2015, ഓഗസ്റ്റ് 12, ബുധനാഴ്‌ച

ജീവിതത്തില്‍ സന്തോഷം നിറയ്ക്കാനുള്ള വഴികള്‍


തവളക്കൂട്ടത്തിലെ തവളകള്‍ ചാടിച്ചാടി കളിക്കുകയാണ്. അതിനിടെ രണ്ടെണ്ണം വലിയൊരു കുഴിയില്‍ വീണുപോയി. അടിതെറ്റിയാല്‍ ആനപോലും വീഴും. പിന്നെയല്ലേ ഈ കൊച്ചുതവള?

ചാട്ടം പിഴച്ചു കുഴിയില്‍ വീണ തവളകള്‍ രണ്ടും കരയ്ക്കു കയറാന്‍ മരണവെപ്രാളം തുടങ്ങി. കരയ്ക്കു നിന്നിരുന്ന തവളകള്‍ക്ക് അതുകണ്ട് സഹതാപം തോന്നി. രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്നുതന്നെയായിരുന്നു കരയ്ക്കുനിന്ന തവളകളുടെ അഭിപ്രായം. വീണുപോയ തവളകളെ കരയ്ക്കു കയറ്റാന്‍ പറ്റുന്ന ഒരു ആശയവും അവര്‍ക്ക് തോന്നിയില്ല. 'രക്ഷയില്ല കൂട്ടുകാരേ. നിങ്ങളുടെ വിധി അതാണെന്ന് വിചാരിച്ച് പ്രാര്‍ഥിച്ച് സമാധാനിച്ചങ്ങ് കിടന്നോ' എന്നായി മുതിര്‍ന്ന തവളച്ചിയുടെ ഉപദേശം.

വെറുതെ ചാടിച്ചാടി തളരാമെന്നല്ലാതെ, കരയ്ക്കു കയറാന്‍ യാതൊരു വഴിയുമില്ലെന്നു കേട്ട ഒരു തവള തന്റെ വിധിയെ പഴിച്ച്, ഒരിടത്ത് തളര്‍ന്നുറങ്ങാന്‍ തുടങ്ങി. അപ്പോഴും, മറ്റേ തവള ചാടിക്കൊണ്ടേയിരുന്നു. ഒരു ഘട്ടത്തില്‍ ആ തവള കുഴിയില്‍നിന്ന് ഉയര്‍ന്നു പൊന്തി കരയിലെത്തി. കൂട്ടുകാര്‍ ആഹ്ലാദാരവം മുഴക്കിയപ്പോള്‍ തവള വിളിച്ച് വിനീതയായി പറഞ്ഞു: 'നിങ്ങളുടെ പ്രോത്സാഹനത്തിന് നന്ദി. ആ പ്രോത്സാഹനം ഒന്നുകൊണ്ട് മാത്രമാണ് ആദ്യം അസാധ്യമെന്ന് തോന്നിയ കാര്യംപോലും എനിക്ക് നേടിയെടുക്കാനായത്....' കരയിലുണ്ടായിരുന്ന തവളകള്‍ കുഴിയില്‍ വീണ തവളകളെ ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ലല്ലോ. സത്യത്തില്‍, കുഴിയില്‍ വീണവരുടെ ആത്മവീര്യം അവര്‍ തുടരെത്തുടരെ തളര്‍ത്തുകയായിരുന്നുവല്ലോ. ഒരിക്കലും രക്ഷപ്പെടില്ലയെന്നാണ് അവര്‍ വിളിച്ചുകൂവിയിരുന്നത്. വെറുതെ ഊര്‍ജം കളയാതെ വിധിക്ക് കീഴടങ്ങാനായിരുന്നുവല്ലോ അവരുടെ ഉപദേശം.

പക്ഷേ, കുഴിയില്‍നിന്നു ചാടി രക്ഷപ്പെടാനായ തവള അവര്‍ നിരുത്സാഹപ്പെടുത്തിയതൊന്നും കേട്ടില്ല. കാരണം ആ തവള ബധിരനായിരുന്നു. അതിന് ചെവി ഒട്ടും കേള്‍ക്കാത്തതുകൊണ്ട് കരയിലിരുന്ന് പറഞ്ഞ എല്ലാ നിരുത്സാഹപ്പെടുത്തലുകളും പ്രോത്സാഹനമായാണ് തോന്നിയത്. അങ്ങനെ തോന്നിയതുകൊണ്ടു മാത്രമാണ് അസാധ്യമായ ഒരു കാര്യം ആ തവളയ്ക്ക് സാധ്യമാക്കാനായത്. പ്രോത്സാഹനത്തിന്റെ ശക്തി അത്ര വലുതാണ്. പ്രോത്സാഹനം കൊണ്ട് വന്‍ വിജയം നേടാനുള്ള ഊര്‍ജം പകരാനാവുമെന്നതു നമ്മുടെ ജീവിതപാഠം. തളര്‍ന്നുറങ്ങിയ മറ്റേ തവളയ്ക്കാകട്ടെ, ചെവി നന്നായി കേള്‍ക്കാമെന്നതുകൊണ്ട് അതിന് പ്രതീക്ഷ ഒട്ടും ഉണ്ടായിരുന്നില്ല. എല്ലാവരും ചേര്‍ന്ന് അതിനെ നിരുത്സാഹപ്പെടുത്തി. ഫലം: ആ തവള കുഴിയില്‍ത്തന്നെ തളര്‍ന്നുകിടന്നപ്പോള്‍ മറ്റേ തവള രക്ഷപ്പെട്ടു. അവനവന്‍ ചെയ്യേണ്ടത് ചെയ്യാതെ ഇതെല്ലാം എന്റെ വിധി എന്നു പറയുന്നത് സത്യത്തില്‍ കുട്ടിക്കുറുമ്പല്ലേ? മഴക്കാലത്ത് കുടയില്ലാതെ നനഞ്ഞൊലിച്ചു നടന്ന് പനി വന്നാല്‍ അത് കൈയിലിരുപ്പിന്റെ ഗുണം. ഇരുട്ടിലൂടെ നടക്കരുതെന്ന് അറിഞ്ഞിട്ടും ഒരു മെഴുകുതിരി വെളിച്ചം പോലുമില്ലാതെ നടന്ന് വല്ല കുഴിയിലും ചെന്നുചാടുകയോ വല്ല മരത്തില്‍ച്ചെന്നിടിക്കുകയോ ചെയ്യുന്നതും അവനവന്‍ ചെയ്യേണ്ടതു ചെയ്യാത്തതിന്റെ കുഴപ്പം.

നാം ചെയ്യേണ്ടതൊക്കെ ചെയ്തിട്ടും ഫലം കിട്ടിയില്ലെങ്കിലേ വിധിയെന്നോ ഈശ്വരനിശ്ചയമെന്നോ പറഞ്ഞ് സമാധാനിക്കാനാവൂ. നാം ശ്രമിക്കേണ്ടയിടത്തു നാം തന്നെ ശ്രമിക്കണം. നമുക്കു മാത്രമേ നമ്മെ ഉയര്‍ത്താന്‍ കഴിയൂ. ശത്രുക്കളെയും മിത്രങ്ങളെയും ഉണ്ടാക്കുന്നത് ആരാണ്? നാം തന്നെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ