഡോക്ടറൽ തീസിസ് പൂർത്തിയാക്കി അദ്ദേഹം ഡോ. സ്റ്റീഫൻ ഹോക്കിംഗ് ആയി മാറി. "വികസിക്കുന്ന പ്രപഞ്ചം" ആയിരുന്നു ഗവേഷണ വിഷയം. ശാസ്ത്ര ലോകത്ത് വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒരു പ്രബന്ധമായിരുന്നു അദ്ധേഹത്തിന്റെത്.
ഇതിനിടയിൽ റോബർട്ട്, ലൂസി, തിമോത്തി എന്നിങ്ങനെ പേരിട്ട മൂന്നു കുഞ്ഞുങ്ങൾ സ്റ്റീഫന്റെയും ജെയിനിന്റെയും ദാമ്പത്യജീവിതത്തെ അനുഗ്രഹപ്രഥമാക്കി. റോജർ പെൻറോസ് എന്ന ശാസ്ത്രജ്ഞനോട് ചേർന്ന് സ്റ്റീഫൻ പ്രപന്ജോൽപ്പത്തിയെക്കുറിക്കുറിച്ചുള്ള പഠനങ്ങൾ തുടർന്നു. കെയിംബ്രിഡജ് യൂനിവെർസിറ്റിയിൽത്തന്നെ ഗവേഷണ വിദ്യാർഥികളുടെ ഗൈഡ് ആയി അദ്ദേഹം നിയമിക്കപ്പെട്ടു. നിരവധി ശ്രദ്ധേയമായ കണ്ടെത്തലുകൾ അദ്ദേഹം ശാസ്ത്ര ലോകത്ത് അവതരിപ്പിച്ചു തുടങ്ങി. പ്രപഞ്ചത്തിന്റെ ഉത്ഭവത്തിലേക്കും അതിന്റെ നിഗൂഡതകളിലേക്കും വെളിച്ചം വീശുന്ന തമോഗർത്തങ്ങളിലായി പിന്നീട് അദ്ധേഹത്തിന്റെ ശ്രദ്ധ. തിയററ്റിക്കൽ ഫിസിക്സിൽ നവമായ പാത വെട്ടിത്തുറന്ന "ഹോക്കിംഗ് റേഡിയഷൻ തിയറി" സ്റ്റീഫന് ശാസ്ത്ര ലോകത്തിന്റെ മുഴുവൻ അംഗീകാരം നേടിക്കൊടുത്തു.
എന്നാൽ, പ്രശസ്തിയുടെ ഉത്തുംഗശ്രുംഗങ്ങൾ കയറുന്നതിനിടയിൽത്തന്നെ രോഗം പതിയെ പതിയെ ശരീരത്തെ നിശ്ചലമാക്കിക്കൊണ്ടിരുന്നു. പൂർണ്ണമായും വീൽചെയറിനെ ആശ്രയിക്കേണ്ടി വന്നു. ദേഹത്ത് ചലിപ്പിക്കാവുന്ന ഏക ഭാഗം വലതു കൈയുടെ രണ്ടു വിരലുകൾ മാത്രമായി. സംസാരശേഷിയും നഷ്ടപ്പെട്ടു. എന്നാൽ, ഈ സ്ഥിതിയിലും അദ്ദേഹം പ്രദർശിപ്പിച്ച മനോധൈര്യവും നിശ്ചയധാർഡ്യവും അത്ഭുതാവഹമായിരുന്നു. വീൽചെയറിൽ തളർന്നിരുന്ന് രണ്ടു വിരലുകൾ മാത്രമുപയോഗിച്ച് കമ്പ്യൂട്ടറിന്റെ സഹായത്തോടെ സ്റ്റീഫൻ തന്റെ ശാസ്ത്ര നിരീക്ഷണങ്ങൾ തുടർന്നു.
പ്രപന്ജ ഉൽപ്പത്തിയെക്കുറിച്ചും പരിണാമത്തെക്കുറിച്ചും സാധാരണക്കാർക്ക് മനസ്സിലാകുന്ന ഒരു ഗ്രന്ഥം രചിക്കണമെന്ന് സ്റ്റീഫൻ ഹോക്കിംഗ് ആഗ്രഹിച്ചു. എന്നാൽ, ഇത്തരമൊരു അവസ്ഥയിൽ അത് എങ്ങനെ സാധിക്കാനാണ് എന്ന് സംശയിച്ചവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഗ്രന്ഥ രചന ആരംഭിച്ചു. പ്രശസ്തമായ "ബൻതം ബെൽ" എന്ന പ്രസിദ്ധീകരണ കമ്പനിയുമായി കരാറുണ്ടാക്കി. എന്നാൽ, ഗ്രന്ഥ രചന പാതി വഴിയിൽ എത്തിയപ്പോഴാണ് വിധി മറ്റൊരു ആഘാതം സ്റ്റീഫന്റെ ജീവിതത്തിൽ ഏൽപ്പിച്ചത്. 1985- ൽ ഫ്രാൻസിലെക്കുള്ള യാത്രാ മദ്ധ്യേ അദ്ദേഹത്തിന് മാരകമായ രീതിയിൽ ന്യൂമോണിയ പിടിപെട്ടു. ദിവസങ്ങൾ കൃത്രിമ ശ്വാസം സ്വീകരിച്ചു ജീവൻ നിലനിർത്തി വെന്റിലെറ്ററിൽ കിടക്കേണ്ടി വന്നു. ഇനിയൊരു തിരിച്ചു വരവില്ലെന്നു ഡോക്ടർമാർ പോലും കരുതിയെങ്കിലും തന്റെ പുസ്തകം പൂർത്തിയാക്കണം എന്ന ആശ കൊണ്ടാവണം സ്റ്റീഫൻ മരണത്തെ തോൽപ്പിച്ച് ജീവൻ നിലനിർത്തി.
എന്നാൽ, ന്യൂമോണിയ സ്റ്റീഫന്റെ ശരീരത്തെ പൂർണ്ണമായും തളർത്തിക്കളഞ്ഞു. ആകെ ചലന ശേഷി ഉണ്ടായിരുന്ന രണ്ടു വിരലുകൾ പോലും ചലിക്കില്ലെന്നായി. കൃത്രിമ ശ്വാസം നല്കാൻ തൊണ്ട തുളയ്ക്കേണ്ടി വന്നതിനാൽ സ്വന പേടകങ്ങൾ മുറിഞ്ഞു പോയതുകൊണ്ട് ഇപ്പോൾ ഒരു സ്വരം പോലും കേൾപ്പിക്കാൻ സാധിക്കാതെയായി. ചുരുക്കി പറഞ്ഞാൽ ഒരു ജീവഛവം. കണ്ണുകൾ ചലിപ്പിക്കാം, പുരികവും , ചുണ്ടും കവിളും പതിയെ ഒന്നനക്കാം. അത്ര മാത്രം. മറ്റാരായിരുന്നാലും ഇനി ചിന്ത എങ്ങനെയെങ്ങിലും ഒന്ന് തീർന്നു കിട്ടിയാൽ മതിയെന്നായിരുന്നെനെ അല്ലേ? എന്നാൽ, അങ്ങനെ തന്റെ സ്വപ്നങ്ങൾ മുഴുവൻ വിധിക്ക് അടിയറവു വച്ച് കീഴടങ്ങാൻ സ്റ്റീഫൻ ഹോക്കിംഗ് തയ്യാറായിരുന്നില്ല. സഹായിയായ ഒരാൾ അക്ഷരങ്ങൾ തൊട്ടു കാണിക്കുമ്പോൾ പുരികം ചലിപ്പിച്ച് കാണിച്ച് അദ്ദേഹം ആശയ വിനിമയം നടത്താൻ ശീലിച്ചു.
അങ്ങനെയിരിക്കെ, അമേരിക്കയിലെ കാലിഫോർണിയയിലെ സിലിക്കോണ്‍ വാലിയിൽ ഒരു കമ്പ്യൂട്ടർ വിദഗ്ദ്ധൻ ശരീരം തളർന്നവർക്കായി വികസിപ്പിചെടുത്ത പ്രത്യേകതരം ഉപകരണത്തെക്കുറിച്ച് സ്റ്റീഫൻ അറിയാനിടയായി. തന്റെ വീൽ ചെയറിൽ അത് പിടിപ്പിച്ച് ആശയവിനിമയം അത് വഴിയാക്കി. കവിളിലെ മസിലുകളുടെ ചെറിയ ചലനങ്ങൾ തിരിച്ചറിഞ്ഞ് അവയെ വാക്കുകളാക്കി മാറ്റുന്ന ഒരു സെൻസർ ഘടിപ്പിച്ച അതിസങ്കീർണ്ണമായ ഒരു ഉപകരണമായിരുന്നു അത്. വളരെ പെട്ടന്ന് സ്റ്റീഫൻ അത് ഉപയോഗിക്കാൻ ശീലിച്ചു. ഒരു യന്ത്ര മനുക്ഷ്യൻ സംസാരിക്കും പോലെ അതിന്റെ സ്പീക്കറിലൂടെ അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങൾ വിനിമയം ചെയ്യാമെന്നായി. 1988-ൽ "A Brief History of Time " എന്ന പേരിൽ തന്റെ ആദ്യ ഗ്രന്ഥം സ്റ്റീഫൻ പുറത്തിറക്കി. അഭൂത പൂർവ്വമായ പ്രതികരണമാണ് ഈ പുസ്തകത്തിന് വായനക്കാരിൽ നിന്ന് ലഭിച്ചത്. വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ ശാസ്ത്ര ഗ്രന്ഥം ഏറ്റമധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടതിനുള്ള ഗിന്നസ് റിക്കോർഡ് നേടി! സ്റീഫൻ ഹോക്കിങ്ങിനെ ലോകം മുഴുവൻ അറിഞ്ഞു. തന്റെ കണ്ടു പിടുത്തങ്ങൾ ശാസ്ത്ര ലോകത്ത് അദ്ധേഹത്തെ ന്യൂട്ടൻ, ഐൻസ്റ്റയിൻ എന്നിവർക്ക് തുല്യരാക്കിയതായി ലോകം വിലയിരുത്തി. അങ്ങനെ, ചെറുപ്പത്തിൽ കളിയാക്കിയാണെങ്കിലും കൂട്ടുകാർ വിളിച്ചത് യാധാർധ്യമായി.
ഇന്ന്, സ്റ്റീഫൻ ഹോക്കിങ്ങിന് എഴുപത്തി മൂന്നു വയസ്സുണ്ട്. രോഗം കണ്ടു പിടിച്ചപ്പോൾ ഡോകര്മാർ പ്രവചിച്ചതിനേക്കാൾ 50 വർഷങ്ങൾ അദ്ദേഹം ജീവിച്ചു തീർത്തിരിക്കുന്നു. അതും, വെറുതെയങ്ങു ജീവിക്കുകയായിരുന്നില്ല, ശരീരം മുഴുവൻ നിശ്ചലമായപ്പോഴും തളരാത്ത മനസ്സ് കൈമുതലാക്കി തന്റെ സ്വപങ്ങളും അതിനപ്പുറവും ഹോക്കിംഗ് സാക്ഷാത്കരിച്ചു കഴിഞ്ഞു, മനുഷ്യരാശിക്ക് ഇന്നോളം ഉത്തരം കിട്ടാതിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തിക്കഴിഞ്ഞു. വീൽ ചെയറിൽ ഇരുന്ന് മുൻപിലുള്ള കംബ്യൂട്ടർ സ്ക്രീനിലേക്ക് ഉറ്റു നോക്കി കവിൾത്തടത്തിലെ മസിലുകൾ പതിയെ അനക്കി ഇപ്പോഴും അദ്ദേഹം നമ്മുടെ പല സംശയങ്ങൾക്കും മറുപടി തേടുന്നു. ഈ കാലയളവിൽ ലോകത്ത് പലയിടങ്ങളിലും സഞ്ചരിച്ച് ഹോക്കിംഗ് പ്രബന്ധങ്ങൾ അവതരിപ്പിക്കുകയുണ്ടായി. അദേഹത്തെ തേടിയെത്തിയ അവാർഡുകളും ബഹുമതികളും ഇവിടെ വർണ്ണിക്കാൻ മുതിരുന്നില്ല. സ്റ്റീഫൻ ഹോക്കിങ്ങിന്റെ ജീവിതം അടിസ്ഥാനമാക്കി 2014-ൽ നിർമ്മിച്ച "A Theory of Everything" എന്ന സിനിമ ഇതിനോടകം നിരവധി അന്താരാഷ്‌ട്ര അവാർഡുകൾ നേടിക്കഴിഞ്ഞു. ഈ സിനിമയിൽ ഹോക്കിംഗ് ആയി അഭിനയിച്ച എഡ്ഡി എന്ന നടനാണ് 2015 -ലെ മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചത്.
ചുരുക്കി പറഞ്ഞാൽ, ലോകാത്ഭുതങ്ങൾ എത്ര എന്ന് ആരെങ്കിലും ചോദിച്ചാൽ "എഴ് " എന്ന് ഉത്തരം പറയാൻ ഒന്ന് മടിക്കണം. കാരണം, സ്റീഫൻ ഹോക്കിംഗ് ജീവിച്ചിരിക്കുവോളം "എട്ട്" എന്ന് പറയാതെ വയ്യല്ലോ.
നമ്മുടെ വിധി നിശ്ചയിക്കേണ്ടത് നമ്മൾ തന്നെയാണ്. ചെറിയ ഒരു രോഗം വരുമ്പോഴേ എല്ലാം അവസാനിച്ചു എന്ന മട്ടിൽ തളര്ന്നിരിക്കുന്നവരുണ്ട്. ശരീരത്തിന്റെ തളർച്ചയെക്കാളേറെ ഭയപ്പെടെണ്ടത് മനസ്സിന്റെ തളർച്ചയെ ആണ്. മനസ്സിൽ ഒരു ജീവിത ലക്ഷ്യവും അതു നേടണമെന്ന നിശ്ചയ ധാർഡ്യവും അണയാതെ ജ്വലിച്ചു നിൽക്കുന്നവരുടെ ഡിക്ഷനറിയിൽ "അസാധ്യം" എന്ന ഒരു വാക്കില്ലെന്നു പറഞ്ഞത് നെപ്പോളിയനാണ്. എന്തെങ്കിലും ഒരു ജീവിത നിയോഗം പൂർത്തിയാക്കാനില്ലാതെ ഒരു പുതിയ ജീവനും ഭൂമുഖത്തുണ്ടാകാൻ ദൈവം അനുവദിക്കുകയില്ല. അത് എന്തെന്ന് കണ്ടെത്തി നിറവേറ്റുന്നതിലാണ് ജീവിത വിജയം. അതിനിടയിൽ, അപ്രതീക്ഷിതമായ വെല്ലുവിളികൾ പലതും നമുക്ക് നേരിടേണ്ടി വന്നേക്കാം. ഇനി അത്തരത്തിലുള്ള എന്തെങ്കിലും ഒരു പ്രതിസന്ധിക്ക് മുന്നിൽ നിരാശയോടെ തളർന്നിരിക്കുമ്പോൾ വീൽ ചെയറിൽ പ്രതീക്ഷ കൈവിടാത്ത കണ്ണുകളോടെ പ്രപഞ്ച രഹസ്യങ്ങളിലേക്ക് ഉറ്റു നോക്കിയിരിക്കുന്ന ഈ മനുഷ്യന്റെ മുഖം ഓർത്താൽ മതി.