ഒരുവനറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസങ്ങളിലൊന്ന് അറിവും (knowledge) അറിഞ്ഞു കൊണ്ടിരിക്കലും (knowing) തമ്മിലുള്ളതാണ്.
അറിവ് വില കുറഞ്ഞതും നേടിയെടുക്കാൻ എളുപ്പവുമാണ്. എന്നാൽ അറിഞ്ഞ് കൊണ്ടിരിക്കലാകട്ടെ വിലയേറിയതും അപകട സാധ്യതയുള്ളതും ധൈര്യം ആവശ്യപ്പെടുന്നതുമാണ്. അറിവ് അങ്ങാടിയിൽ ലഭ്യമാണ്. അറിവിന് വേണ്ടി പ്രത്യേക കമ്പോളങ്ങൾ - ഉദാഹരണത്തിന് സർവകലാശാലകളും കോളേജുകളും അവിടെയുണ്ട്. എന്നാൽ അറിഞ്ഞു കൊണ്ടിരിക്കൽ നിങ്ങൾക്കുള്ളിലല്ലാതെ മറ്റൊരിടത്തും സാധ്യമല്ല. അറിഞ്ഞു കൊണ്ടിരിക്കുകയെന്നത് നിങ്ങളുടെ പ്രത്യേക സിദ്ധിയാണ്. അതേ സമയം അറിവ് നിങ്ങളുടെ ഓർമയാണ്. ഓർമയെന്നത് മനസിന്റെ പ്രവർത്തിയാണ്. ഏതൊരു കമ്പ്യൂട്ടറിനും അതെളുപ്പത്തിൽ ചെയ്യാൻ കഴിയും. അറിവെല്ലായ്പ്പോഴും കടമെടുക്കപ്പെട്ടതാണ്. അത് നിങ്ങളുടെ ആത്മാവിൽ വിടരുന്ന ഒരു പുഷ്പമല്ല, അത് നിങ്ങളിലേക്കടിച്ചേല്പിക്കപ്പെട്ട പ്ലാസ്റ്റിക് പോലുള്ള എന്തോ ഒന്നാണ്. അറിവിന് വേരുകളില്ല. അത് വളരുകയില്ല. അത് ജഡ വസ്തുക്കളുടെ ഒരു ശേഖരമാണ്. എന്നാൽ അറിഞ്ഞു കൊണ്ടിരിക്കൽ നിരന്തരമായൊരു വളർച്ചയാണ്. അതൊരു ജൈവ പ്രക്രിയയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ അറിഞ്ഞ് കൊണ്ടിരിക്കൽ നിങ്ങളുടെ ബോധവുമായി.. അതിന്റെ പരിണാമവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതേ സമയം അറിവ് നിങ്ങളുടെ മനസുമായും ഓർമിക്കാനുള്ള അതിന്റെ കഴിവുമായും ബന്ധപ്പെട്ടിരിക്കുന്നു.
ഈ വാക്കുകൾ - ഇവ രണ്ടും ഒരു പോലെയുള്ളവയാണെന്ന് തോന്നിപ്പിക്കും. അത് ഈ ലോകത്തിൽ വളരെയധികം ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. അറിവ് എളുപ്പത്തിൽ നേടിയെടുക്കാൻ കഴിയും. നിങ്ങൾക്കത് പുസ്തകങ്ങളിൽ നിന്നോ അദ്ധ്യാപകരിൽ നിന്നോ പുരോഹിതരിൽ നിന്നോ നേടിയെടുക്കാൻ കഴിയും. അറിവ് നേടിയെടുക്കാൻ ആയിരക്കണക്കിന് വഴികളവിടെയുണ്ട്. എന്നാൽ അതൊരു നിർജ്ജീവമായ ശേഖരമാണ്.
ഓർമിക്കേണ്ട പ്രധാന കാര്യമിതാണ്: നിങ്ങളുടെ എല്ലാ അറിവുകളും - അവയെത്ര തന്നെ മഹത്തരമായാലും ശരി - അവ നിങ്ങളുടെ അജ്ഞതയ്ക്ക് യാതൊരു മാറ്റവുമുണ്ടാക്കുന്നില്ല. നിങ്ങളുടെ അജ്ഞത അതേപടി നിലനിൽക്കും. അതുണ്ടാക്കുന്ന ഒരേയൊരു വ്യത്യാസം അത് നിങ്ങളുടെ അജ്ഞതയെ മൂടി വയ്ക്കുന്നുവെന്നത് മാത്രമാണ്. നിങ്ങൾ അറിവുള്ളവനായി കഴിഞ്ഞുവെന്ന് നിങ്ങൾക്ക് ലോകത്തിന്റെ മുമ്പിൽ നടിക്കാൻ കഴിയും. എന്നാൽ നിങ്ങളുടെ ഉള്ളിന്റെയുള്ളിൽ അന്ധകാരം മാത്രമേയുള്ളൂ. കടമെടുക്കപ്പെട്ട വാക്കുകൾക്ക് പുറകിൽ യാതൊരു അനുഭവ ജ്ഞാനവുമവിടെയില്ല. അറിഞ്ഞു കൊണ്ടിരിക്കൽ നിങ്ങളുടെ അജ്ഞതയെ അകറ്റുന്നു. അത് ഇരുട്ടിനെ ഇല്ലാതാക്കുന്ന വെളിച്ചത്തെ പോലെയാണ്.
സരതുഷ്ട്രൻ: ആത്മ ദർശനത്തിന്റെ പ്രവാചകൻ) എന്ന പുസ്തകത്തിൽ നിന്നും.
Nice blog. Like it
മറുപടിഇല്ലാതാക്കൂ