2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

Socrates and the young man : The Secret of Success


യഥാര്‍ത്ഥ വിജയത്തിലേക്കുള്ള രഹസ്യമെന്താണ് ?

പരാജയ പരമ്പരകളുടെ ദുരനുഭവങ്ങള്‍ കൊണ്ട് ജീവിതം വഴിമുട്ടിയ ഒരു യുവാവിന് അറിയേണ്ടത് അതായിരുന്നു. തത്വചിന്തകനായ സോക്രട്ടീസിനു മുന്നിലെത്തി ഈ സംശയത്തിനുത്തരം തേടിയ യുവാവിനോട് നാളെ രാവിലെ അടുത്തു തന്നെയുള്ള നദിക്കരയിലെത്താനാണ് സോക്രട്ടീസ് ആവശ്യപ്പെട്ടത്.

പറഞ്ഞ സമയത്തുതന്നെ യുവാവ് എത്തിച്ചേര്‍ന്നു. തന്നോടൊപ്പം നദിയിലേക്കിറങ്ങാന്‍ യുവാവിനോട് സോക്രട്ടീസ് ആവശ്യപ്പെട്ടു. കഴുത്തളവ് വെള്ളമായപ്പോഴേക്കും ആ ചെറുപ്പക്കാരന് ആലോചിക്കാന്‍ ഒരു നിമിഷം പോലും കൊടുക്കാതെ അത് സംഭവിച്ചു. ഒന്നനങ്ങാന്‍ പോലും സമ്മതിക്കാതെ സോക്രട്ടീസ് അയാളെ ആ വെള്ളത്തിനുള്ളില്‍ മുക്കിത്താഴ്ത്തി വച്ചു.

ജീവന്‍ പോകുമെന്ന ഘട്ടമായപ്പോള്‍ സോക്രട്ടീസ് അയാളെ ആ വെള്ളത്തില്‍ നിന്നും പുറത്തേയ്‌ക്കെടുത്തു. വെള്ളത്തില്‍ നിന്നും പുറത്തുവന്ന ഉടനെ ആ യുവാവ് ആദ്യം ചെയ്തത് കഴിയുന്നത്ര പ്രാണവായു ഉള്ളിലേക്കു വലിച്ചെടുക്കുകയായിരുന്നു.

ഏതാനും ദീര്‍ഘനിശ്വാസങ്ങള്‍ കഴിഞ്ഞ് ശാന്തനായ ചെറുപ്പക്കാരനോട് സോക്രട്ടീസ് ചോദിച്ചു. ''വെള്ളത്തില്‍ മുങ്ങി മരിക്കുമെന്ന സാഹചര്യത്തില്‍പ്പെട്ടപ്പോള്‍ നിനക്ക് ഏറ്റവും ആവശ്യമായ സംഗതി എന്തായിരുന്നു?'' ''പ്രാണവായു''. ചെറുപ്പക്കാരന്‍ ഒട്ടും സംശയിക്കാതെ പറഞ്ഞു. ''എന്നാല്‍ ഇതുതന്നെയാണ് വിജയത്തിലേക്കുള്ള രഹസ്യമാര്‍ഗവും. പ്രാണവായുവിനായി നീ എത്രത്തോളം തീവ്രമായി ആഗ്രഹിച്ച് കുതിച്ചുയര്‍ന്നുവോ അതേ ശ്വാസംമുട്ടലിന്റെ തീവ്രത തന്നെയാണ് ഓരോ വിജയത്തിന്റെ മുന്നോടിയായും നിനക്കുണ്ടാകേണ്ടത്. ഇതല്ലാതെ വിജയത്തിലേക്ക് മറ്റു ലളിതമാര്‍ഗങ്ങളോ രഹസ്യസൂത്രങ്ങളോ ഇല്ല.

കത്തിജ്ജ്വലിക്കുന്ന വിജയാഭിലാഷമാണ് മഹത്തായ എല്ലാ വിജയങ്ങളിലേക്കുമുള്ള ആദ്യചുവട്. ചെറുതീ വലിയ ചൂടുപകരാനിടയില്ല. അതുപോലെ ചെറിയ ചെറിയ താല്പര്യങ്ങള്‍ക്ക് വലിയ വലിയ വിജയങ്ങളെ യാഥാര്‍ത്ഥ്യമാക്കാനാവില്ല. കപ്പല്‍ കടല്‍ത്തീരത്ത് എല്ലായ്‌പ്പോഴും സുരക്ഷിതമായിരിക്കും.... പക്ഷെ അത് നിര്‍മിച്ചിരിക്കുന്നത് അങ്ങനെ നങ്കൂരമിട്ടിരിക്കാനല്ല. പ്രതിസന്ധികളോട് പടപൊരുതി മുന്നേറിക്കൊണ്ട് സഞ്ചരിക്കാനാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ