2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

കോവര്‍കഴുതയുടെ വിജയം


ഒരു കര്‍ഷകന്റെ കഴുത ഒരിക്കല്‍ ഒരു പൊട്ടക്കിണറ്റില്‍ വീണു. അതിന്റെ നിലവിളി കേട്ട് സാഹചര്യം വിലയിരുത്തിയ കര്‍ഷകന്‍ ഒരു കടുത്ത തീരുമാനമെടുത്തു. അതിനെ കരയ്ക്ക് കയറ്റുന്നതിനേക്കാള്‍ നല്ലത് മാലിന്യങ്ങളിട്ട് ആ കിണറ് മൂടുന്നതാണ്. വയസ്സുചെന്നു തുടങ്ങിയ കഴുതയേയും ഒഴിവാക്കാം; പൊട്ടക്കിണറ് മൂടുകയുമാകാം. രണ്ടുകൊണ്ടും വലിയ പ്രയോജനമില്ലെന്ന ചിന്തയാണ് അതിനയാളെ പ്രേരിപ്പിച്ചത്. തുടര്‍ന്നയാള്‍ തന്റെ അയല്‍ക്കാരെ വിളിച്ച് കാര്യമറിയിച്ചു. അവരവരുടെ പക്കലുള്ള മാലിന്യമിട്ട് കിണറ് മൂടാന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു.

ആദ്യത്തെ കുട്ട മാലിന്യം പുറത്തേക്ക് വീണപ്പോള്‍ തന്നെ കഴുതയ്ക്ക് ഭ്രാന്തെടുത്ത അവസ്ഥയായി. മാലിന്യകൂമ്പാരം വീണ് വേദനിച്ചുതുടങ്ങിയ കഴുത തുടര്‍ന്ന് സംഭവിക്കാന്‍ പോകുന്നതിലെ ഭയാനകത വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു. അടുത്ത കുട്ട മാലിന്യം വീണപ്പോഴേക്കും കഴുത അവ ചവിട്ടിമെതിച്ച് പൊടുന്നനെ അതിന് മുകളിലേക്ക് കയറി. ഓരോ തവണ മാലിന്യം തട്ടുമ്പോഴും കഴുത ഇതുതന്നെ ആവര്‍ത്തിച്ചു. 'ചവിട്ടിക്കയറുക, കുതിച്ച് മുന്നേറുക' എന്നൊരു സൂത്രവാക്യം അത് ഇതിനോടകം തന്നെ രൂപപ്പെടുത്തിക്കഴിഞ്ഞിരുന്നു. ചവിട്ടിക്കയറുക........കുതിച്ചുമുന്നേറുക, ചവിട്ടക്കയറുക.... കുതിച്ചുമുന്നേറുക എന്നതൊരു പ്രചോദനവാക്യമായി അത് വീണ്ടും വീണ്ടും ഉരുവിട്ടു തുടങ്ങി.

അതങ്ങനെ ക്രമേണ സ്വയം ധൈര്യമാര്‍ജിച്ചു മാലിന്യമിടുന്നതിന്റെ തോത് കൂടിക്കൂടി വന്നപ്പോഴും മലീമസമായ സാഹചര്യത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും അത് ഭയം കൂടാതെ അതിജീവനത്തിനായുള്ള മാനസിക മുന്നേറ്റം തടര്‍ന്നുകൊണ്ടേയിരുന്നു.

ഏതു പടുകുഴിയില്‍ നിന്നും മൂന്നേറാനും ചുറുചുറുക്കോടെ നിരന്തര പരിശ്രമം നടത്തുക- ഇങ്ങനെയൊക്കെ വേണം ശ്വാസം മുട്ടിക്കുന്ന ദുരനുഭവങ്ങള്‍ വന്നു മൂടുമ്പോള്‍ വിജയാഭിലാക്ഷങ്ങളുടെ ജീവശ്വാസം വലിച്ചെടുക്കേണ്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ