2020, മേയ് 7, വ്യാഴാഴ്‌ച

ഏകാഗ്രതയുടെ_ശക്തി


നമ്മുടെ മുഴുവൻ ശ്രദ്ധയും ഏതെങ്കിലും ഒരു ബിന്ദുവിലേക്ക് സമാഹരിക്കപ്പെടുമ്പോള്‍ അവിടെ പുതിയ എന്തെങ്കിലും ഒന്ന് ജന്‍മം കൊള്ളുന്നു. ശാസ്ത്രജ്ഞന്‍മാര്‍ ഈ ശക്തി ഉപയോഗിച്ച് എത്രയെത്ര പുതിയ ആവിഷ്കാരങ്ങള്‍ നടത്തി. ജീവിതമേ കലയില്‍ ഏകാഗ്രമാക്കിയ എത്രയെത്ര കലാകാരന്‍മാര്‍ നൂതനമായ കലകളെ വികസിപ്പിച്ചു. യോഗിവര്യന്‍മാര്‍ ഏകാഗ്രതയിലൂടെ എത്ര ഗഹനമായ ശാന്തിയും ആനന്ദവും കണ്ടെത്തി. കായിക പ്രതിഭകള്‍ എത്രയെത്ര റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. നമ്മളിന്ന് ഉപയോഗിക്കുന്ന മെട്ടുസൂചിക്ക് മുതല്‍ സാറ്റലൈറ്റുകള്‍ക്ക് വരെ ജന്‍മം നല്‍കിയ മാതാവാണ് ഏകാഗ്രത.ഇന്നുവരെ ഇല്ലാതിരുന്ന എന്തെങ്കിലും കണ്ടെത്തല്‍ ഇനി ഉണ്ടാവുകയാണെങ്കില്‍ ആരുടെയൊക്കെയോ ഏകാഗ്രതാ ശക്തി അതിനു പിന്നിലും പ്രവര്‍ത്തിക്കുന്നുണ്ടായിരിക്കും.

*എന്താണ് ഏകാഗ്രത?*

🌹🌹🌹🌹🌹🌹🌹🌹

ഏതെങ്കിലും ഒരു വിഷയത്തില്‍ മനസിന്‍റെയും ബുദ്ധിയുടേയും ഒത്തൊരുമിച്ച പ്രയാണമാണ് ഏകാഗ്രത. ഏകാഗ്രത ഒരു നിശ്ചലാവസ്ഥയല്ല. ഒന്നില്‍ മാത്രം മനോബുദ്ധികള്‍ ചലിക്കുന്നതാണ് ഏകാഗ്രത.ഒന്നില്‍ തന്നെ തുടര്‍ച്ചയായി ബോധം ധ്യാനനിരതമാകുമ്പോള്‍ അതു തന്‍റെ ലോകമായിത്തീരുന്നു. അതല്ലാതെ മറ്റൊന്നും തന്നെ ബാധിക്കാത്ത അവസ്ഥ കൈവരുന്നു. ആ സമയത്ത് ആ വ്യക്തി അതിന്‍റെ പരിപൂര്‍ണ്ണമായ അറിവും ആസ്വാദനവും മാത്രമായിരിക്കും നുകരുന്നത്.

ധ്യാനം പരിശീലിക്കുവാനായി വരുന്ന പലരും പറയുന്ന ഒരു പരാതിയുണ്ട്, എനിക്ക് ഏകാഗ്രത കിട്ടുന്നില്ല എന്ന്. എന്തു കൊണ്ടാണ് ഏകാഗ്രത ലഭിക്കാത്തതെന്നു ചോദിച്ചാല്‍ ഉത്തരവും ഉണ്ടായിരിക്കില്ല.അലസമായി ചെയ്യുന്ന ഒരു വിഷയത്തിലും ഏകാഗ്രത നേടിയെടുക്കുവാന്‍ സാധിക്കില്ല. ചടങ്ങുപോലെ ചെയ്യുന്ന അനുഷാഠാനപ്രക്രിയയിലൂടെയും ഏകാഗ്രത സിദ്ധിക്കില്ല. എന്തോ പുതിയ ഒന്നിനെ തേടുമ്പോള്‍ മാത്രമേ മനസ് പൂര്‍ണ്ണ ശ്രദ്ധയോടെയും ആകാംക്ഷയോടെയും അതില്‍ത്തന്നെ നില നില്‍ക്കുകയുള്ളൂ. അതിനാല്‍ ധ്യാന പരിശീലനത്തില്‍ അന്വേഷണം ആവശ്യം തന്നെയാണ്. പുതിയതൊന്നും തിരയേണ്ടതില്ല. ശാന്തി, സ്നേഹം, ആനന്ദം, ശക്തി എന്നിങ്ങനെ എന്തെല്ലാം അനുഭവങ്ങളെയാണോ ബാഹ്യലോകത്തില്‍ തിരഞ്ഞിരുന്നത്, അതുതന്നെയാണ് ആന്തരീക ലോകത്തില്‍ തിരഞ്ഞു കണ്ടെത്തേണ്ടത്. അത് തിരയേണ്ട സ്ഥലം സ്വന്തം ഉള്ള് തന്നെയാണ്.

സിനിമ കണ്ടിരിക്കുന്ന സമയത്ത് നമ്മള്‍ പൂര്‍ണ്ണമായും സിനിമയില്‍ മുഴുകുന്നതോടെ തിയേറ്ററിനെക്കുറിച്ചോ താനിരിക്കുന്ന കസേരയെക്കുറിച്ചോ തന്നെക്കുറിച്ചോ പോലും ചിന്തയില്ലാതെ സിനിമയിലെ സാങ്കല്‍പ്പിക ലോകത്തിലെ വിഷയങ്ങളില്‍ മുഴുകിപ്പോകാറില്ലേ. ആ സമയത്ത് ആ സാങ്കല്‍പ്പിക കഥ താങ്കളില്‍ വിവിധ വികാരഭാവങ്ങളെ സൃഷ്ടിക്കാറുമില്ലേ. അതുപോലെ താങ്കള്‍ ജീവിക്കുന്നിടത്തെ ഭൗതിയ യാഥാര്‍ത്ഥ്യം ദുഖം നിറഞ്ഞതാണെങ്കില്‍ പോലും താങ്കളുടെ സങ്കല്‍പ്പ തലത്തില്‍ ശാന്തിയെക്കുറിച്ചാണ് ചിന്തയെങ്കില്‍ ശാന്തി അനുഭവമാകും. താങ്കളുടെ മുമ്പില്‍ എന്തു നടക്കുന്നു എന്നതിലുപരി താങ്കളുടെ മനസില്‍ എന്തു നടക്കുന്നു എന്നതിനാണിവിടെ പ്രാധാന്യം. താന്‍ ധ്യാനിക്കുന്ന വിഷയത്തില്‍ അനുസ്യൂതം സങ്കല്‍പ്പങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കണം. അല്ലാത്തപക്ഷം ധ്യാനം പലപല ചിന്തകളായോ നിദ്രയായോ പരിണമിക്കും.

ധ്യാനത്തില്‍ ഏകാഗ്രത കൈവരിക്കണമെങ്കില്‍

🌹🌹🌹🌹🌹🌹🌹🌹 1. ധ്യാനത്തില്‍ അല്ലാത്ത സമയത്തും മനസിനെ അധികം അലയാന്‍ വിടരുത് 2. അധിക സംസാരം, അലസ സംസാരം എന്നിവ ഒഴിവാക്കണം 3. അമിതമായി ലോക വിഷയങ്ങള്‍ മനസില്‍ നിറക്കരുത് 4. കഥകളിലും സിനിമകളിലും മറ്റും കാണുന്ന ജീവിതം പോലെ ജീവിക്കാന്‍ ശ്രമിക്കരുത് 5. ആരേയും വേദനിപ്പിക്കരുത്, ആരിലും (ഒന്നിലും) ആസക്തരാകരുത് 6. ലക്ഷ്യമില്ലാത്ത ജീവിതം നയിക്കരുത് 7. അമിത ഭക്ഷണം, അമിത നിദ്ര എന്നിവ അരുത് 8. ആരോടും വെറുപ്പും വിദ്വേഷവും വെച്ച് പുലര്‍ത്തരുത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ