2020, മേയ് 26, ചൊവ്വാഴ്ച

സുസൂക്ഷ്മം


സുസൂക്ഷ്മം അത്യന്തസൂക്ഷ്മം സൂക്ഷ്മത കൂടുന്തോറും വ്യാപകത്വം കൂടും. എല്ലാറ്റിനേയും വ്യാപിച്ചു നിൽക്കുന്നത് എല്ലാറ്റിനേക്കാളും സൂക്ഷ്മമാവണമല്ലോ.

അന്തർബഹിഃശൂന്യം അകവും പുറവുമില്ലാത്തത്. എല്ലായിടത്തും വ്യാപിച്ച് എല്ലാമായി സ്ഥല കാല വസ്തു പരിമിതികളില്ലാതെ, നിത്യമായി ഏകവും അദ്വിതീയവുമായിരിക്കുന്ന പരമാത്മതത്ത്വത്തിന് അകമെന്നോ പുറമെന്നോ ഉള്ള വ്യത്യാസം എങ്ങനെ കൽപ്പിക്കാനാണ്?

അനന്യം ആത്മനഃ തന്നിൽനിന്നന്യമല്ലാത്തത് സ്വസ്വരൂപം അങ്ങകലെ നമുക്ക് വെളിയിൽ എവിടെയോ സ്ഥിതിചെയ്യുന്ന ഒരു വസ്തുവല്ല, നമ്മുടെ യഥാർത്ഥ സ്വരൂപം തന്നെയാണത്. ഈ പരമതത്ത്വത്തെ ആത്മഭാവത്തിൽ അനന്യമായി സാക്ഷാത്കരിക്കണം.

പറയപ്പെട്ട, പരമാത്മതത്ത്വം തന്റെ സ്വരൂപംതന്നെയെന്ന് നല്ലപോലെ അറിഞ്ഞവൻ ശോകമറ്റവനായി ഭവിക്കുന്നു. എനിക്ക് എന്നെ അറിയാവുന്നത്രയും വ്യക്തമായി ഒരു വസ്തുവിനെ അറിയാമെന്നു വന്നാൽ അതിനെക്കുറിച്ച് പിന്നെ യാതൊരു സംശയത്തിനും അവകാശമില്ലല്ലോ. നൂറുകണക്കിനാൾക്കാർ ഒന്നിച്ചുവന്ന് നിങ്ങൾ സ്വാമി ഗോവിന്ദാനന്ദനാണെന്ന് എന്നോട് പറയുകയാണെന്നിരിക്കട്ടെ. എന്നെപ്പറ്റി എനിക്ക് അതുമൂലം വല്ല സംശയവുമുണ്ടാകുമോ? അവർക്കെന്തോ തകരാറുണ്ടെന്നേ ഞാൻ കരുതൂ.

ഏതെങ്കിലും ഒരു വസ്തുവിനെക്കുറിച്ച് ചിലർ മറിച്ച് അഭിപ്രായം പറയുകയാണെങ്കിൽ എനിക്ക് സംശയമുദിച്ചേക്കാം. പക്ഷെ എന്നെപ്പറ്റി എനിക്കൊരിക്കലും സംശയമുണ്ടാവില്ല. അതുപോലെ സംശയാതീതവും സുദൃഢവുമായിത്തീരണം ആത്മജ്ഞാനം. ഉപനിഷദ് ഋഷിമാരോ വേദാന്താചാര്യന്മാരോ പറയുന്നതുകൊണ്ട് മാത്രമായില്ല. അത് നമ്മുടെ ഓരോരുത്തരുടേയും സ്വന്തം അറിവാകണം ദൈനംദിന ജീവിതത്തിൽ ഈ പരമസത്യം നമുക്ക് നിരന്തരം അനുഭവിക്കാറാവണം.

വിപാപ്മാ വിരജഃ ഇപ്രകാരം ആത്മതത്ത്വം സാക്ഷാത്കരിച്ച പുണ്യവാനായ ജ്ഞാനി സർവ്വപാപങ്ങളിൽ നിന്നും മുക്തനാകുന്നു (വിപാപ്മ) മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന അധാർമ്മികവാസനകളെയാണ് പാപമെന്നു പറയുന്നത്. ജ്ഞാനിയുടെ മനസ്സിൽ അത്തരം പാപവാസനകൾക്ക് സ്ഥാനമില്ല. അതിനാൽ അയാൾ വിരാജനായി (രജോമാലിന്യരഹിതനായി) ഭവിക്കുന്നു. പുണ്യവാസനകൾ പോലും ശാന്തിയെ ഭഞ്ജിക്കുമെന്നതിനാൽ അവയും വർജ്ജ്യങ്ങൾ തന്നെയാണ്. ബ്രഹ്മാനന്ദാനുഭൂതിയാകുന്ന പരമപ്രശാന്തിക്ക് പാപവും പുണ്യവും ഒരുപോലെ ഹേതുക്കളാണ്. പരമപാവനമായ ആത്മാവിന്റെ പരിശുദ്ധഭാവത്തിന് അവ കളങ്കങ്ങളുമാണ്. അതിനാൽ ജ്ഞാനി അവ രണ്ടിനേയും വിടുന്നു.

വിമൃത്യുഃ -ആത്മജ്ഞാനി മരണത്തെ തരണം ചെയ്യുന്നു. മരണം കൊണ്ടുദ്ദേശിക്കുന്നത് പരിണാമത്തെയാണ്. ബ്രഹ്മാനുഭൂതി ശരീരമനോബുദ്ധികൾ കൊണ്ടല്ലല്ലോ. ഈ ഉപാധികൾ സദാ പരിണാമങ്ങൾക്കു വിധേയമാണ്. അതിനാൽ അവയിലൂടെ ലഭ്യമാകുന്ന അനുഭവങ്ങൾ സ്ഥായിയല്ല; നശ്വരമാണ്. ജ്ഞാനിയാകട്ടെ ഇത്തരം നശ്വരാനുഭവങ്ങളെ ആശ്രയിച്ചല്ല വർത്തിക്കുന്നത്. അതിനാൽ പരിണാമങ്ങൾക്ക് അതീതൻ എന്ന അർത്ഥത്തിൽ വിമൃത്യു എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.

ആത്മസാക്ഷാത്കാരമാകുന്ന പരിപൂർണ്ണത അനുഭവിക്കുന്ന മഹാത്മാവിനെ സംബന്ധിച്ചിടത്തോളം ഇന്ദ്രിയ മനോബുദ്ധികളും അവയ്ക്ക് വിഷയമായ ജഗത്തും അതിലെ നശ്വരാനുഭവങ്ങളുമെല്ലാം അയഥാർത്ഥങ്ങളായിത്തീരുന്നു. പുണ്യമോ പാപമോ ആയ വാസനകളിൽനിന്ന് വിമുക്തനായ ജ്ഞാനി മാനസിക നിലവാരത്തിലല്ല വർത്തിക്കുന്നത് എന്നതിനാൽ അദ്ദേഹത്തിന്റേത് പരിണാമവിധേയമല്ലാത്ത മൃത്യുരഹിതമായ അവസ്ഥയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ